കൊച്ചി: സിനിമ സെറ്റുകളിലെ ആഭ്യന്തര പരാതിപരിഹാര സെല്ലിനായി 27 അംഗങ്ങളെ ഉൾപ്പെടുത്തി മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചു. കൊച്ചിയിൽ ഫിലിം ചേംബറിന്‍റെ അധ്യക്ഷതയിൽ വനിത കമീഷൻ അധ്യക്ഷ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. 'അമ്മ', ഡബ്ല്യു.സി.സി തുടങ്ങിയ ഒമ്പത് സംഘടനകളിൽനിന്ന് മൂന്നുപേരെ മോണിറ്ററിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.
ഒരുമാസത്തിനുള്ളിൽ ഐ.സി.സി പ്രവർത്തനം തുടങ്ങും. ഓരോ സെറ്റിലും നാലുപേരടങ്ങുന്ന ആഭ്യന്തര പരാതിപരിഹാര സെല്ലുണ്ടാകും. 'അമ്മ' സംഘടനയിൽ ആഭ്യന്തര പരാതിപരിഹാര സെൽ പുനഃസ്ഥാപിച്ചുവെന്ന് സംഘടനയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്ത ദേവീചന്ദന അറിയിച്ചു. അമ്മയിലെ പഴയ ഐ.സി.സിക്ക് മുന്നിലുണ്ടായിരുന്ന പരാതി പുതിയ ഐ.സി.സി പരിഗണിക്കുമെന്ന് വനിത കമീഷൻ അധ്യക്ഷ പി. സതീദേവി അറിയിച്ചു.
ഡബ്ല്യു.സി.സി നിയമപോരാട്ടത്തെ തുടർന്നാണ് മാർച്ചിൽ സിനിമ ഷൂട്ടിങ് ലൊക്കേഷനുകളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ആഭ്യന്തര പരാതിപരിഹാര സെൽ വേണമെന്ന് ഹൈകോടതി വിധി വന്നത്. തുടർന്ന് വനിത കമീഷൻ വിളിച്ച യോഗത്തിൽ സെൽ രൂപവത്കരിക്കുമെന്ന് വിവിധ സംഘടനകൾ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം വന്നതിനുപിന്നാലെ 'അമ്മ' സംഘടനയും അവരുടെ പരാതിപരിഹാര സെൽ പിരിച്ചുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.