പീരുമേട്: ഇടുക്കിയിലെ തേയില തോട്ടത്തിലെ ലയത്തിൽനിന്ന് മുകേഷ് രാജൻ എത്തുകയാണ്, 14 വയസ്സിൽ താഴെയുള്ളവരുടെ സംസ്ഥാന വോളിബാൾ ടീമിലേക്ക്. പീരുമേട് ചിദംബരം പിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയും വണ്ടിപ്പെരിയാർ തേങ്ങാക്കല്ലിലെ തേയില തോട്ടത്തിലെ തൊഴിലാളികളായ മാരിയമ്മ-രാജൻ ദമ്പതികളുടെ മൂന്നാമത്തെ മകനുമാണ്.
തേങ്ങാക്കല്ലിൽ നിന്ന് ദിവസേന സ്കൂളിൽ എത്താൻ സാധിക്കാത്തതിനാൽ പീരുമേട്ടിലെ പ്രീമെട്രിക് ഹോസ്റ്റലിൽ നിന്നാണ് പഠനം. ഹോസ്റ്റൽ മുറ്റത്ത് പന്ത് കളിച്ചാണ് തുടക്കം. കൂട്ടുകാരുമൊത്ത് കെട്ടിടങ്ങളുടെ മധ്യത്തിൽ പന്ത് തട്ടിക്കളിച്ച് തുടങ്ങിയത് സംസ്ഥാന ടീമിലേക്കുള്ള തുടക്കമായിരുന്നു. തുടർന്ന് സ്കൂളിലും വോളിബാൾ തുടർന്നു.
മുകേഷിന്റെ കളിയിലെ കേമത്തം കണ്ടെത്തിയ സ്കൂളിലെ പി.ടി. അധ്യാപകൻ വിനോദിന്റെ പരിശീലനവും കൂടി ലഭിച്ചപ്പോൾ കഴിഞ്ഞവർഷം ജില്ല ടീമിൽ എത്തുകയും കണ്ണൂരിൽ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. 170 സെന്റിമീറ്റർ ഉയരമുള്ള മുകേഷിന്റെ കനത്ത സ്മാഷുകൾ എതിർ കോർട്ടുകളിൽ ചാട്ടുളി പോലെ പതിക്കുകയും അറ്റാക്ക് സ്ഥാനത്ത് എണ്ണം പറഞ്ഞ സ്ഥാനം ഉറപ്പിക്കുകയും ചെയ്തപ്പോൾ സംസ്ഥാന ടീമിലും അംഗമായി.
അടുത്ത മാസം ജമ്മു കശ്മീരിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാനും അവസരം ലഭിച്ചിട്ടുണ്ട്. ഹോസ്റ്റൽ വാർഡൻ ബിജു മാത്യുവും സഹപാഠികളും മുകേഷിന് എല്ലാ പിന്തുണയും നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.