മലപ്പുറം: പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ സംസ്ഥാനത്താകെ 53,253 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ഇതിൽ 7,642 സീറ്റുകൾ മലപ്പുറത്താണെന്നുമുള്ള സി.പി.എം പ്രചാരണം വസ്തുതകളിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് മുസ്‍ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി. അഷ്റഫലി. മലപ്പുറത്ത് സീറ്റിനായി നടത്തിയ പ്രതിഷേധങ്ങൾ വെറുതെയായിരുന്നെന്നും ഇതാ സീറ്റുകൾ കൂട്ടത്തോടെ ഒഴിഞ്ഞുകിടക്കുകയാണെന്നുമുള്ള ദേശാഭിമാനിയുടേയും സി.പി.എം അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളും ആഘോഷം വ്യാജപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ വായിക്കാം:
മലപ്പുറത്ത് 7642 സീറ്റുകൾ ഒഴിവുണ്ടെന്നത് നേരാണെങ്കിലും അതിൽ 68 ശതമാനവും (5173 എണ്ണം) പണം കൊടുത്ത് പഠിക്കേണ്ട അൺഎയ്ഡഡ് സ്കൂളുകളിലാണ്. ഇതാണ് സി.പി.എം/ ന്യായീകരണ തൊഴിലാളികൾ അറിയാത്തതോ മറച്ചുവെച്ചതോ ആയ സത്യം. ഫീസ് നൽകി പഠിക്കേണ്ട ഈ സീറ്റുകൾക്ക് സർക്കാർ ഏകജാലക പ്രവേശനം ബാധകമല്ല. എല്ലാവർഷവും ഇത്തരം അൺഎയ്ഡഡ് സ്കൂളികളിൽ ശരാശരി 5,000നും 6,000നും ഇടയിൽ സീറ്റ് ഒഴിഞ്ഞുകിടക്കാറുണ്ടെന്ന് മുൻവർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും.
ഇതുകഴിച്ചാൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി ജില്ലയിൽ ബാക്കിയുള്ള മെറിറ്റ് സീറ്റുകളുടെ എണ്ണം 2469 ആണ്. ഇത്തവണ മലപ്പുറത്തെ സീറ്റ് ക്ഷാമം പരിഹരിക്കാൻ മുസ്‍ലിം ലീഗും അതിന്‍റെ പോഷക സംഘടനകളും ഉൾപ്പെടെ നിരന്തരം ഉയർത്തിയ പ്രക്ഷോഭത്തിലൂടെ സർക്കാർ 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ചു. ഓരോ ബാച്ചിലും 60 സീറ്റ് എന്ന നിലയിൽ 120 താൽക്കാലിക ബാച്ചുകളിലൂടെ മലപ്പുറം ജില്ലയിൽ ഈ വർഷം വർധിച്ചത് 7200 സീറ്റുകളാണ്. ഈ താൽക്കാലിക ബാച്ചുകൾ ഗവ. സ്കൂളുകളിൽ അനുവദിച്ചിരുന്നില്ലെങ്കിൽ ജില്ലയിലെ സർക്കാർ സ്കൂളുകളിൽ പ്രവേശനം നേടിയവരിൽ 5067 പേർ പുറത്താകുമായിരുന്നു.
എങ്ങനെ മലപ്പുറത്തെ സർക്കാർ സ്കൂളുകളിൽ ഇത്തവണ 2133 സീറ്റ് ഒഴിവ് വന്നു എന്ന് കൂടി പരിശോധിക്കപ്പെടണം. അതിനുള്ള ചില കാരണങ്ങൾ ഇനി പറയാം:
താൽക്കാലിക ബാച്ചുകളിൽ ഒന്ന് പോലും സയൻസില്ല: മലപ്പുറത്ത് അനുവദിച്ച 120 താൽക്കാലിക ബാച്ചുകളിൽ ഒന്ന് പോലും സയൻസിൽ ആയിരുന്നില്ല. സയൻസ് കോമ്പിനേഷൻ താൽപര്യമുള്ള കുട്ടികൾക്ക് മുമ്പിലേക്ക് ഹ്യുമാനിറ്റീസ് ബാച്ച് അനുവദിക്കുമ്പോഴുണ്ടാകുന്ന പ്രശ്നമാണ് അൽപ്പമെങ്കിലും സീറ്റ് ഒഴിഞ്ഞുകിടക്കാനുള്ള കാരണങ്ങളിലൊന്ന്.
