എറണാകുളം ജില്ലയിൽ വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റമായ മുനമ്പം ഒരു കാലുഷ്യത്തിന്റെ മുനമ്പിലാണ്. അവിടെ 404.76 ഏക്കർ വരുന്ന ഭൂമിയിൽനിന്ന് കുടിയിറക്കപ്പെടുമെന്ന ആശങ്കയിൽ കുറെ കുടുംബങ്ങൾ കഴിഞ്ഞ നാലാഴ്ചയോളമായി സമരത്തിലാണ്. ആരെയും കുടിയിറക്കില്ലെന്നും മുനമ്പത്തെ ജനതയോടൊപ്പമാണെന്നും സംസ്ഥാന സർക്കാർ ആവർത്തിച്ച് വ്യക്തമാക്കുന്നു. അപ്പോഴും സമരം പല കോണുകളിലേക്കും വ്യത്യസ്ത രൂപഭാവങ്ങളോടെ വളരുകയാണ്.
സാധാരണക്കാരായ താമസക്കാർക്ക് കിടപ്പാടം ഇല്ലാതാക്കി പ്രശ്നം പരിഹരിക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ലെന്നിരിക്കെ പിന്നെയെന്തിന് ഇങ്ങനെയൊരു സമരം എന്ന ചോദ്യമുയരുന്നത്, സമരത്തെ മുന്നിലും പിന്നിലും നിന്നു നയിക്കുന്നവരിൽ ചിലർ അതിനെ പ്രതിലോമ ദിശയിലേക്ക് വഴിതിരിച്ചുവിടാൻ ബോധപൂർവ ശ്രമം നടത്തുന്നതുകൊണ്ടുകൂടിയാണ്. മുനമ്പത്ത് വർഗീയ ചേരിതിരിവിനും സമുദായങ്ങളെ ഭിന്നിപ്പിക്കാനും ശ്രമം നടക്കുന്നു എന്ന് മന്ത്രിമാരടക്കം പ്രസ്താവിച്ചുകഴിഞ്ഞു. എങ്കിൽ അതിന്റെ പരിഹാരത്തിന് മുൻകൈയെടുക്കാൻ സർക്കാറിനാവില്ലേ എന്ന ചോദ്യത്തിന് ഒടുവിൽ മറുപടി വന്നിരിക്കുന്നു. വിഷയം ചർച്ചചെയ്യാൻ നവംബർ 28ന് സർക്കാർ ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ്.
മുനമ്പത്തെ ഭൂമിയും ഫാറൂഖ് കോളജും
എന്താണ് മുനമ്പത്തെ വിഷയം? പതിറ്റാണ്ടുകൾ നീണ്ട വ്യവഹാരങ്ങളുടെയും റവന്യൂ നടപടികളുടെയും തർക്ക പരിഹാരങ്ങളുടെയും ചരിത്രമുണ്ട് ആ ഭൂമിക്ക്. 1902ൽ കൊച്ചിയിലെത്തിയ ഗുജറാത്തുകാരനായ അബ്ദുസ്സത്താര് സേട്ടിന് തിരുവിതാംകൂര് മഹാരാജാവ് പാട്ടത്തിന് കൊടുത്തതാണെന്ന് പറയുന്ന 404.76 ഏക്കർ ഭൂമി 1948ൽ സത്താര് സേട്ടിന്റെ പിന്ഗാമിയായ സിദ്ദീഖ് സേട്ടിന് തീറാധാരം ചെയ്തുകിട്ടി. കുഴുപ്പിള്ളി, പള്ളിപ്പുറം വില്ലേജുകളിൽ 18 സർവേ നമ്പറുകളിലായി പതിച്ചുകിട്ടിയ ഭൂമി കൊച്ചി കണയന്നൂര് താലൂക്കില് മട്ടാഞ്ചേരി ബംബ്ലാശേരി ബംഗ്ലാവിൽ സിദ്ദീഖ് സേട്ട് 1950 നവംബർ ഒന്നിന് ഇടപ്പിള്ളി സബ് രജിസ്ട്രാർ ഓഫിസിലെ 2115/1950 നമ്പറായി ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റിക്കുവേണ്ടി അന്നത്തെ പ്രസിഡന്റ് പാലക്കാട് ഒലവക്കോട് ഖാന് ബഹാദുര് പി.കെ. ഉണ്ണിക്കമ്മു സാഹിബിന് വഖഫ് ആധാരം ചെയ്തുകൊടുത്തു. പാരത്രികമോക്ഷവും ദൈവപ്രീതിയും കാംക്ഷിച്ച് വിശ്വാസികൾ സ്വന്തം ഉടമാവകാശത്തിലുള്ള ഭൂമി ദൈവസമക്ഷം ദാനം ചെയ്യുന്നതാണ് വഖഫ്. അന്ന് വഖഫ് ആധാരത്തിൽ വിസ്തരിച്ച് എഴുതിയത് ഇങ്ങനെ:
‘‘ഇടപ്പള്ളി സബ് രജിസ്ട്രാഫീസ് 1123ലെ 875ാം നമ്പർ തീറാധാര പ്രകാരം എനിക്ക് ക്രയവിക്രയപൂർണ സ്വാതന്ത്ര്യം സിദ്ധിച്ച് ഞാൻ കൈവശം വെച്ചും ദേഹണ്ണാദികൾ ചെയ്ത് 56ാം നമ്പർ പട്ടയത്തുംപടി പേരിൽ കൂട്ടി കരം തീർത്തും നിരാക്ഷേപപരമായി അനുഭവിച്ചുവരുന്നതായ വസ്തുക്കളിൽ താഴെ വിവരം പറയുന്നതും ഒരു ലക്ഷം രൂപ വിലയുള്ളതുമായ നാനൂറ്റി നാല് ഏക്കർ എഴുപത്താറ് സെന്റ് സ്ഥലവും അതിലുള്ള സകല ദേഹണ്ഡങ്ങളും കൂടി ടി കോളേജ് ഇസ്ലാമികാദർശ പ്രകാരം നടത്തുമെന്നുള്ള വിശ്വാസത്താൽ എന്റെ ആത്മശാന്തിക്കായി അടിയിൽ പറയുന്ന വ്യവസ്ഥകളോട് കൂടി എനിക്കുള്ള സകല അവകാശങ്ങളും ഒഴിഞ്ഞ് വഖഫായി ടി മാനേജിങ് കമ്മിറ്റിക്കുവേണ്ടി താങ്കൾക്ക് കൈവശപ്പെടുത്തി തന്നിരിക്കുന്നു’’.
വസ്തുവും അതിൽപെട്ട വകകളും അതിൽ നിന്നെടുത്ത ആദായവും ഫാറൂഖ് കോളജിന്റെ വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ ഉപയോഗിക്കരുത്, ഏതെങ്കിലും കാലത്ത് കോളജ് ഇല്ലാതെ വന്നാൽ ഭൂമി മടക്കിക്കിട്ടാൻ തനിക്കും പിന്തുടർച്ചാവകാശികൾക്കും അവകാശവും അധികാരവുമുണ്ട് എന്നിവയായിരുന്നു ആധാരത്തിലെ പ്രധാന വ്യവസ്ഥകൾ. വഖഫ് ചെയ്യുന്ന സമയത്ത് ഇതിൽ കുടുംബങ്ങൾ താമസമുണ്ടായിരുന്നു എന്ന് ഇപ്പോൾ അവകാശവാദമുണ്ടെങ്കിലും അതുസംബന്ധിച്ച സൂചനകളൊന്നും വഖഫ് ആധാരത്തിലില്ല. അന്ന് പറവൂർ താലൂക്കിൽ വടക്കേക്കര വില്ലേജിലാണ് ഈ സ്ഥലം ഉൾപ്പെട്ടിരുന്നത്. 1951 മാർച്ച് 28ന് പറവൂർ തഹസിൽദാർ സ്ഥലത്തിന് 609ാം നമ്പറായി പോക്കുവരവ് പട്ടയം അനുവദിക്കുകയും ചെയ്തു.
