Muralee Thummarukudy react to brutal torture

ടാർ​ഗറ്റ് അച്ചീവ് ചെയ്യാത്തവരെ കഴുത്തിൽ ബെൽറ്റിട്ട് നടത്തിച്ചത് സമൂഹത്തിന് അപമാനകരം, കേരളത്തിൽ സംഭവിക്കുമെന്ന് ഒരിക്കലും ചിന്തിച്ചില്ല -മുരളി തുമ്മാരുകുടി

കോഴിക്കോട്: കൊച്ചിയിൽ സ്വകാര്യ മാർക്കറ്റിങ് കമ്പനിയിൽ ടാർ​ഗറ്റ് അച്ചീവ് ചെയ്യാത്ത ജോലിക്കാരെ ക്രൂരപീഡനത്തിന് ഇരയാക്കിയെന്ന് ആരോപണത്തിൽ പ്രതികരിച്ച് മുരളി തുമ്മാരുകുടി. കേരളത്തിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് തുമ്മാരുകുടി ഫേസ്ബുക്കിൽ കുറിച്ചു.

സ്വാതന്ത്ര്യ സമരസേനാനികൾ ഉണ്ടായിരുന്ന, എല്ലാ തലത്തിലും രാഷ്ട്രീയം എത്തിയിട്ടുള്ള വെങ്ങോലയിൽ എങ്ങനെയാണ് ആധുനിക സമൂഹത്തിന് അപമാനമായ ഇത്തരം കാര്യം സംഭവിച്ചത്. കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നും നമുക്ക് ആഗോളവൽക്കരണത്തിന്‍റെ നല്ല മാതൃകകൾ മതിയെന്നും എഫ്.ബി പോസ്റ്റിൽ മുരളി തുമ്മാരുകുടി വ്യക്തമാക്കി.

മുരളി തുമ്മാരുകുടി ഫേസ് ബുക്ക് പോസ്റ്റ്

ആഗോളവൽക്കരണം വെങ്ങോലയിൽ എത്തുമ്പോൾ ഓരോ തവണയും നാട്ടിൽ എത്തുമ്പോൾ കാണുന്ന ഒരു കാഴ്ചയുണ്ട്. ഒരു ബാഗ് നിറയെ വിൽപ്പന സാധനങ്ങളുമായി ഒരു ചെറുപ്പക്കാരനോ ചെറുപ്പക്കാരിയോ വീട്ടിൽ വരുന്നു. "എന്തെങ്കിലും എടുക്കണം സാർ" എന്നു പറഞ്ഞു നിർബന്ധിക്കലായി. പരിശീലനമാണ്, കഷ്ടപ്പാടാണ്, ടാർഗറ്റ് മീറ്റ് ചെയ്യേണ്ട ദിവസമാണ് എന്നിങ്ങനെ പലതുമാകും കഥ.

പലപ്പോഴും ആവശ്യമില്ലെങ്കിലും വാങ്ങിപ്പോകും. ഇത്തവണ വന്ന പെൺകുട്ടി കരച്ചിൽ തുടങ്ങി. എത്ര പറഞ്ഞിട്ടും പോകുന്നില്ല. എന്തായിരിക്കണം അതിന് കാരണം എന്നു ചിന്തിച്ചിരുന്നു. വ്യക്തിപരമായ സാമ്പത്തിക പ്രശ്നമായിരിക്കും എന്നാണ് ചിന്തിച്ചത്. ഇന്നിപ്പോൾ ഈ വാർത്ത വരുന്നത് എൻറെ ഗ്രാമത്തിൽ നിന്നാണ്. സെയിൽസ് ടാർഗറ്റ് മീറ്റ് ചെയ്യാത്തവരെ മനുഷ്യത്യ രഹിതമായി കൈകാര്യം ചെയ്യുന്നു.

ആ പെൺകുട്ടിയും ടാർഗറ്റ് മീറ്റ് ചെയ്തില്ലെങ്കിൽ അക്രമിക്കുന്ന സംവിധാത്തിന്‍റെ ഇരയായിരിക്കുമോ? അഞ്ചു വർഷം മുൻപ് ഇത്തരം വാർത്ത ചൈനയിൽ നിന്നും വന്നിരുന്നു. ഇത് കേരളത്തിൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ സംഭവിക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. അതും എന്‍റെ ഗ്രാമത്തിൽ വിശ്വസിക്കാൻ പറ്റുന്നില്ല.

സ്വാതന്ത്ര്യ സമരസേനാനികൾ ഒക്കെ ഉണ്ടായിരുന്ന പ്രദേശമാണ്. രാഷ്ട്രീയം ഒക്കെ എല്ലാ തലത്തിലും എത്തിയിട്ടുള്ള സ്ഥലമാണ്. റോഡിൽ വണ്ടിയോടിക്കുമ്പോൾ പോലും കച്ചറ കാണിച്ചാൽ നാട്ടുകാർ ഉട"നടി" ഇടപെടുന്ന സ്ഥലമാണ്. ഇവിടെ എങ്ങനെയാണ് ആധുനിക സമൂഹത്തിന് അപമാനമായ ഇത്തരം കാര്യം സംഭവിച്ചത്?

കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. പക്ഷെ ഈ കാര്യം അന്വേഷിക്കണം. കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണം നമുക്ക് ആഗോളവൽക്കരണത്തിന്‍റെ നല്ല മാതൃകകൾ മതി!

കൊച്ചിയിൽ സ്വകാര്യ മാർക്കറ്റിങ് കമ്പനിയിൽ ടാർ​ഗറ്റ് അച്ചീവ് ചെയ്യാത്ത ജോലിക്കാരെ ക്രൂരപീഡനത്തിന് ഇരയാക്കിയെന്നാണ് ആരോപണം. കമ്പനി ചെറുപ്പക്കാരുടെ കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് സ്ഥാപനത്തിൽ മുമ്പ് ജോലി ചെയ്തിരുന്നതായി അവകാശപ്പെടുന്ന യുവാവ് വെളിപ്പെടുത്തി. സംഭവം എങ്ങനെ എവിടെ നടന്നുവെന്ന് ആർക്കും അറിയില്ല. ആരും പൊലീസിൽ പരാതിയും നൽകിയിട്ടില്ല. പീഢനനമേറ്റവരെയും കണ്ടെത്തനായില്ല.

വിഡിയോ ചർച്ചയായതോടെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം ലേബർ ഓഫീസർക്ക് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. ഇത്തരം നടപടികൾ ഒരു കാരണവശാലും അനുവദിക്കാൻ സാധിക്കില്ല.

വിഷയം വളരെ ഗൗരവകരമായിട്ടാണ് സർക്കാർ കാണുന്നത്. സ്ഥാപനത്തിന്റെ പ്രവർത്തികൾ സംബന്ധിച്ച് സമഗ്രമായ റിപ്പോർട്ട് തേടുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ യുവജന കമീഷനും കേസെടുത്തു.

Tags:    
News Summary - Muralee Thummarukudy react to Employees to brutal torture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.