തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക തയാറാകുന്നു. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയാണ് ഒന്നാംഘട്ടത്തിൽ പരിഗണിക്കുക. വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന ദുരന്തബാധിതരെയും അവർക്ക് മറ്റെവിടെയും വീടില്ലെങ്കിൽ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തും. അപകട മേഖലയിലെ വാസയോഗ്യമല്ലെന്ന് കണ്ടെത്തുന്ന ഇടങ്ങളിൽ താമസിക്കുന്നവരെ രണ്ടാംഘട്ടത്തിൽ പരിഗണിക്കുമെന്നും സംസ്ഥാന സർക്കാർ ഇറക്കിയ പുതിയ ഉത്തരവിൽ വ്യക്തമാക്കി.
മാനന്തവാടി സബ് കലക്ടറാണ് ഒന്നാംഘട്ട പുനരധിവാസത്തിൽ ഉൾപ്പെടുന്നവരുടെ കരട് പട്ടിക തയാറാക്കുന്നത്. ഇതിന് പൊതുവിതരണ വകുപ്പ് ലഭ്യമാക്കിയ റേഷൻ കാർഡ് ജിയോറഫറൻസ് പ്രാഥമിക വിവരമായി കണക്കാക്കും. സബ് കലക്ടർ തയാറാക്കുന്ന പട്ടിക മേപ്പാടി ഗ്രാമപഞ്ചായത്ത് അധികൃതർ തയാറാക്കിയ പട്ടികയുമായി ഒത്തുനോക്കും. അതിൽ ഒഴിവാക്കപ്പെട്ടതും അധികമായി ഉൾപ്പെട്ടതുമായ കുടുംബങ്ങളുടെ വിവരങ്ങൾ പഞ്ചായത്തിൽനിന്ന് ലഭ്യമാക്കി പരിശോധനകൾക്കുശേഷം ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ അന്തിമ കരട് പട്ടിക തയാറാക്കും.
കരട് ലിസ്റ്റ് കലക്ടറേറ്റ്, മാനന്തവാടി ആർ.ഡി ഓഫിസ്, വൈത്തിരി താലൂക്ക് ഓഫിസ്, വെള്ളരിമല വില്ലേജ്, മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും ജില്ല ഭരണകൂടത്തിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും വെബ്സൈറ്റുകളിലും ലഭ്യമാക്കും. പട്ടികയിലെ വിശദാംശങ്ങൾ പരിശോധിക്കാൻ വെള്ളരിമല വില്ലേജ്, മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫിസുകളിൽ ഹെൽപ് ഡെസ്ക് സജ്ജീകരിക്കും. കരട് പട്ടിക പ്രസിദ്ധീകരിച്ച് 15 പ്രവൃത്തിദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ സ്വീകരിക്കും. ആക്ഷേപങ്ങൾ വൈത്തിരി താലൂക്ക് ഓഫിസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫിസുകളിലും subcollectormndy@gmail.com എന്ന ഇ-മെയിലിലും അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.