കൈയേറ്റവും കോടതി വ്യവഹാരങ്ങളും
മുനമ്പത്ത് വഖഫായി കിട്ടിയ ഭൂമിയിലെ കൃഷി മേൽനോട്ടത്തിനും ആദായം എടുക്കുന്നതിനും ഫാറൂഖ് കോളജ് ചിലരെ ചുമതലപ്പെടുത്തി. കോളജിന്റെ നേരിട്ടുള്ള ശ്രദ്ധയും ഇടപെടലും ഇല്ലാതെവന്നതോടെ ഭൂമി കാലക്രമേണ അന്യാധീനപ്പെട്ടുതുടങ്ങി. മത്സ്യത്തൊഴിലാളികളായ സാധാരണക്കാർ ചിലർ അവിടെ വീട് വെക്കുന്നു എന്നു പരാതിയുയർന്നു. സ്ഥലത്തിന്റെ വാണിജ്യ സാധ്യതയിൽ കണ്ണുവെച്ച ചില വൻകിടക്കാരും കുത്തകകളും കൂട്ടത്തിലുണ്ടായിരുന്നു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഫാറൂഖ് കോളജ് അധികൃതർ ഭൂമി സംരക്ഷിക്കാനും മറ്റുമായി എറണാകുളത്തെ അഭിഭാഷകനായിരുന്ന എം.വി. പോൾ എന്നയാളെ പവർ ഓഫ് അറ്റോണിയും പ്രത്യേക കരാറും വഴി ചുമതലപ്പെടുത്തി. കോളജ് അധികൃതരുടെ അറിവോടെയും അല്ലാതെയും പല ഭാഗങ്ങളും അദ്ദേഹം മുറിച്ചുവിറ്റതായും അതിൽനിന്നുള്ള തുക കോളജിനും ലഭിച്ചതായും പറയുന്നു. കോളജ് അധികൃതരിൽനിന്ന് പല വ്യക്തികൾക്കായി പലപ്പോഴായി ഭൂമി തീറാധാരം ചെയ്ത് നൽകിയതായും അവർക്ക് 2005ൽ നിലവിൽവന്ന റീസർവേ റെക്കോഡുകൾ ലഭിച്ചതായും രേഖകളുണ്ട്. ആധാരങ്ങളിൽ പലതും ബന്ധപ്പെട്ട വില്ലേജ് ഓഫിസർ പോക്കുവരവ് ചെയ്ത് നൽകി കരമടക്കാൻ അനുവദിക്കുകയും ചെയ്തു.
കോടതി പറഞ്ഞത്
ഭൂമിയിൽനിന്ന് കോളജ് അധികൃതർ പാട്ടത്തിന് നൽകിയ 114 ഏക്കറിലെ കൃഷിയും ആദായമെടുപ്പുമായി ബന്ധപ്പെട്ട് 1967ൽ ഒരു തർക്കം ഉയർന്നു. അതുസംബന്ധിച്ച് പറവൂർ സബ് കോടതിയിൽ അന്യായം (നമ്പർ: 53/1967) ഫയൽ ചെയ്യപ്പെട്ടു. കോടതി റിസീവറെ നിയമിച്ചു. ഇതൊരു ദാനാധാരം (ഗിഫ്റ്റ് ഡീഡ്) അല്ലെന്നും വഖഫ് ആധാരം ആണെന്നും 1971 ജൂലൈ 12ന് പുറപ്പെടുവിച്ച വിധിന്യായത്തിൽ (പാര: 43) വ്യക്തമാക്കി. അതിനെതിരെ ഹൈകോടതിയിൽ നൽകിയ അപ്പീലിൽ (നമ്പർ: 600/1971) 1975 സെപ്റ്റംബർ 30ന് സബ് കോടതി ഉത്തരവ് ശരിവെച്ച് വിധിയായി. ‘‘വിഷയത്തിന്റെ വിവിധ വശങ്ങളും രേഖകളും മൊഴികളും ശ്രദ്ധാപൂർവം പരിഗണിച്ചതിന്റെ അടിസ്ഥാനത്തിൽ വിചാരണ കോടതിയുടെ ഉത്തരവിൽ ഇടപെടുന്നില്ലെന്നും അതിനാൽ അപ്പീൽ തള്ളുന്നു’’ എന്നുമാണ് വിധിയിൽ പറഞ്ഞത് (പാര: 19). 2008, 2009കളിൽ ഹൈകോടതിയിൽ ഇതുമായി ബന്ധപ്പെട്ട കേസിൽ കലക്ടർ നൽകിയ മറുപടിയിലും വഖഫ് ഭൂമി എന്നാണ് പറയുന്നത്. 1990ൽ ജനുവരി 23ന് കിഴുപ്പിള്ളി വില്ലേജ് ഓഫിസർ ഫാറൂഖ് കോളജിന് ഈ ഭൂമിക്ക് പൊസഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.
പ്രചാരണം പലവിധം
എന്നാൽ, ഭൂമി ഫാറൂഖ് കോളജിന് സമ്മാനമായി കിട്ടിയതാണെന്ന് 1975ൽ ഹൈകോടതിയുടെ വിധിയുണ്ടായി എന്നാണ് ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. വഖഫായി കിട്ടിയ ഭൂമി വിൽക്കാൻ അധികാരമില്ലാതിരുന്നിട്ടും വിറ്റ ഫാറൂഖ് കോളജ് അധികൃതരുടെ നടപടികളും അതിലെ നിയമപ്രശ്നങ്ങൾ അറിഞ്ഞോ അറിയാതെയോ ഭൂമി വാങ്ങിയവരും പ്രശ്നത്തെ നിലവിലെ സങ്കീർണാവസ്ഥയിലേക്ക് എത്തിച്ചു എന്ന് പറയാം. 1998 ഡിസംബർ 27നാണ് എറണാകുളത്തെ അഭിഭാഷകന് പവർ ഓഫ് അറ്റോണി നൽകിയത്. അദ്ദേഹം വഴി പലതവണ ഭൂമിയുടെ വിൽപന നടന്നു. മുന്നാധാരങ്ങളിൽനിന്ന് വഖഫ് ഭൂമിയാണെന്ന് മനസ്സിലായിട്ടും വാങ്ങിയ വൻകിടക്കാരും നിയമക്കുരുക്കുകൾ ഭയന്ന് ഇടപാടുകളിൽനിന്ന് പിന്മാറിയ സാധാരണക്കാരുമുണ്ട്.
