കൽപറ്റ: അവസരം നോക്കി നടക്കുന്ന ചോരക്കൊതിയനായ കുറുക്കന്റെ സ്വഭാവം സി.പി.എം സംസ്ഥാന സെക്രട്ടറി കാണിക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. വയനാട് ഡി.സി.സി ട്രഷററായിരുന്ന എന്‍.എം വിജയന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം അവരെ സംരക്ഷിക്കുമെന്ന് എം.വി ഗോവിന്ദൻ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഇതിനെതിരെയാണ് കെ സുധാകരൻ രംഗത്തുവന്നത്.
എന്‍.എം വിജയന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ കോൺഗ്രസ് പാർട്ടി ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. സി.പി.എമ്മിനെ പോലെ കുറ്റവാളികളുടെ സംരക്ഷണം കോൺഗ്രസിന്റെ രീതിയല്ല. കുടുംബനാഥൻ നഷ്ടപ്പെട്ട ഒരു വീട്ടിൽ പോയി രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ നോക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി നെറികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
തന്റെ ജീവിത സമ്പാദ്യം സി.പി.എം നേതാക്കൾ കട്ട് കൊണ്ട് പോയി ആർഭാട ജീവിതം നയിക്കുന്നത് കണ്ട് ജീവിതമവസാനിപ്പിച്ച കട്ടപ്പനയിലെ സാബു തോമസിന്റെ വീട്ടിലേക്കാണ് വയനാട് ചുരം കയറുന്നതിന് മുമ്പ് ഗോവിന്ദൻ പോകേണ്ടിയിരുന്നത്. എം.വി ഗോവിന്ദന്റെ ജീവിത പങ്കാളി ഭരണം നിയന്ത്രിച്ചിരുന്ന ആന്തൂർ മുനിസിപ്പാലിറ്റിയിൽ ആണ് സി.പി.എം പ്രവർത്തകൻ കൂടിയായ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തത് എന്ന് ഗോവിന്ദൻ മറക്കരുതെന്നും സുധാകരൻ പറഞ്ഞു.
എൻ.എം വിജയന്റേത് കോൺഗ്രസ് കുടുംബമാണ്. അവർക്കൊപ്പം തന്നെയാണ് കോൺഗ്രസ് പാർട്ടിയും അണികളും നേതൃത്വവും. നുണ പറഞ്ഞത് കൊണ്ട് വസ്തുതകൾ ഇല്ലാതാകില്ലെന്ന് ക്രിമിനലുകൾക്കൊപ്പം പ്രാതൽ കഴിച്ചും തട്ടിപ്പുകാർക്ക് ഒപ്പം ഉച്ചഭക്ഷണം കഴിച്ചും കൊള്ളക്കാർക്കൊപ്പം അത്താഴം കഴിച്ചും ഉറങ്ങുന്ന എം.വി ഗോവിന്ദൻ ഓർത്താൽ നല്ലതെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.