കൊച്ചി: പാചകവാതക (എൽ.പി.ജി) കണക്ഷൻ ഉടമകൾക്ക് ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കാൻ പാചകവാതക കമ്പനികളുടെ നിർദേശ പ്രകാരം വിതരണക്കാർ നടപടി തുടങ്ങി. യഥാർഥ ഉടമയാണ് സിലിണ്ടർ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുകയും ദുരുപയോഗം തടയുകയുമാണ് ലക്ഷ്യം. മസ്റ്ററിങ്ങിലൂടെ ഇ.കെ.വൈ.സി അപ്ഡേഷൻ എന്നുവരെ നടത്താമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും അവസാന തീയതി കേന്ദ്ര സർക്കാർ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
ആധാർ വിവരങ്ങൾ എൽ.പി.ജി കണക്ഷനുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് സംബന്ധിച്ച് ഏജൻസികൾക്ക് നേരത്തേതന്നെ നിർദേശം നൽകിയിരുന്നെങ്കിലും കർശനമാക്കിയിരുന്നില്ല. ഏജൻസി ഓഫിസുകളിൽ നേരിട്ടെത്തിയും പാചകവാതക കമ്പനികളുടെ ആപ് വഴിയും മസ്റ്ററിങ് നടത്താം. ഇൻഡേൻ, ഭാരത്, എച്ച്.പി എന്നീ കമ്പനികളുടെ ഏജൻസി ഓഫിസുകളിൽ മസ്റ്ററിങ്ങിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതിയിലെ അംഗങ്ങൾക്ക് നിർബന്ധമായിരുന്ന മസ്റ്ററിങ് ആണ് ഇപ്പോൾ എല്ലാ ഉപഭോക്താക്കൾക്കും ബാധകമാക്കിയിരിക്കുന്നത്. മസ്റ്ററിങ് നടത്താത്തവർക്ക് എൽ.പി.ജി സിലിണ്ടർ ബുക്കിങ് അനുവദിക്കേണ്ടെന്ന് ഭാവിയിൽ തീരുമാനം വന്നേക്കാം. എന്നാൽ, നിലവിൽ ഇതുസംബന്ധിച്ച് നിർദേശമൊന്നും ഇല്ലെന്നാണ് വിതരണക്കാർ പറയുന്നത്.
എൽ.പി.ജി കണക്ഷൻ ഉടമ കിടപ്പുരോഗിയോ യാത്ര ചെയ്യാനാവാത്തയാളോ ആണെങ്കിലും സ്ഥലത്തില്ലെങ്കിലും മരിച്ചിട്ടുണ്ടെങ്കിലും മസ്റ്ററിങ്ങിന് ബദൽ സംവിധാനമുണ്ട്. ഇതിനായി ആദ്യം ചെയ്യേണ്ടത് കുടുംബത്തിന്റെ റേഷൻ കാർഡിൽ ഉൾപ്പെടുന്ന മറ്റൊരാളുടെ പേരിലേക്ക് കണക്ഷൻ മാറ്റുകയാണ്. ഇതിന് ആധാർ കാർഡ്, പാചകവാതക കണക്ഷൻ ബുക്ക്, റേഷൻ കാർഡ് എന്നിവയുമായി ഏജൻസി ഓഫിസിൽ എത്തണം. കണക്ഷൻ പുതിയ പേരിലേക്ക് മാറ്റിയശേഷം അയാളുടെ പേരിൽ മസ്റ്ററിങ് നടത്താം.
മസ്റ്ററിങ്ങിന് നിലവിൽ അവസാന തീയതി നിശ്ചയിച്ചിട്ടില്ല. എല്ലാ സംവിധാനങ്ങളുമൊരുക്കി ഉപഭോക്താക്കൾക്ക് മതിയായ സാവകാശം നൽകുമെന്നാണ് സൂചന. ഓഫിസുകളിലെ തിരക്ക് കുറക്കാനും ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്തും നിശ്ചിത സ്ഥലങ്ങളിൽ പ്രത്യേക മസ്റ്ററിങ് ക്യാമ്പുകൾ സംഘടിപ്പിക്കാനും ഏജൻസികൾ ആലോചിക്കുന്നുണ്ട്.
എല്ലാവരും മസ്റ്ററിങ് നടത്തണമെന്ന നിർദേശം ലഭിച്ചിട്ട് ഒരു മാസത്തോളമായി. എന്നാൽ, മസ്റ്ററിങ് നടത്തിയില്ലെങ്കിൽ സിലിണ്ടർ ബുക്ക് ചെയ്യാനാവില്ലെന്നോ ഇതിനുള്ള അവസാന തീയതിയോ പാചകവാതക കമ്പനികൾ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇതേക്കുറിച്ച് കേട്ടറിഞ്ഞ് ഓരോ ദിവസവും കൂടുതൽ ഉപേഭാക്താക്കൾ ഏജൻസികളിൽ എത്തുന്നുണ്ട്. മസ്റ്ററിങ്ങിന് ബയോമെട്രിക് സംവിധാനം മുമ്പുതന്നെ ഏജൻസികളിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.