‘ഭൂമി വാങ്ങിയത് രേഖ പരിശോധിച്ച്’
കോളജ് അധികൃതർ നിശ്ചയിച്ച വില നൽകി, അവർ നൽകിയ രേഖകൾ പരിശോധിച്ചാണ് ഇടപാട് നടത്തിയതെന്ന് ഭൂമി വാങ്ങിയവർ പറയുന്നു. ഇത്തരം വിൽപനകളിൽ കോളജ് അധികൃതർക്കും ചുമതലപ്പെടുത്തിയവർക്കും ഗുരുതര വീഴ്ചകൾ സംഭവിച്ചു. ഇടനിലക്കാർ ഭൂമി മറ്റുള്ളവർക്ക് കൈമാറ്റം ചെയ്ത് ആസൂത്രിതമായി രണ്ടോ മൂന്നോ മുന്നാധാരങ്ങൾ സൃഷ്ടിച്ച് യഥാർഥ ആവശ്യക്കാർക്ക് വിൽപന നടത്തിയ കേസുകളുമുണ്ട്. വാങ്ങുന്നതിനു മുമ്പ് പഴയ മുന്നാധാരങ്ങൾ പരിശോധിക്കുമ്പോൾ വഖഫ് ഭൂമിയാണെന്ന് തിരിച്ചറിയാതിരിക്കാനാണ് അധിക മുന്നാധാരങ്ങൾ സൃഷ്ടിക്കുന്ന കൃത്രിമം നടത്തിയത്. 404 ഏക്കറിലധികം വരുന്ന ഭൂമിയുടെ മൂന്നിലൊന്ന് ഭാഗത്താണ് കുടുംബങ്ങൾ താമസം. ബാക്കി വൻവിടക്കാരുടെയും റിസോർട്ട് ഉടമകളുടെയും കൈയിലാണ്. പ്രദേശത്തിന്റെ വാണിജ്യ, ടൂറിസം സാധ്യതകൾ മനസ്സിലാക്കി ബാക്കി ഭൂമി വാങ്ങിക്കൂട്ടിയവരിൽ ബിനാമി ഇടപാട് നടത്തിയ പ്രവാസികൾ വരെയുണ്ട്. 212 കൈവശക്കാർ 25 സെന്റ് മുതൽ 1.75 ഏക്കർ വരെ ഭൂമി സ്വന്തമായുള്ളവരാണ്.
നിസാർ കമീഷൻ റിപ്പോർട്ട്
വഖഫ് ചെയ്ത ഭൂമികൾ വ്യാപകമായി കൈയേറ്റം ചെയ്യപ്പെടുന്നു എന്ന പരാതിയെത്തുടർന്ന് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ വഖഫ് മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടി 2008ൽ ഇതേക്കുറിച്ച് പഠിക്കാൻ എം.എ. നിസാർ അധ്യക്ഷനായി കമീഷനെ നിയോഗിച്ചു. 404 ഏക്കർ വഖഫ് ഭൂമി അനധികൃത വിൽപന നടത്തിയെന്ന പരാതിയിൽ ഫാറൂഖ് കോളജ് മാനേജ്മെന്റിന് കമീഷൻ നോട്ടീസ് അയച്ചിരുന്നു. 2009 ഒക്ടോബർ 30ന് കമീഷൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. സംസ്ഥാനത്ത് 23 സ്ഥലങ്ങളിലായി 600 ഏക്കര് വഖഫ് സ്വത്തുകള് അന്യാധീനപ്പെട്ടു എന്നായിരുന്നു കമീഷന്റെ കണ്ടെത്തല്. കൂടുതല് കൈയേറ്റം നടന്നതായി കണ്ടെത്തിയത് മുനമ്പത്താണ്. ഇത് വഖഫ് ഭൂമിയാണെന്നും ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഫാറൂഖ് കോളജ് അധികൃതർ അനധികൃത വിൽപന നടത്തിയെന്നും കമീഷൻ റിപ്പോർട്ടിൽ പറയുന്നു. 1992ൽ രണ്ടുതവണയും (ആധാരം നമ്പർ: 2246/1992, 113/1992) 1993ൽ ഒരു തവണയും (896/1993) കോളജ് അധികൃതർ ഭൂമി വിൽപന നടത്തി. ഈ ആധാരങ്ങളിൽ വഖഫ് ഭൂമിയാണെന്ന കാര്യം മറച്ചുവെച്ച് ദാനാധാരം എന്നാണ് രേഖപ്പെടുത്തിയത്. അതിനാൽ, ഭൂമി തിരിച്ചുപിടിക്കാൻ വഖഫ് ബോർഡിനെക്കൊണ്ട് നടപടിയെടുപ്പിക്കണം എന്ന് കമീഷൻ ശിപാർശ ചെയ്തു. 2010 മേയ് മൂന്നിന് ചേർന്ന മന്ത്രിസഭ യോഗം നിസാർ കമീഷൻ ശിപാർശകൾ അംഗീകരിച്ചു. തുടർന്ന് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭൂമി തിരിച്ചുപിടിക്കാൻ വഖഫ് ബോർഡ് നടപടിയാരംഭിച്ചു. അതിന്റെ നിയമപരമായ നടപടിക്രമങ്ങളും അന്വേഷണങ്ങളും കോടതിവിധി വരാനുണ്ടായ കാലതാമസവും എല്ലാമായി 10 വർഷത്തിലധികം കടന്നുപോയി.
വഖഫ് ബോർഡിന്റെ ഇടപെടൽ
1995ലെ വഖഫ് നിയമം 32ാം വകുപ്പ് പ്രകാരം സംസ്ഥാനത്തെ മുഴുവൻ വഖഫ് സ്ഥാപനങ്ങളുടെ മേൽനോട്ടവും നിയന്ത്രണവും വഖഫ് ബോർഡിനാണ്. നിയമത്തിന്റെ 40ാം വകുപ്പ് അനുസരിച്ച് ഒരു വസ്തു വഖഫാണോ അല്ലയോ എന്ന് അന്വേഷണവും നടപടിക്രമങ്ങളും പൂർത്തിയാക്കി തീരുമാനിക്കാനുള്ള അധികാരവും ബോർഡിനുണ്ട്. വസ്തു വഖഫാണെന്ന് കണ്ടെത്തിയാൽ അതിന് പൂർണ നിയമസാധുത ലഭിക്കും. എന്നാൽ, 60 വർഷത്തോളം മുനമ്പത്തെ ഭൂമി ഫാറൂഖ് കോളജ് അധികൃതർ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സിദ്ദീഖ് സേട്ടിന്റെ മക്കൾ ഫാറൂഖ് കോളജിൽനിന്ന് അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് ബോർഡ് മുമ്പാകെ നൽകിയ കേസിൽ (ഇ.പി 685/2008) 2019 മേയ് 20ന് ബോർഡ് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. മുനമ്പത്തെ ഭൂമിയുടെ മുതവല്ലിയായ ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റി ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം വഖഫ് നിയമത്തിന്റെ 36ാം വകുപ്പ് പ്രകാരം ഭൂമി ബോർഡിൽ രജിസ്റ്റർ ചെയ്യാൻ രേഖകൾ സമർപ്പിക്കണമെന്നായിരുന്നു നിർദേശം. അങ്ങനെ ചെയ്യാത്ത പക്ഷം 2115/1950ാം നമ്പർ വഖഫ് ആധാര പ്രകാരം ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റിയെ മുതവല്ലിയാക്കി ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ഭൂമി സ്വമേധയാ രജിസ്റ്റർ ചെയ്യാൻ വഖഫ് ബോർഡ് ആസ്ഥാനത്തെ ജൂനിയർ സൂപ്രണ്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തു. കോളജ് കമ്മിറ്റി ഈ ഉത്തരവ് പ്രകാരം രേഖകൾ ഹാജരാക്കി രജിസ്റ്റർ ചെയ്യാതിരുന്നതിനാൽ 2019 സെപ്റ്റംബർ 25ന് 9980/ആർ.എ നമ്പറായി ഭൂമി സ്വമേധയാ രജിസ്റ്റർ ചെയ്തു.
