photo: പി.ബി. ബിജു

കാലവർഷം മേയ് 31ന് കേരളത്തിലെത്തും; 10 ജില്ലകളിൽ മഞ്ഞ അലർട്ട്‌

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവർഷം അഥവ എടവപ്പാതി മേയ് 31ന് കേരളത്തിലെത്തും. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ നാലു ദിവസം വരെ വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അന്തമാനിൽ 19നാണ് കാലവർഷം എത്തുക.

കേരളത്തിൽ എത്തുന്ന കാലവർഷം തുടർന്ന് വടക്കോട്ട് സഞ്ചരിച്ച് ജൂലൈ 15ഓടെ രാജ്യത്താകെ വ്യാപിക്കും. കേരളത്തിൽ കാലവർഷം എത്തുന്ന തീയതി അടിസ്ഥാനമാക്കിയാണ് രാജ്യത്തെ കാലവർഷത്തിന്‍റെ പുരോഗതി നിർണയിക്കുന്നത്.

സാധാരണഗതിയില്‍ സംസ്ഥാനത്ത് കാലവർഷം എത്തുന്നത് ജൂണ്‍ ഒന്നിനും അന്തമാനിൽ 22നുമാണ്. കഴിഞ്ഞ വർഷം ജൂൺ എട്ടിനാണ് കാലവർഷം കേരളത്തിലെത്തിയത്.

അതേസമയം, കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മേയ്‌ 19ന് അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്. അതിനാൽ, മേയ്‌ 17, 18, 19 തീയതികളിൽ തിരുവനന്തപുരം ഉൾപ്പെടെ 10 ജില്ലകളിൽ മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്‌.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ തെക്കൻ കേരള തീരത്ത് മേയ്‌ 16ന്‌ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും ലക്ഷദ്വീപ് പ്രദേശത്തും കർണാടക തീരത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags:    
News Summary - Monsoon will arrive in Kerala on May 31; Yellow alert in 10 districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.