സി.പി.എം വികസന നയരേഖ മുന്നണിയുടേതാക്കാൻ നീക്കം: വിദേശ സർവകലാശാലകൾക്ക് കടന്നുവരാൻ രേഖ

തിരുവനന്തപുരം: സംസ്ഥാന സമ്മേളനം അംഗീകരിച്ച വികസനരേഖക്ക് അനുസൃതമായി ഇടതുമുന്നണി വികസന പരിപാടികൾ ആവിഷ്കരിക്കാൻ സി.പി.എം. എൽ.ഡി.എഫിലും പൊതുസമൂഹത്തിലും രേഖ ചർച്ച ചെയ്ത് വികസനം സംബന്ധിച്ച പൊതുബോധം ഉണ്ടാക്കുകയാണ് ലക്ഷ്യം.

സംസ്ഥാന സമ്മേളന ശിപാർശകൂടി ഉൾപ്പെടുത്തി 'നവകേരള സൃഷ്ടിക്കായി പാർട്ടി മുന്നോട്ടുവെക്കുന്ന രേഖ' സി.പി.എമ്മിന്‍റെ എല്ലാ ഘടകങ്ങളിലും ചർച്ച ചെയ്യാനാണ് തീരുമാനം. മേയ്, ജൂൺ മാസങ്ങളിൽ ഇതിനായി മേൽ കമ്മിറ്റി നേതാക്കൾ പങ്കെടുക്കുന്ന യോഗം ചേരും.തുടർന്ന് മുന്നണിയിലും സർക്കാറിലും പൊതുസമൂഹത്തിലും രേഖക്ക് അനുസൃതമായ ചർച്ചകൾ സംഘടിപ്പിക്കണമെന്നാണ് സി.പി.എം നേതൃ തീരുമാനം. സി.പി.ഐ ഉൾപ്പെടെ എല്ലാ ഘടകക്ഷികളെയും വിശ്വാസത്തിലെടുക്കുകയാണ് പ്രധാന അജണ്ട. സ്വകാര്യ- വിദേശ നിക്ഷേപം സംബന്ധിച്ച് സി.പി.ഐ എതിർക്കില്ലെന്നാണ് കണക്കുകൂട്ടൽ.

നവ ഉദാരവത്കരണ കാഴ്ച്ചപ്പാടുകളാണ് രേഖയിൽ ഉൾക്കൊള്ളുന്നതെന്ന ആക്ഷേപം നേതൃത്വം തള്ളുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ 1957 ലെ സമ്മേളനത്തിൽ സ്വകാര്യ നിക്ഷേപത്തിൽ വ്യക്തമായ തീരുമാനം എടുത്തതാണ് അവർക്ക് ബലം. ഇതനുസരിച്ചാണ് ആദ്യ കമ്യൂണിസ്റ്റ് സർക്കാർ മാവൂർ ഗ്വാളിയർ റയോൺസിനെ കേരളത്തിലേക്ക് ക്ഷണിച്ചത്. ടി.വി. തോമസ് വിദേശ സംരംഭകരെ ആകർഷിക്കാൻ ജപ്പാനിൽ സന്ദർശനം നടത്തിയതും ചൂണ്ടിക്കാട്ടുന്നു. കൊൽക്കത്ത 12ാം പാർട്ടി കോൺഗ്രസ് സ്വകാര്യ മൂലധനം ആകർഷിക്കാൻ നയം സ്വീകരിച്ചില്ലെങ്കിൽ കേന്ദ്ര അവഗണനയിൽ ഒറ്റപ്പെട്ട് വികസനം സാധ്യമാകില്ലെന്ന് ഓർമിപ്പിച്ചുവെന്ന് സി.പി.എം പറയുന്നു. അതേസമയം ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ പി.പി.പി മാതൃകയിൽ സ്ഥാപനങ്ങൾ തുടങ്ങാനും വിദേശ സർവകലാശാലകൾക്ക് കടന്നുവരാനും രേഖ അവസരം ഒരുക്കുന്നെന്ന ആക്ഷേപമാകും സി.പി.എമ്മിന് വെല്ലുവിളിയാകുക.

വിദ്യാഭ്യാസമേഖലയിൽ ഇപ്പോൾതന്നെ സ്വകാര്യ മൂലധനമുണ്ടെന്ന് വിശദീകരിക്കുന്ന സി.പി.എം സാമൂഹിക നിയന്ത്രണങ്ങളോടെയാകും ഇത് നടപ്പാക്കുകയെന്ന് വ്യക്തമാക്കുന്നു. വിദ്യാർഥി പ്രവേശനം, ഫീസ്, സംവരണം, പാഠ്യപദ്ധതി തുടങ്ങിയവയിൽ സാമൂഹിക നിയന്ത്രണം ഉണ്ടാകുമെന്നാണ് ഉറപ്പുനൽകുന്നത്.  

Tags:    
News Summary - Move to make the CPM development policy in ldf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.