കോഴിക്കോട്: തൊഴിലില്ലായ്മക്കെതിരെയും ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാനും പോരാടുന്നതുപോലെതന്നെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ സമരം ചെയ്യണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പ്രതിലോമ സാഹചര്യങ്ങളാണെങ്കിൽപോലും ഉത്തരേന്ത്യൻ ജനതയുടെ മനസ്സിൽ ആഴത്തിൽ വേരോടാൻ ഹിന്ദുത്വക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേളു ഏട്ടൻ പഠന ഗവേഷണകേന്ദ്രവും എ.കെ.ജി.സി.ടിയും സംയുക്തമായി കോഴിക്കോട്ട് നടത്തുന്ന മാർക്സിസ്റ്റ് പഠന കോഴ്സ് ഉദ്ഘാടനം ചെയ്ത് 'മാർക്സിസ്റ്റ് പഠനത്തിന്‍റെ സമകാലിക പ്രസക്തി' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുത്തൻ സാമ്പത്തികനയം നടപ്പാക്കാൻ ശ്രമിക്കുന്ന വലതുപക്ഷത്തിന് പലപ്പോഴും അവർക്കിടയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ കഴിയുന്നില്ല. ഇതിന്‍റെ ഇരകളാക്കപ്പെടുന്നത് ന്യൂനപക്ഷങ്ങളാണ്. വലതുപക്ഷ ഭരണത്തിൽ ധനികർ കൂടുതൽ ധനികരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്നു. ന്യൂനപക്ഷത്തെ കടന്നാക്രമിക്കുന്നു. അഭയാർഥികളെ ശത്രുക്കളായി കാണുന്നു. ചൂഷണം മറച്ചുവെക്കാൻ ന്യൂനപക്ഷത്തെ ലക്ഷ്യംവെക്കുന്നു.
ബൂർഷ്വാസിയുടെ സഹായമില്ലാതെ ഹിന്ദുത്വക്ക് വളരാനാവില്ല. അദാനി, അംബാനി അടക്കമുള്ള വൻകിട കുത്തകകൾക്ക് ഗുണമുണ്ടാകാൻ വേണ്ടിയാണ് ഹിന്ദുരാഷ്ട്രം പ്രവർത്തിക്കുന്നത്. രത്തൻ ടാറ്റയടക്കമുള്ള എല്ലാ വ്യവസായികളും നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനം സന്ദർശിക്കുന്നത് എന്തിനാണെന്നും പ്രകാശ് കാരാട്ട് ചോദിച്ചു.
സാമ്രാജ്യത്വരാഷ്ട്രങ്ങളുടെ ഇടയിലുള്ള സംഘർഷം മൂലമാണ് യുക്രെയ്ൻ-റഷ്യൻയുദ്ധം ഉണ്ടായത്. റഷ്യ സാമ്രാജ്യത്വത്തിന്‍റെ ഭാഗമാണ്. യൂറോപ്പിലെ ബൃഹത്തായ ശക്തിയായി റഷ്യ വളർന്നുവരുന്നത് അമേരിക്കയടക്കമുള്ള സാമ്രാജ്യത്വത്തിന് താൽപര്യമുള്ള കാര്യമില്ല. ഇതിന്‍റെ ഫലം കൂടിയാണ് യുദ്ധം. മാർക്സിസ്റ്റ് സിദ്ധാന്തത്തിനും പ്രയോഗത്തിനും മാത്രമേ മാനവരാശിയെ ചൂഷണത്തിൽനിന്ന് രക്ഷിക്കാൻ കഴിയൂവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
കേളു ഏട്ടൻ പഠന ഗവേഷണകേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, ഡോ. ടി.എ. ആനന്ദ്, ഡോ. പി.പി. പ്രകാശൻ, ഡോ. എസ്. ജയശ്രീ, എ. പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.