പാവറട്ടി: പെരുവല്ലൂര്‍ മദര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ പ്രിന്‍സിപ്പലിനെ മാറ്റി. ഇതോടെ മൂന്നുദിവസമായി തുടരുന്ന വിദ്യാര്‍ഥി സമരം അവസാനിച്ചു. പകരം വൈസ് പ്രിന്‍സിപ്പല്‍ സി.വി. മിനിക്ക് ചുമതല നല്‍കി. വിദ്യാര്‍ഥികളോട് മോശമായി പെരുമാറി, അമിത ഫീസ് ഈടാക്കുന്നു, ഹോസ്റ്റലില്‍ ശുദ്ധജലം ഇല്ല, കിടപ്പുമുറികളിലടക്കം കാമറകള്‍ സ്ഥാപിച്ചു, രോഗബാധിതനായ വിദ്യാര്‍ഥിക്ക് മതിയായ ചികിത്സ നല്‍കിയില്ല എന്നീ കാരണങ്ങള്‍ ആരോപിച്ചാണ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ആര്‍.യു. അബ്ദുല്‍ സലീമിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായത്തെിയത്. ഇദ്ദേഹത്തെ മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
പ്രിന്‍സിപ്പലിനെ മാറ്റി പകരം വൈസ് പ്രിന്‍സിപ്പലിന് ചാര്‍ജ് കൈമാറിയതായ കത്ത് മാനേജ്മെന്‍റ് പ്രതിനിധി, സി.ഐ ഇ. ബാലകൃഷ്ണന് നല്‍കിയതോടെയാണ് ഒത്തുതീര്‍പ്പിന് കളമൊരുങ്ങിയത്. വിദ്യാര്‍ഥികളോട് സി.ഐ വിവരം അറിയിച്ചതോടെ സമരം പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ഥികളും സംഘടനകളും ആഹ്ളാദപ്രകടനം നടത്തി.
കെ.എസ്.യു, എം.എസ്.എഫ്, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എന്നിവരുള്‍പ്പെടെ സംയുക്ത സമരസമിതിയാണ് അനിശ്ചിതകാല സമരവും റിലേ നിരാഹാര സമരവും നടത്തിയത്. വെള്ളിയാഴ്ച യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, എം.എസ്.എഫ്, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എ.ഐ. വൈ.എഫ്, എ.ഐ.എസ്.എഫ് എന്നിവരുടെ നേതൃത്വത്തില്‍ കോളജിലേക്ക് മാര്‍ച്ച് നടന്നു. മാര്‍ച്ചില്‍ ചെറിയ സംഘര്‍ഷമുണ്ടായെങ്കിലും നേതാക്കളുടെ ഇടപെടല്‍മൂലം ശാന്തമായി. വിദ്യാര്‍ഥിനികളുടെ പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെതിരെ നിലനില്‍ക്കുന്ന വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പാവറട്ടി എസ്.ഐ ചെയര്‍മാനായ കമ്മിറ്റി തിങ്കളാഴ്ച കോളജില്‍ യോഗം ചേരും. കാമ്പസില്‍ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുന്നതും ചര്‍ച്ചയില്‍ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.