സീറ്റ് നൽകിയത് എല്ലാം കഴിഞ്ഞ ശേഷം: പ്രവേശന നടപടികൾ അവസാനഘട്ടത്തിലെത്തിയ ശേഷം അനുവദിച്ച ബാച്ചുകളാണ് മറ്റൊരു പ്രശ്നം. മൂന്ന് മുഖ്യഘട്ട അലോട്ട്മെന്‍റുകളും രണ്ട് സപ്ലിമെന്‍ററി അലോട്ട്മെന്‍റുകളും ഒരു ട്രാൻസ്ഫർ അലോട്ട്മെന്‍റും കഴിഞ്ഞ ശേഷമാണ് പുതിയ ബാച്ചിലേക്ക് കുട്ടികളിൽനിന്ന് ഓപ്ഷൻ സ്വീകരിച്ചതും അലോട്ട്മെന്‍റ് നടത്തിയതും. പ്ലസ് വൺ ക്ലാസ് തുടങ്ങി ഒന്നര മാസത്തിലേറെ പിന്നിട്ടശേഷമാണ് താൽക്കാലിക ബാച്ചുകളിലേക്ക് അലോട്ട്മെന്‍റ് നടക്കുന്നത്. സീറ്റ് ലഭിക്കാത്ത വിദ്യാർഥികൾ എവിടെയെങ്കിലും കയറിപ്പറ്റാനുള്ള നെട്ടോട്ടത്തിൽ പലവഴിക്ക് തിരിയും.
സമാന്തര മാർഗങ്ങൾ തേടി: സീറ്റില്ലാതെ നിൽക്കുന്ന കുട്ടികൾ സമാന്തര മാർഗങ്ങൾ തേടുന്നതും കുറച്ചെങ്കിലും സീറ്റ് ഒഴിഞ്ഞുകിടക്കാൻ കാരണമായി.
തിരൂരിൽ സീറ്റിന് ആവശ്യക്കാരുണ്ടെങ്കിൽ നിലമ്പൂരിൽ അനുവദിച്ചിട്ട് കാര്യമില്ല: ഏത് പ്രദേശത്താണ് സീറ്റ് ആവശ്യം എന്നത് പരിശോധിക്കാതെയാണ് താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്. സർക്കാർ നിയോഗിച്ച രണ്ടംഗ സമിതി സ്കൂളുകളിൽ എത്തി സൗകര്യമുണ്ടോ എന്ന പരിശോധനയാണ് നടത്തിയത്. അല്ലാതെ ഏത് മേഖലയിലാണ് സീറ്റ് വേണ്ടത് എന്ന പരിശോധന നടത്തിയില്ല. ഉദാഹരണത്തിന് തിരൂരിൽ സീറ്റിന് ആവശ്യക്കാരുണ്ടെങ്കിൽ നിലമ്പൂരിൽ ബാച്ച് അനുവദിച്ചിട്ട് കാര്യമില്ലെന്ന് ചുരുക്കം.
ഇതൊക്കെയാണെങ്കിലും മലപ്പുറത്ത് ഇത്തവണ പ്ലസ് വൺ പ്രവേശനം നേടിയത് (അൺഎയ്ഡഡിൽ ഉൾപ്പെടെ) 70,689 പേരാണ്. അത് സർവകാല റെക്കോർഡാണ്. 120 താൽക്കാലിക ബാച്ചുകൾ ഇല്ലായിരുന്നെങ്കിൽ ഇത് 65,000ന് താഴെയാകുമായിരുന്നു.
അതായത് മലപ്പുറത്ത് സീറ്റുണ്ടെങ്കിൽ പഠിക്കാൻ കുട്ടികളുണ്ടെന്നതിന് ഇതിൽപരം തെളിവ് വേണമോ എന്ന് വ്യാജകണക്കുമായി സോഷ്യൽ മീഡിയയിൽ ന്യായീകരണം ചമക്കാൻ ഇറങ്ങുന്ന ദേശാഭിമാനിയും സി.പി.എം സൈബർ ഹാൻഡിലുകളും പരിശോധിക്കണം.
മലപ്പുറത്തെ സീറ്റൊഴിവിന്‍റെ കണക്ക് നിരത്തുന്നവർ മറ്റ് ജില്ലകളിൽ ബാച്ച് വർധന ഒന്നുമില്ലാതെ തെക്കൻ കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റിന്‍റെ കണക്ക് കൂടി പരിശോധിക്കണം. അതിങ്ങനെയാണ്: തിരുവനന്തപുരം 5366, കൊല്ലം 5021, പത്തനംതിട്ട 4079, ആലപ്പുഴ 3423, കോട്ടയം 2991, ഇടുക്കി 1651, എറണാകുളം 5659, തൃശൂർ 5141. വർഷങ്ങളായി തുടരുന്ന ഈ ജില്ലകളിലെ സീറ്റൊഴിവൊന്നും നിങ്ങളെ അലോസരപ്പെടുത്തുന്നില്ലെങ്കിൽ ആ അസുഖം വേറെയാണ്. ആ അസുഖത്തിനുള്ള മരുന്ന് കൂടിയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ നിങ്ങൾക്ക് പൊതുജനം തന്നത്.
പ്ലസ് വൺ സീറ്റ് വിഷയത്തിൽ മുസ്‍ലിം ലീഗും അതിന്‍റെ പോഷക സംഘടനകളും ഏറ്റെടുത്ത സമരം ലക്ഷ്യം കണ്ടാണ് അവസാനിപ്പിച്ചത്. മേലിൽ ഇത്തരം ക്യാപ്സൂളുകളുമായി ഇറങ്ങരുതെന്നേ ദേശാഭിമാനിയോട് പറയാനുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.