കഴക്കൂട്ടം (തിരുവനന്തപുരം): മതനിരപേക്ഷതയുടെ ഏറ്റവും വലിയ വിളനിലമാണ് വിദ്യാലയങ്ങളെന്നും ഇത് അപകടപ്പെടുത്താനുള്ള ബോധപൂർവമായ നീക്കങ്ങൾ പല കേന്ദ്രങ്ങളിൽനിന്ന് ഉയരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ.
കഴക്കൂട്ടം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജാതി മതസ്ഥരും ഒരേ കുടുംബത്തിൽപ്പെട്ട സഹോദരങ്ങളെപ്പോലെയാണ് സ്കൂളിൽ കഴിയുന്നത്. അവർ ഒന്നിച്ചു കളിക്കുകയും പഠിക്കുകയും ബഹളമുണ്ടാക്കുകയുമൊക്കെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതനിരപേക്ഷത സംരക്ഷിക്കാനുള്ള ജാഗ്രതയോടെയുള്ള ഇടപെടൽ ആവശ്യമാണ്. ഇതിനായി ശാസ്ത്രീയചിന്ത വളർത്തിയെടുക്കാൻ സ്കൂളുകൾ വലിയ തോതിൽ സഹായിക്കും. പൂക്കളെയും ശലഭങ്ങളെയും പൂത്തുമ്പികളെയും കണ്ടും അവയുമായി സല്ലപിച്ചും വളരുന്ന കുട്ടികൾ ഇതിനെയെല്ലാം സ്നേഹിച്ചുകൊണ്ടാണു വളരുന്നത്. അതു നാളെ സഹജാതരോടുള്ള സ്നേഹമായി വളരും. കുട്ടികൾ കളിക്കുന്നതിന് അവസരം നിഷേധിക്കുന്ന രക്ഷാകർത്താക്കൾ അപൂർവമായെങ്കിലുമുണ്ട്. ഇതു കുട്ടികളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. സംസ്ഥാനത്തെ എല്ലാ സ്കൂളുകളും ഭിന്നശേഷി സൗഹൃദമാകുകയെന്നതു പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒന്നര വർഷത്തോളമായി വീടുകളിലായിരുന്ന വിദ്യാർഥികൾക്ക് വിദ്യാലയത്തിന്റെ പുതുപരിസരം പരിചയപ്പെടുത്തുന്നതിൽ അധ്യാപകർ പ്രത്യേക ശ്രദ്ധവെക്കണമെന്ന് അധ്യക്ഷതവഹിച്ച പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. രണ്ടു വർഷമായി മുടങ്ങിക്കിടന്നിരുന്ന സംസ്ഥാന സ്കൂൾ കലോത്സവം, സ്കൂൾ കായികമേള, ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേള എന്നിവ ഈ വർഷം പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മൂലം മുടങ്ങിയ രണ്ടു വർഷത്തെ ഇടവേളക്കു ശേഷം സ്കൂളുകളിൽ ഉത്സവഛായയിൽ പുതിയ അധ്യയനവർഷത്തിനു തുടക്കം. ആടിയും പാടിയും വിദ്യാർഥികളും അധ്യാപകരും ചേർന്ന് പ്രവേശനോത്സവം ഉത്സവമാക്കി. രണ്ടു വർഷത്തോളം വീടുകളിൽ കഴിയേണ്ടിവന്നതിനാൽ പലരും ചിണുങ്ങിയാണ് രക്ഷാകർത്താക്കളുടെ വിരൽത്തുമ്പിൽ തൂങ്ങി സ്കൂളുകളിലെത്തിയത്. പക്ഷേ, പുതിയ കെട്ടിടങ്ങളും അലങ്കാരങ്ങളുമൊക്കെ കണ്ട് അവരും ആഘോഷങ്ങളിൽ പങ്കുചേർന്നു. സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.സ്കൂളുകളെല്ലാം പി.ടി.എയുടെ നേതൃത്വത്തിൽ അലങ്കരിച്ചിരുന്നു. മന്ത്രിമാരും ജനപ്രതിനിധികളും വിവിധ സ്കൂളുകളിലെ പരിപാടികളിൽ സംബന്ധിച്ചു.
ഒന്നാം ക്ലാസിലെത്തിയ മൂന്നര ലക്ഷത്തിലധികം നവാഗതർ ഉൾപ്പെടെ 42.9 ലക്ഷം വിദ്യാർഥികളാണ് വീണ്ടും സ്കൂളുകളിൽ എത്തിയത്. കോവിഡ് രൂക്ഷതയിൽ കഴിഞ്ഞ രണ്ടു വർഷമായി ഓൺലൈൻ പ്ലാറ്റ്ഫോമിലായിരുന്നു അധ്യയന വർഷാരംഭം. ഡിജിറ്റൽ/ഓൺലൈൻ വിദ്യാഭ്യാസ രീതി തുടർന്നുകൊണ്ടുതന്നെ സ്കൂളുകൾ പ്രവർത്തിപ്പിക്കാനാണ് തീരുമാനം. പരമാവധി വിദ്യാർഥികളെ സ്കൂളുകളിൽ എത്തിച്ച് അധ്യയനം നടത്താനുള്ള ശ്രമത്തിലായിരുന്നു വിദ്യാഭ്യാസവകുപ്പ്. കഴിഞ്ഞ വർഷം 3,48,741കുട്ടികളാണ് സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി പ്രവേശനം നേടിയതെങ്കിൽ ഇക്കുറി അതിലധികം പേരുണ്ടെന്നാണ് കണക്ക്. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും വിദ്യാർഥികളും അധ്യാപകരും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ഭക്ഷണം പങ്ക് വെക്കരുതെന്ന നിർദേശവുമുണ്ട്.
2986 സ്കൂളുകളിലാണ് പ്രവേശനോത്സവം നടന്നത്. പാഠപുസ്തകങ്ങളുടെ ഒന്നാം ഭാഗവും കൈത്തറി യൂനിഫോമുകളും സ്കൂളുകളിൽ എത്തിച്ചിരുന്നു. പി.എസ്.സി നിയമനം ലഭിച്ച 353 അധ്യാപകരും പുതുതായി ജോലിയിൽ പ്രവേശിച്ചു.
പ്ലസ് ടു വിദ്യാർഥികൾക്ക് പ്ലസ് വൺ മോഡൽ പരീക്ഷയുമായാണ് അധ്യയന വർഷം തുടങ്ങുന്നത്. വ്യാഴാഴ്ച മുതൽ ഇവർക്ക് മോഡൽ പരീക്ഷയും 13 മുതൽ 30വരെ പ്ലസ് വൺ പരീക്ഷയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.