സംസ്ഥാന സർക്കാർ ആരുടെ പക്ഷത്ത്?
നിസാർ കമീഷന്റെ കണ്ടെത്തലുകളെത്തുടർന്ന് ഭൂമി തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കണമെന്ന 2010ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ഈ ഭൂമിയുമായി ബന്ധപ്പെട്ട് കുഴുപ്പിള്ളി, പള്ളിപ്പുറം വില്ലേജുകളിൽ അന്യവ്യക്തികളിൽനിന്ന് നികുതി സ്വീകരിക്കുകയോ കൈവശ സർട്ടിഫിക്കറ്റ് നൽകുകയോ പോക്കുവരവ് നടത്തി നൽകുകയോ സമാനമായ മറ്റു നടപടികൾ കൈക്കൊള്ളുകയോ ചെയ്യരുതെന്ന് നിർദേശിച്ച് ബോർഡിന്റെ അന്നത്തെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ബി.എം. ജമാൽ 2022 ജനുവരി 13ന് കൊച്ചി താലൂക്ക് തഹസിൽദാർക്ക് കത്ത് നൽകി. 1954ലെ വഖഫ് നിയമം 36 (എ) വകുപ്പ് പ്രകാരവും 1995ലെ വഖഫ് നിയമം 51ാം വകുപ്പ് പ്രകാരവും ബോർഡിന്റെ മുൻകൂർ അനുമതിയില്ലാതെ വഖഫ് സ്വത്തുക്കളുടെ വിൽപനയും ദാനവും കൈമാറ്റവും നിയമവിരുദ്ധമാണ്. 2013ലെ വഖഫ് നിയമഭേദഗതിയോടെ ഇത്തരം കാര്യങ്ങൾക്ക് അനുമതി നൽകാനുള്ള വഖഫ് ബോർഡിന്റെ അധികാരം ഇല്ലാതായെന്നും ഈ കത്തിലുണ്ട്. എന്നാൽ, കത്ത് പിൻവലിച്ച് നികുതിയടക്കാൻ അവസരമൊരുക്കണമെന്ന് വഖഫ് മന്ത്രി വി. അബ്ദുറഹ്മാൻ നേരിട്ട് ആവശ്യപ്പെട്ടിരുന്നതായി ബി.എം. ജമാൽ പറയുന്നു. അതിന് സർക്കാറിന്റെ ഉത്തരവ് വേണമെന്ന് സി.ഇ.ഒ ആവശ്യപ്പെട്ടെങ്കിലും കത്ത് സ്വയം പിൻവലിക്കണമെന്ന നിലപാടിലായിരുന്നത്രെ മന്ത്രി.
സി.ഇ.ഒ തയാറാകാതെ വന്നതോടെ വഖഫ്, റവന്യൂ മന്ത്രിമാരും ഈ വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിമാരും ഉൾപ്പെട്ട ഉപസമിതിയുടെ തീരുമാനപ്രകാരം ഭൂനികുതി സ്വീകരിക്കാൻ കൊച്ചി നികുതി തഹസിൽദാർ 2022 ഒക്ടോബർ ഏഴിന് ഉത്തരവ് പുറപ്പെടുവിച്ചു. നിസാർ കമീഷൻ റിപ്പോർട്ട് പ്രകാരം ഭൂമി തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഉത്തരവ് പുറത്തിറക്കിയ സർക്കാർതന്നെ താമസക്കാർക്ക് നികുതി സ്വീകരിക്കാൻ അവസരമൊരുക്കിയത് ഇരട്ടത്താപ്പായിരുന്നു എന്ന് ജമാൽ ചൂണ്ടിക്കാട്ടുന്നു. നികുതി സ്വീകരിക്കാനുള്ള സർക്കാർ ഉത്തരവിനെ ചോദ്യംചെയ്ത് കോടതിയെ സമീപിച്ചതും മന്ത്രിയുമായി അടുപ്പമുള്ളവർതന്നെയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
വിഷയം വീണ്ടും കോടതിയിൽ
വഖഫ് സ്വത്തുക്കൾ നിയമവിരുദ്ധമായി അന്യാധീനപ്പെടുത്തിയവരിൽനിന്ന് ഭൂനികുതി സ്വീകരിക്കാൻ കൊച്ചി നികുതി തഹസിൽദാർ 2022 ഓക്ടോബർ ഏഴിന് ഉത്തരവിട്ടതിനെ ചോദ്യംചെയ്ത് കേരള വഖഫ് സംരക്ഷണവേദി സംസ്ഥാന പ്രസിഡന്റ് ടി.എം. അബ്ദുൽ സലാം പട്ടാളം, സെക്രട്ടറി നാസർ മനയിൽ എന്നിവർ ഹൈകോടതിയിൽ ഹരജി നൽകി. മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക വികസനത്തിന് 1950ൽ ഇടപ്പള്ളി രജിസ്ട്രാർ ഓഫിസിൽ വഖഫ് ആധാര പ്രകാരം രജിസ്റ്റർ ചെയ്ത സ്വത്ത് ഉദ്ദേശ്യലക്ഷ്യങ്ങൾക്ക് വിപരീതമായി, നിയമവിരുദ്ധമായി കൈമാറ്റം ചെയ്തെന്നായിരുന്നു ഹരജിക്കാരന്റെ വാദം.
വഖഫ് ഭൂമി ആണെന്ന് മനസ്സിലാക്കിത്തന്നെയാണ് വിൽപന നടത്തിയത്, ഭൂമി തിരിച്ചുപിടിക്കാൻ നടപടിയെടുത്തതായി മുമ്പ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളതാണ്, 2014ൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് കേരള വഖഫ് സംരക്ഷണവേദി നൽകിയ ഹരജിയിൽ വഖഫ് ഭൂമി തിരിച്ചുപിടിക്കാൻ കോടതി ഉത്തരവിട്ടതാണ്, വഖഫ് ഭൂമി ഒരിക്കലും കൈമാറ്റം ചെയ്യാനാവില്ലെന്ന് നിയമത്തിൽ കൃത്യമായി പറയുന്നു, എത്ര വർഷം കൈവശം വെച്ചാലും എത്ര തവണ കൈമറിഞ്ഞാലും വഖഫ് ഭൂമി അങ്ങനെത്തന്നെ നിലനിൽക്കും -ഹരജിയിൽ ചൂണ്ടിക്കാട്ടി. ഈ ഹരജിയിൽ തൽസ്ഥിതി തുടരണമെന്ന് ഹൈകോടതി സിംഗ്ൾ ബെഞ്ച് 2022 നവംബറിൽ ഉത്തരവിട്ടു. എങ്കിലും പിന്നീട് റവന്യൂ രേഖകൾ നൽകാനും നികുതി സ്വീകരിക്കാനും തടസ്സമില്ലെന്ന വിധിയുണ്ടായി. ഇതിനെതിരെ വഖഫ് സംരക്ഷണവേദി നൽകിയ അപ്പീലിൽ അവധിക്കാല ഡിവിഷൻ ബെഞ്ച് ഈ വിധി തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. 2023 ഫെബ്രുവരിയിൽ ഈ ഉത്തരവ് സ്ഥിരപ്പെടുത്തി വിധിയായി.
