കണ്ണൂർ: സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുകാരൻ കോളയാട് സ്വദേശി കരുണാകരനെ സഹതടവുകാരൻ കൊലപ്പെടുത്തിയതാണെന്ന് ഉറപ്പിച്ച് പൊലീസ്. കരുണാകരൻ സ്ഥിരമായി ഉപയോഗിച്ചിരുന്ന വാക്കിങ് സ്റ്റിക്ക് ചോരപുരണ്ട നിലയിൽ പത്താം ബ്ലോക്കിലെ സെല്ലിന് പുറത്തുനിന്ന് കണ്ടെത്തി. ഇരുവരും തമ്മിൽ സ്ഥിരമായി വാക്കുതർക്കമുണ്ടാകാറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. സഹതടവുകാരൻ ഈ വടി ഉപയോഗിച്ച് ആക്രമിച്ചതായാണ് കരുതുന്നത്. വ്യക്തിവൈരാഗ്യത്തെ തുടർന്നാവണം കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. കരുണാകരന്റെ വാക്കിങ് സ്റ്റിക്ക് മറ്റാരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ ഫോറൻസിക് പരിശോധന നടത്തും. പ്രതിയെ അറസ്റ്റ് ചെയ്യാനായി പാലക്കാട് മജിസ്ട്രേറ്റിന്റെ അനുമതി ലഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അതേസമയം, കോടതിയുടെ അനുമതിയോടെ സഹതടവുകാരനെ ചോദ്യംചെയ്തപ്പോൾ കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. പാലക്കാട് സ്വദേശിയായ ഇയാൾ ഭാര്യയെ തലക്കടിച്ച് കൊന്ന കേസിൽ വിചാരണ തടവ് അനുഭവിച്ചുവരുകയാണ്. കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കോളയാട് ആലച്ചേരി എടക്കോട്ട് പിതായരത്ത് ഹൗസിൽ കരുണാകരനെ (86) ഞായറാഴ്ച രാത്രി 11ഓടെയാണ് പത്താം ബ്ലോക്കിലെ സെല്ലിനുപുറത്ത് വീണുകിടക്കുന്നത് കണ്ടെത്തിയത്. സഹതടവുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ജയിലധികൃതർ ഉടൻ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് വടികൊണ്ട് തലക്ക് അടിയേറ്റാണ് മരണമെന്ന് കണ്ടെത്തിയത്.
കൊലപാതകത്തെത്തുടർന്ന് സിറ്റി പൊലീസ് കമീഷണർ അജിത്ത്കുമാർ ജയിലിലെത്തി. ജയിലിനുള്ളിൽ കൊലപാതകത്തിന്റെ തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമം നടന്നതായി സംശയമുണ്ട്. സ്വാഭാവിക മരണമാണെന്ന തരത്തിലുള്ള പ്രതികരണമാണ് ജയിലധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. സംഭവസ്ഥലത്തെ രക്തപ്പാടുകൾ കഴുകി വൃത്തിയാക്കിയതായി പൊലീസ് കണ്ടെത്തി. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.