തിരുവനന്തപുരം: സംസ്ഥാനത്ത് 190 പുതിയ മദ്യശാലകൾ തുറക്കണമെന്ന് ബിവറേജസ് കോർപറേഷൻ ശിപാർശ. അനുകൂല നിലപാടുമായി എക്സൈസും. നിലവിലെ മദ്യശാലകളിലെ തിരക്ക് കുറക്കാനെന്ന പേരിലാണ് പുതിയ നീക്കം. എൽ.ഡി.എഫിൽ ചർച്ച ചെയ്തശേഷം ഇക്കാര്യം മദ്യനയത്തിൽ ഉൾപ്പെടുത്താനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ വിൽപനശാലകൾ സ്ഥാപിക്കാനുള്ള നിർദേശങ്ങളാകും നയത്തിലുണ്ടാകുക. ഏപ്രിൽ മുതൽ പുതിയ മദ്യനയം പ്രാബല്യത്തിൽവരും. സുപ്രീംകോടതി വിധിയെ തുടർന്ന് ദേശീയ-സംസ്ഥാനപാതക്ക് 500 മീറ്ററിനുള്ളിൽ ഉണ്ടായിരുന്ന വിൽപനശാലകൾ ദൂരേക്ക് മാറ്റിയിരുന്നു. ഇവ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് 56 പുതിയ വിൽപനശാലകളാകാം. നഗരസഭ പ്രദേശങ്ങളിൽ തിരക്കുള്ള വിൽപനശാലകൾക്കടുത്ത് 57 പുതിയവ ആരംഭിക്കാം. 20 കിലോമീറ്ററിലധികം ദൂരത്തിൽ വിൽപനശാലകൾ പ്രവർത്തിക്കുന്ന 18 ഇടങ്ങളിൽ പുതിയവ ആരംഭിക്കാമെന്നും ബെവ്കോ ശിപാർശയിലുണ്ട്.
തീരപ്രദേശങ്ങളിലും മലയോരമേഖലകളിലും 24 പുതിയ മദ്യശാലകൾ തുടങ്ങാം. ടൂറിസം കേന്ദ്രങ്ങളിൽ 32 എണ്ണവും. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ ഡ്യൂട്ടിപെയ്ഡ് ചില്ലറ വിൽപന കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.