മുനമ്പത്ത് കേരള സര്‍ക്കാരും വഖഫ് ബോര്‍ഡുമാണ് ആ പാവങ്ങള്‍ക്കൊപ്പം നില്‍ക്കാത്തത്- വി.ഡി. സതീശൻ

പാലക്കാട് : മുനമ്പത്ത് കേരള സര്‍ക്കാരും വഖഫ് ബോര്‍ഡുമാണ് ആ പാവങ്ങള്‍ക്കൊപ്പം നില്‍ക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുനമ്പത്തെ പ്രശ്‌ന പരിഹാരത്തിന് സ്വാഗതാര്‍ഹമായ നിലപാടാണ് സാദിഖലി ശിഹാബ് തങ്ങള്‍ സ്വീകരിച്ചത്. അദ്ദേഹവും പി.കെ കുഞ്ഞാലിക്കുട്ടിയും മുന്‍കൈ എടുത്താണ് മുസ് ലീം സംഘടനകള്‍ യോഗം ചേര്‍ന്നത്.

സഹോദര മതത്തില്‍പ്പെട്ടവര്‍ക്ക് ഒരു പ്രശ്‌നം വന്നപ്പോള്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കുകയാണ്. കേരള സര്‍ക്കാരും വഖഫ് ബോര്‍ഡുമാണ് ആ പാവങ്ങള്‍ക്കൊപ്പം നില്‍ക്കാത്തത്. സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. നിലപാടിന് വിരുദ്ധമായ വര്‍ത്ത വന്നിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ആരാണെന്ന് ഒന്ന് അന്വേഷിച്ച് നോക്ക്. സി.പി.എം ഒരു കള്ളക്കളി കളിക്കുന്നുണ്ട്.

അതുകൊണ്ടാണ് തെരഞ്ഞെടുപ്പിന്റെ തലേന്ന് വയനാട്ടിലും തൃശൂരിലും വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്‍കിയതിന്റെ പിറ്റേന്ന് ബി.ജെ.പി നേതാക്കള്‍ സ്ഥലം സന്ദര്‍ശിക്കുന്നു. എന്തൊരു നാടകമാണ് സംസ്ഥാന സര്‍ക്കാര്‍ കളിക്കുന്നത്? മനപൂര്‍വമായി പ്രകോപനം ഉണ്ടാക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയ്ക്ക് സര്‍ക്കാരും വഖഫ് ബോര്‍ഡും കുടപിടിച്ചു കൊടുക്കുകയാണ്. ഒരു ജാതി, മത സംഘടനകളുടെ അകത്തുള്ള പ്രശ്‌നങ്ങളിലും ഞങ്ങള്‍ പക്ഷം പിടിക്കില്ല.

ഇന്ന് വാര്‍ത്ത വരാനുണ്ടായതിന് പിന്നില്‍ ആരായിരിക്കുമെന്നും ഈ വാര്‍ത്ത എഴുതിയ ആള്‍ നേരത്തെ സ്വീകരിച്ച നിലപാടുകള്‍ എന്തായിരുന്നെന്നും പരിശോധിക്കണം. ഇതിന് മുന്‍പും ആ പത്രത്തില്‍ തന്നെ എഡിറ്റോറിയല്‍ വന്നപ്പോള്‍ അത് സമസ്തയുടെ നിലപാടല്ലെന്ന് ജിഫ്രിക്കോയ തങ്ങള്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ എഡിറ്റോറിയല്‍ വന്നപ്പോഴും ഞങ്ങളുടെ നിലപാടല്ലെന്ന് സമസ്ത പറഞ്ഞിട്ടുണ്ട്.

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഗോപാലകൃഷ്ണനും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ ശ്രമിച്ചു. നൂറു കണക്കിന് കാലമായുള്ള വാവര് നട പൊളിക്കണമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞിട്ടും ഒരു കേസ് പോലും പിണറായി സര്‍ക്കാര്‍ എടുത്തില്ല. പിണറായിയെ വിമര്‍ശിച്ചാല്‍ വീടും ഓഫീസും റെയ്ഡ് ചെയ്യുന്നവരാണ് ഇപ്പോള്‍ കേസെടുക്കാതിരുന്നത്. ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പിണറായി വിജയന് ധൈര്യമില്ല. ബി.ജെ.പിയെ ഭയന്നാണ് പിണറായി കേരളം ഭരിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. 

Tags:    
News Summary - Munambath Kerala Government and Waqf Board are not standing with those poor - V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.