മലപ്പുറം: സമസ്തയിലെ ഒരു വിഭാഗവും മുസ്‍ലിം ലീഗുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും. സാദിഖലി തങ്ങളുമായുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചതായി തിങ്കളാഴ്ച സമസ്ത നേതാക്കളായ ഉമർ ഫൈസി മുക്കവും അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും പറഞ്ഞിരുന്നു. എന്നാൽ, എല്ലാം കഴിഞ്ഞുവെന്ന് പറയുമ്പോൾ അതിലൊരു വ്യക്തത വേണമെന്ന് സാദിഖലി തങ്ങൾ ചൊവ്വാഴ്ച വൈകീട്ട് തുറന്നടിച്ചു.
സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗമായി അറിയപ്പെടുന്ന ഉമർ ഫൈസിയും അബ്ദുൽ ഹമീദ് ഫൈസിയുമടക്കം അഞ്ചു നേതാക്കളാണ് തിങ്കളാഴ്ച പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ സാന്നിധ്യത്തിൽ സാദിഖലി തങ്ങളുടെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നത്. ഇവരുടെ പരാമർശങ്ങളിൽ സാദിഖലി തങ്ങൾക്കുണ്ടായ പ്രയാസത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, ചർച്ചക്കുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ നേതാക്കൾ നീതി പുലർത്തിയില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.
പ്രസംഗത്തിലടക്കം തനിക്കെതിരെ നടത്തിയ പരാമർശങ്ങൾക്ക് ഖേദം പ്രകടിപ്പിച്ചപ്പോൾ അത് പൊതുസമൂഹത്തോട് തുറന്നുപറയാനാണ് നിർദേശിച്ചത്. അത് അംഗീകരിച്ചെങ്കിലും ആ രീതിയിലുള്ള സംസാരമല്ല ഉണ്ടായത്. സംസാരത്തിന്റെ അന്തസ്സത്ത മനസ്സിലാക്കി പൊതുസമൂഹത്തോട് തുറന്നുപറയണമായിരുന്നെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.
അടുത്ത കാലത്ത് നടത്തിയ പ്രസ്താവനകളിൽ സാദിഖലി തങ്ങളോട് ഖേദം പ്രകടിപ്പിക്കാനാണ് സമസ്ത നേതാക്കൾ വന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇക്കാര്യം പരസ്യമായി പറയാമെന്ന ധാരണയിലാണ് അവർ മടങ്ങിയത്. എന്നാൽ, അത് മാത്രം പറഞ്ഞില്ല. വസ്തുതാപരമായി വിവരം അറിയിക്കേണ്ടിവന്നതിനാലാണ് പ്രതികരിക്കുന്നത്. ഇക്കാര്യം ജിഫ്രി തങ്ങളെ അറിയിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.