മുനമ്പത്ത് 600 കുടുംബങ്ങൾ താമസിക്കുന്ന ഭൂപ്രദേശം വഖഫ് സ്വത്തിൽ ഉൾപ്പെടുത്തിയെന്നാരോപിച്ച് ഇക്കഴിഞ്ഞ ഒക്ടോബറിൽ കൈവശാവകാശക്കാരായ ജോസഫ് ബെന്നിയടക്കമുള്ളവർ ഹൈകോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. കേന്ദ്ര വഖഫ് നിയമത്തിലെ ചില വകുപ്പുകൾ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. 1954ൽ വഖഫ് നിയമം പ്രാബല്യത്തിൽ വന്ന ശേഷം 1995ൽ പുതിയ നിയമമുണ്ടാക്കുകയും 2013ൽ ഭേഗദതി വരുത്തുകയും ചെയ്തതോടെ ഏതു വസ്തുവകകളും വഖഫിൽ രജിസ്റ്റർ ചെയ്യാവുന്ന വിധം അനിയന്ത്രിത അധികാരങ്ങൾ ലഭിച്ചെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. നിയമത്തിലെ നാല്, അഞ്ച്, 36, 40 വകുപ്പുകൾ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ച് ഹരജിക്കാരുടെ സ്വത്തുക്കൾ വഖഫിൽ രജിസ്റ്റർ ചെയ്ത നടപടി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.
പ്രതിഷേധത്തിന്റെ അകവും പുറവും
ഒരു മാസത്തോളമായി മുനമ്പത്തെ വിവാദ പ്രദേശത്ത് സമരം നടക്കുകയാണ്. വിലകൊടുത്ത് വാങ്ങി വർഷങ്ങളായി താമസിച്ചുവരുന്ന ഭൂമി ‘വഖഫ് ബോർഡ് കൈയേറാൻ ശ്രമിക്കുന്നതിന്’ എതിരെയാണ് സമരം. മുനമ്പം ഭൂ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ സാധാരണക്കാരായ താമസക്കാരടക്കം സമരമുഖത്തുണ്ട്. വർഷങ്ങളായി ഭൂമിയിൽ താമസിച്ചുവരുന്ന കുടുംബങ്ങളെ തെരുവിലേക്കിറക്കിവിടണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. വിശ്വാസികൾ ദൈവമാർഗത്തിൽ ദാനം ചെയ്ത ഭൂമി അവരുടെ താൽപര്യത്തിനനുഗുണമായി സംരക്ഷിക്കാൻ വിവിധ മതവിശ്വാസികൾക്ക് ഭരണഘടനപരമായി സുരക്ഷയൊരുക്കാൻ ബാധ്യസ്ഥമായ ഭരണകൂടങ്ങളാണ് വഖഫ് നിയമത്തിനും പരിഷ്കരണത്തിനും മേൽനോട്ടം വഹിക്കുന്നതും അതിന്റെ നിർവഹണത്തിന് ബോർഡിനെ ചുമതലപ്പെടുത്തിയതും. ആ നിയമവ്യവസ്ഥകളുടെ ലംഘനം സർക്കാർ കണ്ടെത്തിയതും അതിനു നിയമപരമായ പരിഹാരം നിർദേശിച്ചതുമാണ് ഇപ്പോൾ മുനമ്പത്തെ അസ്വസ്ഥതകൾക്കിടയാക്കിയത്. അതിനു പരിഹാരം കാണേണ്ടത് ഭരണകൂടമാണ്. അതിനു മിനക്കെടുന്നതിനു പകരം ഇത് സമുദായങ്ങൾ തമ്മിലുള്ള പ്രശ്നമാക്കി മാറ്റാനാണ് നിക്ഷിപ്ത താൽപര്യക്കാർ ശ്രമിക്കുന്നത്.
ഒരു ഇസ്ലാംമത വിശ്വാസി ആ വിശ്വാസത്തിനനുസൃതമായി നടത്തപ്പെടുന്ന സ്ഥാപനത്തിന് ദൈവത്തിന്റെ പേരിൽ ദാനം ചെയ്ത ഭൂമിയുടെ വിനിയോഗത്തിൽ വീഴ്ചയുണ്ടായതായി കണ്ടെത്തിയതും പരിഹാരം നിർദേശിക്കുന്നതും ഗവൺമെന്റാണ്. അതിനാൽ, അത് ഉണ്ടാക്കിയ ഊരാക്കുടുക്കുകൾ തീർക്കേണ്ട ബാധ്യതയും കേരള സർക്കാറിനാണ്. അതിനു ഭരണകൂടത്തെ പ്രേരിപ്പിക്കുന്നതിനു പകരം പ്രശ്നം ഇരു മതങ്ങൾ തമ്മിലുള്ള സംഘർഷമാക്കി മാറ്റാൻ വെറുപ്പിന്റെ രാഷ്ട്രീയക്കാർ കച്ചകെട്ടിയിറങ്ങിയതാണ് മുനമ്പത്തെ കലുഷമാക്കിയിരിക്കുന്നത്. മുസ്ലിംകളെക്കുറിച്ച് ക്രൈസ്തവർക്കിടയിൽ പകയും വിദ്വേഷവും പടക്കാൻ ഇത് ആയുധമാക്കി സംഘ്പരിവാറും ക്രൈസ്തവവിഭാഗങ്ങളിലെ തീവ്രവാദിസംഘങ്ങളും മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് മാന്യമായ തീർപ്പുണ്ടാക്കണമെന്നാണ് മുസ്ലിം സംഘടനകളുടെ ആവശ്യം. വഖഫ് ഭൂമിയാണെന്നത് മറച്ചുവെച്ച് അനധികൃത വിൽപന നടത്തിയവരെയും ഒത്താശ ചെയ്തവരെയും പാട്ടിനുവിട്ട്, ഭൂമി വാങ്ങിയവരെ നിയമക്കുരുക്കുകളിൽപെടുത്തി വഴിയാധാരമാക്കരുതെന്ന ആവശ്യത്തിന് പിന്തുണയേറുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികളും സമുദായ സംഘടനകളും സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോൺഗ്രസ് നേതാക്കളായ ജോസ് കെ. മാണി, പി.ജെ. ജോസഫ് എന്നിവർ സമരവേദിയിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സി.പി.എം പ്രതിനിധാനം ചെയ്യുന്ന വൈപ്പിൻ നിയമസഭ മണ്ഡലത്തിലെ പ്രശ്നത്തിൽ പാർട്ടിയും സമരക്കാർക്കൊപ്പമാണ്. കോൺഗ്രസും മുസ്ലിം ലീഗും കുടുംബങ്ങളെ കുടിയിറക്കുന്നതിനെതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
ആളിക്കത്തിക്കാൻ ശ്രമം
വിഷയം കത്തിച്ചുനിർത്താനുള്ള ബി.ജെ.പിയുടെ നീക്കങ്ങളാണ് ഇതിൽ ഏറ്റവും ദുരൂഹം. നിർദിഷ്ട വഖഫ് ഭേദഗതി ബില്ലിനെ ഇതുമായി കൂട്ടിക്കെട്ടുകയും ബില്ലിനെ മുസ്ലിം സമുദായം എതിർക്കുന്നത് മുനമ്പത്തും മറ്റു പലയിടത്തും താമസിക്കുന്നവരെ കുടിയിറക്കാനാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു. മുനമ്പത്തെ ഭൂമി വഖഫ് ബോർഡിന് വിട്ടുകൊടുക്കേണ്ടിവന്നാൽ ഭാവിയിൽ ഒട്ടേറെ ഭൂമികളിൽ ബോർഡ് അവകാശവാദമുന്നയിക്കുമെന്നും ഇറങ്ങിക്കൊടുക്കേണ്ടിവരുമെന്നും നിയമം അറിയാവുന്നവർ പോലും പ്രചരിപ്പിക്കുന്നു. അതേസമയം, അന്യാധീനപ്പെടുത്തിയവർക്കും അതിൽ പങ്കുപറ്റിയവർക്കും വഖഫ് ഭൂമി വിട്ടുകൊടുത്താൽ അത് നിലവിൽ സംസ്ഥാനത്തും രാജ്യത്തിന്റെ പലഭാഗത്തും അന്യാധീനപ്പെട്ട വഖഫ് ഭൂമികളുടെ കാര്യം എന്താകും എന്ന ആശങ്ക കേന്ദ്രത്തിന്റെ വഖഫ് പിടിച്ചടക്കൽ നീക്കത്തിന്റെ നിഴലിൽ മുസ്ലിംസമുദായത്തിലുമുണ്ട്. മുനമ്പം നിവാസികളുടെ ജീവിക്കാനുള്ള അവകാശത്തെ മാനിച്ചും സാമുദായിക സൗഹാർദത്തിന് വിള്ളൽ വീഴ്ത്താത്തതുമായ പരിഹാരമാണ് വിഷയത്തിൽ വേണ്ടതെന്ന അഭിപ്രായം പക്വതയുള്ള എല്ലാ സംഘടനകളും പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരമൊരു പരിഹാരം തങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാകുമെന്ന് ചിലരെങ്കിലും ഭയപ്പെടുന്നു എന്നതാണ് ഏറ്റവും അപകടകരമായ വസ്തുത.
