കോഴിക്കോട്: മുസ്ലിം ലീഗ് ജില്ല സമ്മേളനങ്ങൾ ഏതാണ്ട് പൂർത്തിയായതോടെ സംസ്ഥാന ജനറൽ സെക്രട്ടറി ആരാകുമെന്ന ചർച്ചകൾ ചൂടുപിടിക്കുന്നു. മാർച്ച് നാലിന് കോഴിക്കോട് ലീഗ് ഹൗസിലാണ് സംസ്ഥാന കൗൺസിൽ. ജനറൽ സെക്രട്ടറിയായിരുന്ന കെ.പി.എ. മജീദ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ മത്സരിക്കാൻ ഒരുങ്ങിയതിനെ തുടർന്നാണ് ജനറൽ സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞത്. തിരൂരങ്ങാടിയിൽ സ്ഥാനാർഥിത്വം പ്രതീക്ഷിച്ച പി.എം.എ. സലാം പ്രതിഷേധം ഉയർത്തിയപ്പോൾ ജനറൽ സെക്രട്ടറി ചുമതല അദ്ദേഹത്തിനു നൽകുകയും ചെയ്തു. അംഗത്വകാമ്പയിൻ അടുത്തതിനാൽ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതുവരെ സലാം തുടരട്ടെ എന്നായിരുന്നു തീരുമാനം.
ശനിയാഴ്ച കൗൺസിൽ ചേരാനിരിക്കെ, നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ പുതിയ ജനറൽ സെക്രട്ടറി ചർച്ച സജീവമാണ്. ഒരുവിഭാഗം പി.കെ. കുഞ്ഞാലിക്കുട്ടി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നവരാണ്. പാർലമെന്റ് അംഗമായശേഷം ദേശീയ നേതൃത്വത്തിലേക്ക് പോയെങ്കിലും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ സംസ്ഥാനത്തുതന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കുഞ്ഞാലിക്കുട്ടി. യു.ഡി.എഫിനെ അധികാരത്തിലെത്തിക്കുന്നതിന് നേതൃത്വം നൽകാൻ കുഞ്ഞാലിക്കുട്ടി പാർട്ടി തലപ്പത്തുവേണമെന്ന കാഴ്ചപ്പാടുള്ളവരുണ്ട്.
കുഞ്ഞാലിക്കുട്ടി ജനറൽ സെക്രട്ടറിയാവുന്നതിൽ നേതാക്കൾക്കിടയിലും വിയോജിപ്പില്ല. എന്നാൽ, സംസ്ഥാന നേതൃത്വത്തിലേക്കില്ലെന്ന നിലപാടിലാണ് കുഞ്ഞാലിക്കുട്ടി. ദേശീയ നേതൃത്വത്തിൽ തുടർന്നുതന്നെ സംസ്ഥാനത്ത് റോൾ നിർവഹിക്കുകയല്ലാതെ ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് വിശ്വസ്തരോട് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന നേതൃസ്ഥാനത്ത് പ്രവർത്തിക്കാതെതന്നെ ഒരുവിഭാഗത്തിൽനിന്നുണ്ടാകുന്ന നിരന്തര വിമർശനങ്ങൾ ജനറൽ സെക്രട്ടറിയകാനില്ലെന്ന തീരുമാനത്തിന് പിന്നിലുണ്ടെന്ന് പറയുന്നു.
ഡോ. എം.കെ. മുനീറിന് ജനറൽ സെക്രട്ടറി സ്ഥാനത്തിന് നോട്ടമുണ്ട്. സി.എച്ചിന്റെ മകൻ എന്ന പ്രഭാവം തനിക്കും പാർട്ടിക്കും മുതൽക്കൂട്ടാക്കാൻ കഴിഞ്ഞെങ്കിലും ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്താനായിട്ടില്ല. മുനീർ ആകുന്നത് ഗുണംചെയ്യുമെന്ന് അദ്ദേഹത്തെ പിന്തുണക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സംഘടനാതലത്തിൽ ഊർജസ്വലമാകേണ്ട പദവിയിൽ അനാരോഗ്യം പിന്തുടരുന്ന മുനീറിന് ശോഭിക്കാനാകില്ലെന്നും മുനീർ വരുന്നത് പാർട്ടിയെ നിർജീവമാക്കുമെന്നും മറുവിഭാഗം പറയുന്നു.
ജനറൽ സെക്രട്ടറി ചുമതലയിലുള്ള അഡ്വ. പി.എം.എ. സലാമിനെ സ്ഥിരപ്പെടുത്തുക എന്നതാണ് മറ്റൊരാലോചന. തന്റെ കാലയളവിൽ പാർട്ടിയെ ചലിപ്പിക്കാൻ സലാമിന് കഴിഞ്ഞിട്ടുണ്ടെന്നാണ് പ്രവർത്തകർക്കിടയിലെ വിലയിരുത്തൽ. പാർട്ടി അധ്യക്ഷന്റെ ഹിതമനുസരിച്ച് പ്രവർത്തിക്കുന്നു എന്നതും അനുകൂലമാണ്.
പി.കെ. കുഞ്ഞാലിക്കുട്ടി നിലപാടിൽ ഉറച്ചുനിന്നാൽ സലാമിനുതന്നെ നറുക്കുവീഴാനാണ് സാധ്യത. എന്നാൽ, ഒരുവിഭാഗം നേതാക്കൾക്ക് അദ്ദേഹം അനഭിമതനാണ്. ജനറൽ സെക്രട്ടറിയുടെ പക്വത നഷ്ടപ്പെടുത്തുന്ന സമീപനങ്ങൾ പല വിഷയത്തിലും ഉണ്ടായതാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, അന്തിമതീരുമാനം സാദിഖലി തങ്ങളുടേതായതിനാൽ വിരുദ്ധ ശബ്ദമുയരാനിടയില്ല. മറ്റൊരാളുടെ പേര് ഉയർന്നുവന്നിട്ടില്ലെങ്കിലും തങ്ങളുടെ ഹിതം കാതോർക്കുകയാണ് നേതാക്കളും പ്രവർത്തകരും. ജനറൽ സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങൾക്ക് പുറമെ, എട്ട് വൈസ് പ്രസിഡന്റുമാരും എട്ട് സെക്രട്ടറിമാരും അടങ്ങുന്ന 19 അംഗ കമ്മിറ്റിയാണ് രൂപവത്കരിക്കുക. 21 അംഗ സെക്രട്ടേറിയറ്റും 75 അംഗ പ്രവർത്തകസമിതിയുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.