തിരുവനന്തപുരം: കൈമടക്കിനും ഇടനിലക്കാർക്കും വഴിയൊരുക്കി, കരിമ്പട്ടികയിൽ നിന്ന് വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സങ്കീർണമാക്കി മോട്ടോർ വാഹനവകുപ്പ്. ഓൺലൈൻ വഴി പിഴയൊടുക്കുന്ന വാഹനങ്ങളെ സോഫ്റ്റ്വെയർ സഹായത്തോടെ പട്ടികയിൽ നിന്ന് ഒഴിവാക്കാമെന്നിരിക്കെ, ലൈസൻസും ഉടമസ്ഥാവകാശം മാറ്റലും പോലെ അനൗദ്യോഗികമായി മറ്റൊരു ‘സേവന’ മാക്കിയിരിക്കുകയാണ് മോട്ടോർ വാഹനവകുപ്പ്.
ബ്ലാക്ക്ലിസ്റ്റ് മാറാൻ പിഴയടച്ച ശേഷം വാഹനം ഏത് ഓഫിസിലാണോ രജിസ്റ്റർ ചെയ്തത് (മദർ ഓഫിസ്) അവിടെ അപേക്ഷിക്കണം. പണമടച്ച രസീത് ഓഫിസിലെ ക്ലർക്ക് സ്കാൻ ചെയ്ത് സിസ്റ്റത്തിൽ നൽകും. അത് സൂപ്രണ്ട് വെരിഫൈ ചെയ്യണം. ഒടുവിൽ ജോയന്റ് ആർ.ടി.ഒ ഇഷ്യൂ ചെയ്യുകയും ചെയ്താലേ കരിമ്പട്ടിക മാറിക്കിട്ടൂ. സോഫ്റ്റ്വെയർ ചെയ്തിരുന്ന കാര്യം ഇത്തരത്തിൽ ഉദ്യോഗസ്ഥരുടെ അധികാരവും സേവനവുമായി മാറിയതോടെ, കൈമടക്കും അനൗദ്യോഗിക ഉപാധിയാകുകയാണ്.
രജിസ്റ്റർ ചെയ്ത ജില്ലകളിലാകില്ല ചില വാഹനങ്ങളുണ്ടാകുന്നത്. എവിടെയാണെങ്കിലും വാഹന ഉടമ ഇതിനായി മദർ ഓഫിസിലേക്കെത്തണം. ഉടമകൾ നേരിടുന്ന ഈ അസൗകര്യമാണ് ഇടനിലക്കാർക്കും ഉദ്യോഗസ്ഥർക്കും അവസരമാകുന്നത്. വാഹൻ സോഫ്റ്റ്വെയർ വന്നതോടെയാണ് അതുവരെ പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഓൺലൈനായി പിഴയൊടുക്കിയ ശേഷം കുറ്റം രജിസ്റ്റർ ചെയ്തത് ഓഫിസിലേക്ക് മെയിൽ ചെയ്താൽ പട്ടികയിൽ നിന്ന് ഒഴിവാക്കുമായിരുന്നു.
പിന്നീട്, കുറ്റം രജിസ്റ്റർ ചെയ്ത ഓഫിസിനൊപ്പം വാഹനം രജിസ്റ്റർ ചെയ്ത ഓഫിസ് കൂടി പരിഗണിച്ചു. രണ്ടാഴ്ച മുമ്പാണ് മദർ ഓഫിസ് മാത്രമായി നിജപ്പെടുത്തിയത്. ചെക്പോസ്റ്റ് കടക്കുന്ന കോണ്ട്രാക്റ്റ് കാര്യേജ് വാഹനങ്ങളില്‍നിന്ന് 105 രൂപ സര്‍വിസ് വാങ്ങാന്‍ അധികൃതര്‍ വിട്ടുപോയിരുന്നു. ഇത്തരത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം സർവിസ് ഫീസ് അടക്കാതിരുന്ന വാഹനങ്ങളും കരിമ്പട്ടികയിലാണ്. സംസ്ഥാനത്തെ 60 ശതമാനത്തോളം കോണ്ട്രാക്റ്റ് കാര്യേജ് വാഹനങ്ങള്‍ക്ക് വിവിധ ചെക്പോസ്റ്റുകളിലായി സര്‍വിസ് ചാര്‍ജ് കുടിശ്ശികയുണ്ട്.
കരിമ്പട്ടികയിൽപെട്ടതറിയാതെ മറ്റ് സേവനങ്ങൾക്ക് പണമടച്ച് അപേക്ഷ സമർപ്പിക്കുന്നവരും വെട്ടിലാകുന്നു. ഈ അപേക്ഷ റദ്ദാക്കിയാൽ മാത്രമേ, കരിമ്പട്ടികയിൽ നിന്ന് നീക്കാനുള്ള നടപടികളിലേക്ക് കടക്കാനാകൂ. അപേക്ഷ റദ്ദാക്കുന്നതോടെ, അടച്ച തുക നഷ്ടപ്പെടും. റീഫണ്ട് ലഭിക്കുമെന്നാണ് പറയുന്നതെങ്കിലും ട്രഷറിയിലേക്ക് പോയ പണം തിരികെക്കിട്ടാനുള്ള കടമ്പകൾ നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.