മറയൂര്‍: ഉറങ്ങിക്കിടന്ന യുവാവിനെ തലക്ക് അടിച്ചും വായിൽ കമ്പി കുത്തിയിറക്കിയും ക്രൂരമായി കൊലപ്പെടുത്തി. കാന്തല്ലൂര്‍ തീര്‍ഥമല മുതുവാക്കുടി സ്വദേശി രമേശാണ് (27) കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം ഒളിവിൽ പോയ പ്രതിയും രമേശിന്റെ അമ്മാവന് സുബ്ബരാജിന്റെ മകനുമായ സുരേഷിനെ (23) മറയൂരിലെ ചന്ദന റിസർവിൽനിന്ന് പൊലീസ് പിടികൂടി. മറയൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പെരിയക്കുടി മുതുവ കോളനിയിലെ സുരേഷിന്റെ വീട്ടിൽ വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
സുരേഷിന്റെ മാതാപിതാക്കള്‍ വീടിന് സമീപത്തുതന്നെ ഷെഡിലാണ് താമസം. നേരത്തേ ട്രൈബല്‍ പ്രമോട്ടറായി ജോലി ചെയ്തിരുന്ന രമേശ് ഇടക്കിടെ അമ്മാവന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു. വെള്ളിയാഴ്ചയും രമേശ് സുരേഷിനൊപ്പമുണ്ടായിരുന്നു. മദ്യപാനത്തിനിടെയുള്ള വാക്തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഉറങ്ങിക്കിടന്ന രമേശിനെ കമ്പിവടികൊണ്ട് പലപ്രാവശ്യം തലക്ക് അടിച്ച് കൊലപ്പെടുത്തിയശേഷം ഇതേ കമ്പിവടി വായില്‍ കുത്തിക്കയറ്റി മൃതദേഹം വികൃതമാക്കുകയും ചെയ്തു. കൊലപാതകത്തിനുശേഷം സുരേഷ് സ്ഥലത്തുനിന്ന് കടന്നു. അയല്‍വാസികളാണ് സംഭവം പൊലീസിനെ അറിയിച്ചത്.
സുരേഷ് മദ്യത്തിനടിമയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മറയൂര്‍ എസ്.എച്ച്.ഒ പി.ടി. ബിജോയി, എസ്.ഐ ബ്രിജിത് ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ഫോറൻസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. സുധയാണ് രമേശിന്റെ ഭാര്യ.
മറയൂർ: പെരിയകുടിയിൽ ബന്ധു കൊലപ്പെടുത്തിയ കാന്തല്ലൂര്‍ തീര്‍ഥമല മുതുവാക്കുടി സ്വദേശി രമേശിന്റെ മൃതദേഹം മറയൂരിൽ എത്തിച്ചത് നാല് കിലോമീറ്റർ ചുമന്ന്. മറയൂരിലെ മലമുകളിലാണ് പെരിയകുടി. ഇവിടേക്ക് മതിയായ യാത്രാസൗകര്യമില്ലാത്തതിനാൽ അടിയന്തര സാഹചര്യങ്ങളിൽ ജീപ്പിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ, മൃതദേഹം വാഹനത്തിൽ കയറ്റാൻ കുടിയിലെ ജീപ്പുകാർ തയാറായില്ല. തുടർന്ന് നാല് കിലോമീറ്റർ കമ്പിളിയിൽ കെട്ടി ചുമന്ന് മറയൂരിൽ എത്തിക്കുകയായിരുന്നു. ഇവിടെനിന്ന് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.