തിരുവനന്തപുരം: സഹകരണബാങ്കുകളിലെ വായ്പകുടിശ്ശികകള്‍ക്ക് സര്‍ക്കാര്‍ നാലുമാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. നോട്ട് അസാധുവാക്കല്‍ മൂലം വായ്പതുക തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സഹകരണബാങ്കുകള്‍/സഹകരണസംഘങ്ങള്‍ വഴി വിതരണം ചെയ്ത വായ്പകളുടെ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചത്. മാര്‍ച്ച് 31വരെ എല്ലാ ജപ്തിനടപടികളും പിഴ ഈടാക്കലും നിര്‍ത്തിവെക്കും. ജപ്തി നടപടികളിലേക്ക് നീങ്ങിയ വായ്പകള്‍ക്കാണ് മൊറട്ടോറിയം. കാര്‍ഷികവായ്പ ഉള്‍പ്പെടെയുള്ള എല്ലാത്തരം വായ്പകള്‍ക്കും ഇത് ബാധകമായിരിക്കും.
ലാസ്റ്റ് ഗ്രേഡ് സര്‍വിസിലെ തസ്തികകളുടെ യോഗ്യത പരിഷ്കരിച്ച് പുറപ്പെടുവിച്ച ഉത്തരവിന് 2011 ജൂലൈ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയ മുന്‍ സര്‍ക്കാറിന്‍െറ നടപടി മന്ത്രിസഭയോഗം റദ്ദാക്കി. 2016 ജൂണ്‍ നാലിന് ശേഷമുള്ള വിജ്ഞാപനങ്ങള്‍ക്കുമാത്രമേ ഭേദഗതി ബാധകമാവൂ. സംരക്ഷിതഅധ്യാപകരുടെ പുനര്‍വിന്യാസം, സ്കൂളുകളിലെ തസ്തികനിര്‍ണയം എന്നിവയുടെ കാര്യത്തില്‍ കേരള വിദ്യാഭ്യാസചട്ടത്തില്‍ ഭേദഗതി വരുത്തും.
കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ഈ അധ്യയനവര്‍ഷം 20 സീറ്റുകള്‍കൂടി അനുവദിക്കും. പാലക്കാട് മെഡിക്കല്‍ കോളജില്‍ 281 തസ്തികകളും സൃഷ്ടിക്കും. ഇവിടെ 38 അധ്യാപകരെ നിയമിക്കും.
എസ്. ശിവദാസ്, എ. നിസാം, ജോമി അനു ഐസക്, കെ. മീര ജോണ്‍, ജെ. ശ്രീജ , എല്‍. കണ്ണന്‍ , എസ്.വി. മനേഷ്, എ.ആര്‍. കാര്‍ത്തിക, ടി.കെ. സന്തോഷ്, കെ. കാര്‍ത്തിക, എം.ആര്‍. ദിലീപ്, എ.അനീസ, പി. നിജേഷ്കുമാര്‍, പി. അരുണ്‍കുമാര്‍, എം.എസ്. ഷൈനി, സൂര്യ എസ്. സുകുമാരന്‍, ആര്‍. കൃഷ്ണപ്രഭന്‍, ബി. ശാലിനി, ജൈബി കുര്യാക്കോസ്, സുമി ചന്ദ്രന്‍ എന്നിവരെ മുന്‍സിഫ് മജിസ്ട്രേറ്റുമാരായി നിയമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.