മുട്ടം: മുട്ടം ടൗൺ വികസനപാതയിലാണെങ്കിലും റോഡുകളുടെയും ബൈപാസുകളുടെയും കാര്യത്തിൽ ബഹുദൂരം പിന്നിലാണ്. സ്പൈസസ് പാർക്ക്, പോളി ടെക്നിക് കോളജ്, എൻജിനീയറിങ് കോളജ്, ഐ.എച്ച്.ആർ.ഡി സ്കൂൾ, ഐ.എച്ച്.ആർ.ഡി കോളജ്, ജില്ല കോടതി, ജില്ല ഹോമിയോ ആശുപത്രി, ജില്ല വിജിലൻസ് ഓഫിസ്, മലങ്കര ടൂറിസം പാർക്ക് തുടങ്ങിയവയെല്ലാം മുട്ടത്തുണ്ട്. ഈ സ്ഥാപനങ്ങളിലേക്കായി ആയിരക്കണക്കിനുപേർ ദിനംപ്രതി വന്നുപോകുന്നു. രാവിലെയും വൈകീട്ടും ടൗൺ കേന്ദ്രീകരിച്ച് തിരക്കുണ്ട്. ബൈപാസുകളുടെ അഭാവം ടൗൺ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഈ സ്ഥാപനങ്ങളെല്ലാം വരുന്നതിനുമുമ്പുള്ള അതേ റോഡ് സൗകര്യങ്ങളേ ഇന്നും ഇവിടുള്ളൂ.
മൂലമറ്റം ഭാഗത്തുനിന്ന് ഈരാറ്റുപേട്ട, പാലാ ഭാഗത്തു നിന്നും മുട്ടം ടൗണിലേക്കെത്തുന്ന വാഹനങ്ങൾ ഒരേ സമയം ഇരുദിശയിൽനിന്നുമാണ് തൊടുപുഴ റോഡിലേക്ക് പ്രവേശിക്കുന്നത്. ടൗണിൽ വാഹനങ്ങൾ മുഖാമുഖം എത്തുന്നതിനാൽ പലപ്പോഴും തലനാരിഴക്കാണ് അപകടം ഒഴിവാകുന്നത്. അതിവേഗത്തിലാണ് വാഹനങ്ങൾ മുട്ടം ടൗണിലേക്ക് പ്രവേശിക്കുന്നത്. ഡ്യൂട്ടിയിലുള്ള ഒന്നോ രണ്ടോ പൊലീസുകാർക്ക് വാഹനത്തിന്റെ അതിവേഗത്തിലുള്ള നഗരപ്രവേശനം നിയന്ത്രിക്കാനാകുന്നില്ല. സ്കൂൾ സമയങ്ങളിൽ ഏറെ ബുദ്ധിമുട്ടിയാണ് വിദ്യാർഥികൾ റോഡ് മുറിച്ചുകടക്കുന്നത്. മാസങ്ങൾക്ക് മുമ്പ് കാറിനടിയിൽപെട്ട് സ്കൂൾ വിദ്യാർഥിക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു. 15 മീറ്ററോളം കാറിനടിയിൽ കുടുങ്ങി നിരങ്ങി നീങ്ങിയ വിദ്യാർഥിയുടെ വാരിയെല്ലിനാണ് പരിക്കേറ്റത്. മുട്ടം ജങ്ഷന്റെ പ്രത്യേകത അറിയാതെ എത്തുന്ന വാഹനങ്ങൾ കഷ്ടിച്ചാണ് അപകടത്തിൽനിന്ന് രക്ഷപ്പെടുന്നത്.
രണ്ട് ബൈപാസുകൾക്ക് നിർദേശം ഉണ്ടെങ്കിലും ഒന്നു പോലും നടപ്പാക്കിയിട്ടില്ല. മലങ്കര-പെരുമറ്റം ഭാഗത്തുനിന്ന് ഈരാറ്റുപേട്ട-പാലാ റൂട്ടിലെ ചള്ളാവയൽ ഭാഗത്ത് എത്തുന്ന ബൈപാസിന് രൂപരേഖ തയാറാക്കി കല്ലുകൾ നാട്ടിയെങ്കിലും തുടർനടപടി ഒന്നും ഉണ്ടായില്ല.
ഈ ബൈപാസ് യാഥാർഥ്യമായാൽ മുട്ടം ടൗണിൽ കയറാതെ തന്നെ പാലാ, ഈരാറ്റുപേട്ട റൂട്ടിൽ എളുപ്പത്തിൽ എത്താൻ കഴിയും. കൂടാതെ, 600 മീറ്ററോളം ദൂരം ലാഭിക്കാനും സാധിക്കും.
പെരുമറ്റം പാലം മുതൽ ചള്ളാവയൽ വരെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി സർവേക്കല്ലുകൾ സ്ഥാപിച്ചിട്ട് ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞു. ചില ഉടമകൾ സ്ഥലം ഏറ്റെടുപ്പിന് എതിര് നിന്നതോടെയാണ് യഥാർഥ്യമാക്കാനാകാതെ വന്നത്. പിന്നീട് സ്ഥല ഉടമകൾ അനുകൂലമായെങ്കിലും ഭരണകർത്താക്കളുടെ ഭാഗത്ത് നിന്നും അനുകൂല നടപടികൾ ഉണ്ടായില്ല.
മുട്ടം എൻജിനീയറിങ് കോളജിന്റെ പരിസരത്തുനിന്ന് മൂലമറ്റം റൂട്ടിലേക്ക് മുട്ടം ടൗണിൽ പ്രവേശിക്കാതെ ശങ്കരപ്പള്ളിയിൽ എത്താൻ കഴിയുന്ന ബൈപാസിനായി വർഷങ്ങൾക്ക് മുമ്പ് പഠനങ്ങൾ നടന്നിരുന്നു. ഈ ബൈപാസ് യാഥാർഥ്യമായാൽ മലങ്കര തടാകത്തിന്റെ ദൃശ്യഭംഗി നുകർന്ന് ഏതാണ്ട് ഒരു കിലോമീറ്ററോളം ലാഭിച്ച് ശങ്കരപ്പിള്ളിയിൽ എത്താൻ കഴിയും. എം.വി.ഐ.പിയുടെയും വനംവകുപ്പിന്റെയും കൈവശമിരിക്കുന്നതുമായ ഭൂമികൾ ഏറ്റെടുത്താൽതന്നെ ബൈപാസ് യാഥാർഥ്യമാകും. ഇത് മലങ്കര ടൂറിസത്തിനും ഉണർവേകും.
(തുടരും...)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.