കാലവർഷം ഉടൻ: നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കാലവർഷം തുടങ്ങുമെന്നാണ് വിലയിരുത്തൽ. തെക്കൻ തമിഴ്നാടിൽ ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്‍റെ ഫലമായി സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപകമായ ഇടത്തരം മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂൺ ഒന്ന് വരെ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അതിതീവ്ര മഴയാണ് കഴിഞ്ഞ ദിവസം വിവിധ ജില്ലകളിൽ ലഭിച്ചത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ജൂൺ മാസത്തിലും കേരളത്തിൽ സാധാരണ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് നിലവിൽ മൺസൂണിന് മുമ്പുള്ള മഴയാണ് അനുഭവപ്പെടുന്നതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശ്ശൂർ എന്നിവിടങ്ങളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.

കേരള തീരത്ത് ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 3.0 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Tags:    
News Summary - Monsoon soon: Orange alert in four districts today; Chance of heavy rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.