ട്രഷറി: ഇന്നലെ ചോദിച്ചത് 80.69 കോടി; കിട്ടിയത് 70.79

തിരുവനന്തപുരം: ചൊവ്വാഴ്ചയിലെ അവധിയെ തുടര്‍ന്ന് ആവശ്യക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിരുന്നെങ്കിലും ട്രഷറികള്‍ ആവശ്യപ്പെട്ട പണം ബുധനാഴ്ചയും നല്‍കാനായില്ല. 80.69 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും കിട്ടിയത് 70.79 കോടി. ചോദിച്ച തുക മുഴുവന്‍ കിട്ടിയത് ഇടുക്കി (2.1 കോടി), എറണാകുളം (7.76 കോടി), കാസര്‍കോട് (1.8 കോടി) ജില്ലകള്‍ക്ക് മാത്രമാണ്. ഏറ്റവും കുറവ് തുക ആവശ്യപ്പെട്ടത് വയനാട് ജില്ലയാണ്; 70 ലക്ഷം. 55 ലക്ഷം വിതരണത്തിനത്തെിച്ചു.

ബുധനാഴ്ച 36,000 പേര്‍ പെന്‍ഷന്‍ വാങ്ങി. 70 കോടി രൂപയാണ് ഈയിനത്തില്‍ വിതരണം ചെയ്തത്. 8000 പേര്‍ ശമ്പള അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചു. ഇത് 30 കോടി വരും. ഇവയടക്കം 107 കോടിയുടെ ഇടപാടാണ് ബുധനാഴ്ച ട്രഷറികളില്‍ നടന്നത്. മുന്‍ദിവസത്തെ ബാക്കി കൂടി ഇതിനായി ഉപയോഗപ്പെടുത്തി.
ട്രഷറികളിലും ബാങ്കുകളിലും ലഭിക്കുന്നത് 2000 രൂപയുടെ നോട്ടുകളാണെന്നും ഇത് ചില്ലറയാക്കുന്നതിന് ബുദ്ധിമുട്ടുന്നെന്നും പരാതിയുണ്ട്.\

മുന്‍ദിവസങ്ങളെ അപേക്ഷിച്ച് ബാങ്കുകളില്‍ ശമ്പളമെടുക്കാനത്തെിയവരുടെ എണ്ണവും ബുധനാഴ്ച കൂടുതലായിരുന്നു. നഗരത്തില്‍ ഭൂരിഭാഗം ശാഖകളും 24,000 രൂപ നല്‍കിയപ്പോള്‍ ഗ്രാമീണമേഖലയില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. മതിയായ അളവില്‍ നോട്ട് കിട്ടാതായതോടെ 18,000-20,000 രൂപയില്‍ പലയിടങ്ങളിലും പിന്‍വലിക്കല്‍ പരിമിതപ്പെട്ടു.

എസ്.ബി.ടിക്ക് കഴിഞ്ഞദിവസം 300 കോടിയുടെ നോട്ടാണ് ലഭിച്ചത്. ഇത് പൂര്‍ണമായും ശാഖകള്‍ക്ക് വിതരണം ചെയ്തിരുന്നു. നോട്ട്നിയന്ത്രണം പ്രഖ്യാപിച്ചിട്ട്  മാസം തികയാന്‍ ഒരുദിവസം മാത്രം ശേഷിക്കെയും  മതിയായ നോട്ട് ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്കിന് കഴിഞ്ഞിട്ടില്ല.  

ബാങ്കുകളില്‍ സൈ്വപ്പിങ് മെഷീനായി (പി.ഒ.എസ് മെഷീന്‍) എത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ചെറുകിട വ്യാപാരികളടക്കം അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയാണ്. പി.ഒ.എസ് വഴിയുള്ള ഇടപാടിന് നേരിയ കമീഷന്‍ ബാങ്കിന് ലഭിക്കും. ഇക്കാരണത്താല്‍ നേരത്തേ വ്യാപാരികള്‍ പി.ഒ.എസിനോട് വിമുഖത കാണിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമായതോടെ സ്ഥിതി മാറിയിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.

Tags:    
News Summary - money crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.