മുൻകൈയെടുക്കേണ്ടത് സർക്കാർ
രാഷ്ട്രീയ പാർട്ടികൾ പരസ്പരം പഴിചാരുകയും വർഗീയ സംഘടനകൾ മുതലെടുപ്പിന് ശ്രമിക്കുകയും ചെയ്യുമ്പോൾ നിയമപ്രശ്നങ്ങളുടെ കുരുക്കഴിയുന്ന, സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പിന് വഴിവെക്കാത്ത ശാശ്വത പരിഹാരമാണ് നിഷ്പക്ഷമതികൾ ആഗ്രഹിക്കുന്നത്. സർക്കാർ വിളിച്ച ഉന്നതതലയോഗത്തിലാണ് ഇപ്പോൾ മുനമ്പം നിവാസികളുടെയും പ്രതിഷേധക്കാരുടെയും സമാധാനകാംക്ഷികളുടെയും പ്രതീക്ഷ. സമാധാനപരമായ പരിഹാരമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിന് മുൻകൈയെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് വഖഫ് ബോർഡും രമ്യമായ പരിഹാരം കാണുമെന്ന് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. പരിഹാരം വൈകും തോറും സ്ഥാപിതതാൽപര്യക്കാരുടെ മുതലെടുപ്പ് വിജയിക്കാനുള്ള സാധ്യതകൾ വർധിക്കും. ഇരുകൂട്ടരുടെയും ഭാഗത്ത് സംഭവിച്ച വീഴ്ചകൾ അംഗീകരിച്ചുകൊണ്ടുതന്നെയാണ് പരിഹാര മാർഗങ്ങൾ തേടേണ്ടതെന്ന് നിയമവിദഗ്ധരും അഭിപ്രായപ്പെടുന്നു.
മുനമ്പം സമരപ്പന്തൽ സന്ദർശിച്ച് മഹല്ല് പ്രതിനിധിസംഘം
വൈപ്പിൻ: ഭൂമിയുടെ റവന്യൂ സംരക്ഷണം ആവശ്യപ്പെട്ട് സമരരംഗത്തുള്ള മുനമ്പം സമരനേതാക്കളുടെ ക്ഷണം സ്വീകരിച്ച് പറവൂർ വൈപ്പിൻ മേഖല മഹല്ല് ഐക്യവേദി പ്രതിനിധിസംഘം സമരപ്പന്തൽ സന്ദർശിച്ചു.
വഖ്ഫ് സ്വത്തിന്റെ സംരക്ഷണം ഗൗരവപ്പെട്ടതാണെന്നും എന്നാൽ, മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കുന്നതിന് മുഴുവൻ മുസ്ലിം സംഘടനകളും എതിരാണെന്നും സമരസമിതി നേതാക്കളുമായുള്ള ചർച്ചയിൽ പ്രതിനിധിസംഘം വ്യക്തമാക്കി. വില കൊടുത്ത് ഭൂമി വാങ്ങിയവരുടെ റവന്യൂ അവകാശം സംരക്ഷിക്കപ്പെടണമെന്നും സർക്കാർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നും സമരത്തിന്റെ മറവിൽ സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമത്തെ എല്ലാവരും തിരിച്ചറിയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
മുൻ എം.എൽ.എ ടി.എ. അഹമ്മദ് കബീർ, ഓണമ്പിള്ളി അബ്ദുസ്സലാം മൗലവി, ഞാലകം ജുമാമസ്ജിദ് ഇമാം സുലൈമാൻ മൗലവി, എറണാകുളം ഗ്രാന്റ് മസ്ജിദ് ഇമാം ഫൈസൽ അസ്ഹരി, എടവനക്കാട് മഹല്ല് ഇമാം മുഹമ്മദ് സലീം നദ്വി, മാഞ്ഞാലി ഇമാം സമീർ അൽഹസനി, മഹല്ല് ഐക്യവേദി നേതാക്കളായ കെ.ബി. കാസിം, കെ.കെ. ജമാലുദ്ദീൻ, ഇ.കെ. അഷ്റഫ് എന്നിവരടങ്ങുന്ന സംഘത്തെ ഫാ. ആന്റണി തറയിൽ, ജോസഫ് ബെന്നി, സെബാസ്റ്റ്യൻ, സുനിൽ ചൂതംപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഗൗരവമായ പ്രശ്നം ഉടലെടുത്ത് ഇത്രനാളായിട്ടും ആദ്യമായാണ് ഒരു മുസ്ലിം പ്രതിനിധിസംഘം ഇവിടം സന്ദർശിച്ച് സമാശ്വാസകരമായ പ്രതികരണം നടത്തിയതെന്ന് പള്ളി വികാരിമാർ പറഞ്ഞു. മുനമ്പം മഹല്ല് ഇമാം ഉസ്മാൻ ബാഖവി, മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് സക്കരിയ പാലത്തിങ്കൽ, സെക്രട്ടറി പി.എ. മുഹമ്മദ് നിസാർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
രാജ്യത്ത് അവശേഷിക്കുന്ന സൗഹാർദതുരുത്തുകളിലൊന്നാണ് കേരളം. അതിനെ എങ്ങനെയും മുക്കിക്കളയാൻ നാക്കു നീട്ടിയിരിക്കുന്നവർക്ക് തർക്കമേതായാലും ഉന്നം ഒന്നാണ്-അധികാരം. അതിനായി വൈപ്പിൻദേശത്തെ മുനമ്പമെന്ന കടലോരത്തെ മുൻനിർത്തി പെരും നുണകളും അന്യമത വെറുപ്പും കേരളമാകെ വാരിവിതറുകയാണ്. ഇതിന് നേതൃത്വം നൽകി നേട്ടം കൊയ്യാൻ ശ്രമിക്കുന്നതാരെന്ന് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ആർക്കും പറഞ്ഞുതരേണ്ടതില്ല. ഒപ്പം, ഈയടുത്ത കാലത്തായി കേരള ഭരണപക്ഷം കണ്ടെത്തിയ, ഒരു ജനവിഭാഗത്തെ മാത്രം ശത്രുപക്ഷത്ത് നിർത്തി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുള്ള ‘സവിശേഷ സോഷ്യൽ എൻജിനീയറിങ്’ മുനമ്പത്തും പരീക്ഷിക്കപ്പെടുന്നതിന്റെ ലക്ഷണങ്ങളും പ്രകടം.
