കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്ക് തടയിടാൻ മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നടത്തുന്ന നിർണായക നീക്കങ്ങൾ നടത്തുന്നതിനിടെ വഖഫ്സ്വത്തുമായി ബന്ധപ്പെട്ട് പാർട്ടിക്കകത്തുനിന്നും സമസ്തയിലെ ലീഗ് വിരുദ്ധരും ഉന്നയിക്കുന്ന ഭിന്നാഭിപ്രായങ്ങൾ പാർട്ടിയെ സമ്മർദത്തിലാക്കുന്നു. മുനമ്പം വിഷയത്തിൽ മുതലെടുക്കാൻ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് കൊണ്ടുപിടിച്ച ശ്രമങ്ങളുണ്ടായപ്പോഴാണ് പരിഹാര നീക്കങ്ങൾക്ക് മുസ്ലിംലീഗ് നേതൃത്വം ശ്രമം തുടങ്ങിയത്. ഇതുസംബന്ധിച്ച് ചേർന്ന മുസ്ലിം സംഘടനകളുടെ യോഗം രമ്യമായ പരിഹാരത്തിന് സർക്കാർ മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെടുകയും സമവായ നീക്കത്തിന് സാദിഖലി തങ്ങളെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ യോഗത്തിൽ മുനമ്പത്തെ വഖഫ് ഭൂമിയുടെ സാധുതയെക്കുറിച്ച് ഒരു വിഭാഗം ഉയർത്തിക്കൊണ്ടുവന്ന വിവാദങ്ങൾ യോഗത്തിൽ ചർച്ച വിഷയമായിരുന്നില്ല. സാമുദായിക ധ്രുവീകരണത്തിന് തടയിടാൻ സംസ്ഥാനസർക്കാർ എത്രയുംവേഗം അനുരഞ്ജനത്തിന് നടപടി സ്വീകരിക്കണമെന്നതായിരുന്നു യോഗത്തിന്റെ പൊതുവികാരം.
മാസങ്ങളായി പുകയുന്ന പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാർ ശ്രമിക്കാത്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അതിന്റെ ഗുണഭോക്താക്കൾ സംഘ്പരിവാർ ആയിരിക്കുമെന്നുമുള്ള തിരിച്ചറിവിൽ തങ്ങൾ സമവായനീക്കവുമായി മുന്നോട്ടുപോയി. വരാപ്പുഴ ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കലുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ച ഇതിന്റെ ഭാഗമായിരുന്നു. തുടർന്ന് മുനമ്പത്തേത് വഖഫ് ഭൂമിതന്നെയാണെന്ന വാദമുയർത്തി സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസി രംഗത്തുവന്നു. മുസ്തഫ മുണ്ടുപാറ അടക്കമുള്ള സമസ്തയിലെ ഒരുവിഭാഗം ഇതിനെ പിന്തുണച്ചു. കാന്തപുരം വിഭാഗത്തിന്റെ കേരള മുസ്ലിം ജമാഅത്തും ഐ.എൻ.എല്ലും വഖഫ് ഭൂമിയിൽ സംശയമുയർത്തുന്നതിനെതിരെ രംഗത്തുവന്നു. അതിനിടെ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നു പറഞ്ഞ് പ്രതിപക്ഷനേതാവ് നിരന്തരം പ്രസ്താവനകളുമായി ഇറങ്ങിയത് മുസ്ലിംസംഘടനകൾക്കിടയിൽ മുറുമുറുപ്പുണ്ടാക്കി. അതിനു മറുപടിയെന്നോണമാണ് ലീഗ് സെക്രട്ടറി കെ.എം ഷാജി മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നു പൊതുയോഗത്തിൽ പറഞ്ഞത്. മുതിർന്ന നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ ഷാജിയുടെ നിലപാടിനെ പിന്തുണക്കുകയും ചെയ്തു. ഇതോടെ പാർട്ടിയിൽ ഇതുസംബന്ധിച്ച അഭിപ്രായങ്ങൾ വിലക്കി സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും രംഗത്തുവന്നു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാട് ലീഗിനില്ലെങ്കിലും ധ്രുവീകരണ നീക്കങ്ങൾ നടക്കുന്ന സമയത്ത് അടിയന്തരമായി ചർച്ചചെയ്യേണ്ട വിഷയം അതല്ലെന്ന നിലപാടാണ് സാദിഖലി തങ്ങൾ അടക്കമുള്ളവരുടേത്. സമസ്തയിൽ നിന്നുള്ളവരടക്കമുള്ള ചില മുസ്ലിം സംഘടനകളും നേതാക്കളും ഭിന്നാഭിപ്രായവുമായി രംഗത്തുവരുന്നത് തങ്ങളുടെ സമവായശ്രമങ്ങൾക്ക് തിരിച്ചടിയാകുമോ എന്നാണ് ലീഗ് നേതൃത്വത്തിന്റെ ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.