ഡി.വൈ.എഫ്.ഐ ഫോട്ടോ മത്സരത്തിൽ ടി.പി വധക്കേസ് പ്രതി ഷാഫി; വിവാദമായതോടെ പിൻവലിച്ചു

കോഴിക്കോട്: ഡി.വൈ.എഫ്.ഐ പെരിങ്ങത്തൂർ മേഖല കമ്മിറ്റി സമൂഹമാധ്യമങ്ങളിൽ സംഘടിപ്പിച്ച അച്ഛനൊപ്പം ഒരു ഫോട്ടോ മത്സരത്തിൽ ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി. ഷാഫിയും പിതാവും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് മത്സരത്തിന്‍റെ ഭാഗമായി ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്. 

കഴിഞ്ഞ രണ്ടാം തീയതിയാണ് അച്ഛനോടൊപ്പം ഫോട്ടോ മത്സരം ഡി.വൈ.എഫ്.ഐ പേജിൽ ആരംഭിച്ചത്. ഇതിൽ രണ്ടാമത്തെ എൻട്രിയായാണ് ടി.പി വധക്കേസിലെ പ്രതിയായ മുഹമ്മദ് ഷാഫി പിതാവിനൊപ്പം നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്. 

ഇതോടെ കൊല്ലപ്പെട്ട ആർ.എം.പി.ഐ നേതാവ് ടി.പി. ചന്ദ്രശേഖരന്‍റെ ഫോട്ടോ നിരവധി പേർ കമന്‍റായി ഇട്ടു. ചന്ദ്രശേഖരനും മകനും നിൽക്കുന്ന ഫോട്ടോയോടൊപ്പം അച്ഛനോടൊപ്പം ഇതുപോലെ ഒരു ഫോട്ടോയെടുക്കാനുള്ള ടി.പിയുടെ മകന്‍റെ ആഗ്രഹമാണ് ഷാഫി ഉൾപ്പെടെയുള്ളവർ ഇല്ലാതാക്കിയതെന്നും പലരും ചൂണ്ടിക്കാട്ടി. 

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അഞ്ചാം പ്രതിയായ മുഹമ്മദ് ഷാഫി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയനുഭവിക്കുകയാണ്. ഇതിനിടെയാണ് ഫേസ്ബുക്കിൽ ഫോട്ടോ വന്നത്. ഷാഫിയുടെ ചിത്രം മത്സരത്തിൽ ഉൾപ്പെടുത്തിയത് സംഘടനക്കുള്ളിൽ തന്നെ പലരും ചൂണ്ടിക്കാട്ടുകയും വിമർശനമുയരുകയും ചെയ്തതോടെ ചിത്രം നീക്കുകയായിരുന്നു. 

 

മേയ് 15 വരെ നടത്തുന്ന മത്സരത്തിൽ ഏറ്രവും കൂടുതൽ ലൈക്കുകളും കമന്‍റും ലഭിക്കുന്ന മത്സരാർഥികൾക്കാണ് സമ്മാനം നൽകുക. ഷാഫിയുടെ ചിത്രം നീക്കുന്ന സമയത്തിനകം തന്നെ 1500ലേറെ ലൈക്കുകളും കമന്‍റും ലഭിച്ചിരുന്നു.

മെയ് നാലിനാണ് ടി.പി. ചന്ദ്രശേഖരൻ വധത്തിന്‍റെ വാർഷികം. ഇതോടെ, ഷാഫിയുടെ ചിത്രം ഡി.വൈ.എഫ്.ഐ പേജിൽ പ്രസിദ്ധീകരിച്ചത് ഏറെ ചർച്ചയായി. 

2012 മേയ് നാലിന് രാത്രി 10 മണിക്കാണ് ടി.പി. ചന്ദ്രശേഖരനെ വടകര വള്ളിക്കാട് വെച്ച് ബൈക്കിൽ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. 

Tags:    
News Summary - muhammed shafi dyfi facebook contest -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.