മുസ്ലിം വിശ്വാസികളിൽ ചിലർ ദൈവകൃപ കാംക്ഷിച്ച് സമുദായ നന്മക്ക് ദൈവദാനം അഥവാ വഖഫ് ആയി നൽകുന്ന സ്വത്ത് അധികാരികളോ മറ്റോ നൽകിയ ഔദാര്യമെന്ന മട്ടിൽ ചിത്രീകരിക്കപ്പെടുക, അമ്മട്ടിൽ നുണകൾ പ്രചരിപ്പിക്കപ്പെടുമ്പോൾ സത്യമറിയാതെ സാധാരണ ജനങ്ങൾ ആശയക്കുഴപ്പത്തിലാകുന്നു. സത്യാവസ്ഥ വിശദീകരിച്ച് സൗഹാർദാന്തരീക്ഷം സംരക്ഷിക്കേണ്ട സർക്കാറാകട്ടെ, അവരുടെ പാർട്ടിയുടെ ‘ഇലക്ഷൻ എൻജിനീയറിങ്’ ടൂളാക്കാൻ മുനമ്പത്തെ പാകപ്പെടുത്തുകയാണെന്ന് സംശയിക്കേണ്ട കാര്യങ്ങളാണ് വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്.
വിശ്വാസികൾ, സ്വസമുദായത്തിന്റെ ഉന്നമനത്തിനായി എഴുതിവെച്ച സ്വത്ത്, കൈകാര്യം ചെയ്യേണ്ടവരുടെ കെടുകാര്യസ്ഥത മൂലം അന്യാധീനപ്പെട്ട കഥയാണ് മുനമ്പത്തിന് പറയാനുള്ളത്. ഇങ്ങനെ വഖഫ് ചെയ്തിട്ടതാണെന്ന് അറിഞ്ഞും അറിയാതെയും പലരും ആ ഭൂമി വാങ്ങി. വഖഫ് നിയമത്തിന്റെ വ്യവസ്ഥകളൊന്നും നോക്കാതെ പണം കൊടുത്തു വാങ്ങിയ ഭൂമി നഷ്ടപ്പെടുമോ എന്ന ആധിയിൽ അവർ പ്രക്ഷോഭത്തിനിറങ്ങിയത് മനസ്സിലാക്കാം. അതു ഉൾക്കൊണ്ടു തന്നെയാണ് മുനമ്പത്തെ നൂറുകണക്കിന് മനുഷ്യരുടെ സങ്കടം തീർക്കണമെന്ന ആവശ്യം ഉറക്കെപ്പറഞ്ഞവരിൽ ആദ്യ പേരുകാർ, ഇപ്പോൾ ചിലർ പ്രതിക്കൂട്ടിൽ നിർത്തുന്ന മുസ്ലിം സമുദായാംഗങ്ങൾ തന്നെയായത്. ഒരു സമുദായവും കക്ഷിയല്ലാത്ത മുനമ്പം തർക്കത്തിൽ വിഭാഗീയ തീ ആളിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം. വെറുപ്പിന്റെ വക്താക്കളെ മാറ്റിനിർത്തി സൗഹാർദത്തിലൂടെ പ്രശ്നങ്ങളിൽ രമ്യമായ പരിഹാരമാരാഞ്ഞ് മുന്നോട്ടുപോകാനുള്ള മലയാളത്തിന്റെ അതിജീവനക്കരുത്ത് ഇവിടെയും പ്രകടമാകട്ടെ.
എന്താണ് വഖഫ് ?
മുസ്ലിംകളുടെ ഒരു ദാനരീതിയാണ് വഖഫ്. സ്വന്തം ഉടമസ്ഥതയിലുള്ള സ്വത്ത് ദൈവപ്രീതി കാംക്ഷിച്ചു നൽകുന്ന ദാനമാണത്. മനുഷ്യ നന്മക്കായി നീക്കിവെക്കുന്ന ദാനങ്ങൾ എന്നെന്നും നിലനിൽക്കണമെന്നും അന്യാധീനപ്പെടാതെ മനുഷ്യ നന്മക്കായി മാറ്റിവെക്കുന്ന സ്വത്തുക്കൾ സമൂഹത്തിൽ പൊതുനന്മകൾ പരിപോഷിപ്പിക്കും എന്നും ഇസ്ലാം മനസ്സിലാക്കുന്നു. മുസ്ലിംകളുടെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ, ഖബറിടങ്ങൾ, സൂഫി ദർഗകൾ എന്നിവയെല്ലാം സംരക്ഷിക്കപ്പെട്ടുവരുന്നത് ഈ വഖഫ് തത്ത്വം അനുസരിച്ചാണ്.
എന്താണ് വഖഫ് ബോർഡ്?
ഇന്ത്യൻ ഭരണഘടനയുടെ 26ാം വകുപ്പ് ഇന്ത്യയിലെ എല്ലാ മതസ്ഥർക്കും തങ്ങളുടെ സ്ഥാപനങ്ങൾ നിർമിക്കാനും കൈകാര്യം ചെയ്യാനും മൗലികാവകാശം ഉറപ്പു നൽകുന്നു. എല്ലാ മത സമുദായങ്ങളിലും ഈ കൃത്യനിർവഹണത്തിന് സർക്കാർ പിന്തുണയുള്ള സംവിധാനങ്ങളുണ്ട്. ഹിന്ദു സമുദായത്തിൽ വിവിധ മത എൻഡോവ്മെന്റ് നിയമങ്ങൾ അനുസരിച്ച് ദേവസ്വം ബോർഡ് അടക്കമുള്ള സംവിധാനങ്ങളാണ് ഈ പരിപാലകർ. സിഖ് സമുദായത്തിന് ഗുരുദ്വാര നടത്തിപ്പിന് പ്രത്യേക നിയമമുണ്ട്. വിവിധ ക്രൈസ്തവ സഭകൾ ഇന്ത്യൻ കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് അവരുടെ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പരിപാലിക്കുന്നു. ഇതിനു സമാനമായി മുസ്ലിംകൾക്കിടയിൽ നിലനിൽക്കുന്ന സംവിധാനമാണ് വഖഫ് ബോർഡ്. ഇത് പ്രവർത്തിക്കുന്നത് 1995ലെ വഖഫ് നിയമ പ്രകാരമാണ്.
