മൂന്നാർ ഭൂമി കൈയേറ്റം: സി.ബി.ഐ അന്വേഷണം വേണോ എന്ന് പരിശോധിക്കുമെന്ന് ഹൈകോടതി

കൊച്ചി: മൂന്നാറിലെ ഭൂമി കൈയേറ്റത്തിൽ സി.ബി.ഐ അന്വേഷണം വേണോ എന്ന് പരിശോധിക്കുമെന്ന് ഹൈകോടതി. കൈയേറ്റം ഒഴിപ്പിക്കലിൽ സർക്കാരിന് ആത്മാർഥതയില്ല. നേരത്തെ നൽകിയ ഉത്തരവ് നടപ്പാക്കാത്തതിന് പിന്നിൽ ഉന്നതബന്ധങ്ങളുണ്ടോയെന്ന ചോദ്യവും ഡിവിഷൻ ബെഞ്ച് ഉന്നയിച്ചു. 14 വർഷമായി നടപടികൾ മുന്നോട്ട് പോകുന്നില്ലെന്നും കോടതി വിമർശിച്ചു.

ഇക്കാര്യത്തിൽ നാളെ ഉച്ചക്ക് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഓൺലൈനിൽ ഹാജരായി വിശദീകരണം നൽകണമെന്നും കോടതി പറഞ്ഞു. മൂന്നാറിലെ ഭൂമി കൈയേറ്റ കേസുകൾ പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചാണ് കടുത്ത അതൃപ്തി വ്യക്തമാക്കി വീഴ്ചയിൽ സി.ബി.ഐ അന്വേഷണത്തിന്‍റെ സാധ്യതയിലേക്ക് വിരൽചൂണ്ടുന്നത്.

മൂന്നാറിലെ ഭൂമി കൈയേറ്റം സംബന്ധിച്ച് ഭൂരേഖകളുടെ പരിശോധന നടക്കുന്നില്ല, പരിശോധന നടക്കരുത് എന്നാഗ്രഹിക്കുന്ന ചിലർക്ക് വേണ്ടിയാണോ ഇതെന്ന് സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഭൂമികൈയേറ്റത്തിനും പരിശോധന തടയുന്നതിനും പിന്നിൽ ഉന്നതരായ ആരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കേണ്ടിവരും. കഴിഞ്ഞ ജനുവരി ഒമ്പതിന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയും ,ലാൻഡ് റവന്യു കമീഷണറും, മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും അംഗങ്ങളായി മോണിറ്ററിംഗ് സമിതി രൂപീകരിച്ച് കോടതി ഉത്തരവിട്ടിരുന്നു. മൂന്നാറിലെ കൈയേറ്റത്തിന്‍റെ സാഹചര്യം പരിശോധിച്ച് എവിടെയാണ് വീഴ്ചയെന്നത് റിപ്പോർട്ടായി നൽകണമെന്നായിരുന്നു നിർദേശം. എന്നാൽ, ഇതുവരെ ആരും അനങ്ങിയിട്ടില്ല. കാരണവും കോടതിയെ അറിയിച്ചില്ല.

കോടിക്കണക്കിന് രൂപയുടെ ഇടപാട് നടക്കുന്ന പ്രദേശത്ത് ഭൂരേഖകളുടെ പരിശോധന നടക്കാത്തത് ഉന്നതരെ സഹായിക്കാനാണോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു. റവന്യു ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, അബ്ദുൽ ഹക്കീം എന്നിവരടങ്ങിയ മൂന്നാർ ബെഞ്ച് സംശയം പ്രകടിപ്പിച്ചു. അട്ടിമറിയുടെ കാരണം കണ്ടെത്താൻ സി.ബി.ഐ ഉൾപ്പടെയുള്ള ഏജൻസികളുടെ അന്വേഷണം പ്രഖ്യാപിക്കേണ്ടി വരുമെന്നും ഡിവിഷൻ ബെഞ്ചിന്‍റെ മുന്നറിയിപ്പ് നല്‍കി.റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നടപടിയിൽ കോടതി കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നാളെ ഉച്ചക്ക് 1.45 ന് തന്നെ ഉദ്യോഗസ്ഥനോട് ഓൺലൈനായി ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടത്.

Tags:    
News Summary - Munnar land grab: High court will examine whether CBI investigation is necessary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.