വഖഫ് സ്വത്തുക്കളും ബോർഡും
ഇപ്പോൾ എൻ.ഡി.എ സർക്കാർ കൊണ്ടുവന്ന വഖഫ് ബില്ലിനെ സാധൂകരിക്കാൻ വ്യാപകമായി പ്രചരിപ്പിക്കുന്ന ദുഷ്പ്രചാരണങ്ങളിൽ പ്രധാനമാണ് വഖഫ് ബോർഡിന്റെ സാമ്പത്തികശേഷി. വഖഫ് ബോർഡിനെ ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ മുതലാളിയായി ചിത്രീകരിക്കുന്നു എന്നതാണ് ഈ പ്രചാരണത്തിന്റെ മർമം. മുസ്ലിംകൾ ഇതര മതവിഭാഗങ്ങളുടെ അവകാശങ്ങളും സമ്പത്തും കവരുകയാണ് എന്ന കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രചാരണത്തിന്റെ തുടർച്ച തന്നെയാണിതും. റെയിൽവേയും പ്രതിരോധവകുപ്പും കഴിഞ്ഞാൽ ഏറ്റവും വലിയ സാമ്പത്തിക ശക്തി വഖഫ് ബോർഡ് ആണെന്ന് പെരുപ്പിച്ചു കാണിക്കുകയാണ്. യഥാർഥത്തിൽ വഖഫ് ബോർഡിന് വഖഫ് സ്വത്തിന്മേൽ ഒരു ഉടമാവകാശവും ഇല്ല.
അവരുടെ നേരിട്ടുള്ള ഉടമസ്ഥതയിൽ കേരളത്തിൽ ആകെയുള്ളത് വെറും മുപ്പത് സെൻറ് ഭൂമി മാത്രമാണ്. വഖഫ് ചെയ്യപ്പെട്ട സ്വത്ത് ദാനം ചെയ്തയാളുടെ ഉദ്ദേശ്യ പ്രകാരം സംരക്ഷിക്കുക മാത്രമാണ് ബോർഡിന്റെ ചുമതല. അത് അവർ ചെയ്യാത്ത അവസരത്തിൽ സർക്കാറിന് അവരെ പിരിച്ചുവിടാനും പുതിയ സംവിധാനം ഏർപ്പെടുത്താനും അധികാരമുണ്ട്.
വഖഫ് ട്രൈബ്യൂണലുകൾ
ലോകത്ത് പ്രചാരത്തിലുള്ള ബദൽ തർക്കപരിഹാര സംവിധാനമാണ് ട്രൈബ്യൂണലുകൾ. നിയമവ്യവഹാരങ്ങളിൽ കോടതികളുടെ ഭാരം കുറക്കുകയാണ് ട്രൈബ്യൂണലുകളുടെ സ്ഥാപന ലക്ഷ്യം. ഇന്ത്യയിൽ മത വിഭാഗങ്ങളുടെ സമ്പത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ വളരെയധികമാണ്. അതിനാൽ ഓരോ സംസ്ഥാനത്തും തർക്ക പരിഹാരത്തിന് 1995ലെ വഖഫ് നിയമം നൽകുന്ന അധികാരമനുസരിച്ച് വഖഫ് ട്രൈബ്യൂണലുകൾ പ്രവർത്തിക്കുന്നു. വഖഫ് ബോർഡ് ഫണ്ട് ഉപയോഗിച്ചാണ് അതിന്റെ പ്രവർത്തനം. ബി.ജെ.പി സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ വഖഫ് സമ്പത്ത് സംരക്ഷിക്കാനുള്ള മുസ്ലിംകളുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു. ഏത് മത വിഭാഗത്തിന്റെയും മത എൻഡോവ്മെന്റ് നിയമങ്ങൾ ഭേദഗതിചെയ്യേണ്ടത്, അതത് സമുദായങ്ങൾ ആവശ്യപ്പെടുമ്പോഴും സമുദായങ്ങളെ പൂർണ വിശ്വാസത്തിലെടുത്തുമാണ്. ചർച്ചുകളുടെയും ക്ഷേത്രങ്ങളുടെയും ഗുരുദ്വാരകളുടെയും പരിപാലന ഉത്തരവാദിത്തത്തിൽ ഇല്ലാത്ത നിബന്ധനകളാണ് വഖഫ് ഭേദഗതിയിൽ നിർദേശിക്കുന്നത്. അത് എല്ലാ മത വിഭാഗങ്ങളെയും ഒരുപോലെ പരിഗണിക്കണമെന്ന ഭരണഘടനാ തത്ത്വം ലംഘിക്കുന്നു.
‘ശാശ്വത പരിഹാരം വേണം’
മുനമ്പത്ത് കുടിയിറക്ക് ഭീഷണി നേരിടുന്ന ജനതയുടെ ആശങ്കകൾക്ക് മനുഷ്യത്വപരവും ശാശ്വതവുമായ പരിഹാരമുണ്ടാകണം. വിലകൊടുത്തു വാങ്ങി തങ്ങളുടെ പേരിൽ നിയമപരമായി രജിസ്റ്റർ ചെയ്ത് പതിറ്റാണ്ടുകളായി സ്വന്തമായി ഉപയോഗിക്കുന്ന കിടപ്പാടത്തിന്റെ നിയമപരമായ അവകാശങ്ങൾക്കായി സമരം ചെയ്യുന്ന ജനങ്ങളോട് സംഘടന ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട് -കൗൺസിൽ ഫോർ കമ്യൂണിറ്റി കോഓപറേഷൻ (സി.സി.സി)
‘ക്രയവിക്രയാധികാരത്തോടുകൂടിയാണ് കോളജ് കമ്മിറ്റിക്ക് സ്ഥലം രജിസ്റ്റർ ചെയ്തുകിട്ടിയത്’
വഖഫ് സ്വത്ത് വിൽപന നടത്തി എന്ന കമീഷൻ കണ്ടെത്തൽ അടിസ്ഥാനരഹിതമാണ്. 1950ൽ ക്രയവിക്രയാധികാരത്തോടുകൂടിയാണ് കോളജ് കമ്മിറ്റിക്ക് സ്ഥലം രജിസ്റ്റർ ചെയ്തുകിട്ടിയത്. ആധാര നിബന്ധനകളനുസരിച്ച് അതൊരു ദാനാധാരം മാത്രമാണ്. 404 ഏക്കറിൽ 300 ഏക്കർ കായലിലും അറബിക്കടലിലും പെട്ട് കിടക്കുന്നതും അറബിക്കടലിന്റെ ഭാഗമായി സർക്കാർ സർവേ ചെയ്തിട്ടുള്ളതുമാണ്. അത് ദുർബലപ്പെടുത്താൻ കോളജ് നിയമനടപടികൾ സ്വീകരിച്ചു. ഈ സ്ഥലത്ത് സർക്കാർ ചെലവിൽ തെക്കുവടക്കായി കടൽഭിത്തി കെട്ടി വേർതിരിച്ചിട്ടുണ്ട്. കുടിയാന്മാരും കുടികിടപ്പുകാരും കൈയേറ്റക്കാരും ഉൾപ്പെടെ 400ഓളം പേരുടെ കൈവശമുണ്ടായിരുന്ന സ്ഥലങ്ങൾ ഒരുനിലക്കും ഒഴിപ്പിച്ചെടുക്കാൻ സാധ്യമല്ലാത്ത അവസ്ഥയിൽ മധ്യസ്ഥ തീരുമാനപ്രകാരം മുൻ കൈവശത്തെത്തുടർന്ന് അവർക്കുതന്നെ ആധാരം രജിസ്റ്റർ ചെയ്തുകൊടുക്കുകയാണ് ഉണ്ടായത്. കോളജ് ഭരണസമിതി ഭൂമി ആർക്കും അനധികൃതമായി കൈമാറിയിട്ടില്ല -ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.