കൊല്ലം: പാർട്ടിയുടെ വർഗപരമായ കാഴ്ചപ്പാട് ദരിദ്ര ജനവിഭാഗങ്ങൾക്ക് കൂടുതൽ നൽകുക എന്നത് തന്നെയാണെന്നും, അതിനാലാണ് സേവനങ്ങൾക്ക് വരുമാനം അനുസരിച്ച് ഫീസും സെസും ഏർപ്പെടുത്തുകയെന്ന നിർദേശം മുന്നോട്ടുവെച്ചതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ രേഖയിൽ സേവനങ്ങൾക്ക് വരുമാനം നോക്കി സെസും ഫീസും ഏർപ്പെടുത്തുന്നത് പരിശോധിക്കണമെന്ന നിർദേശത്തെ പിന്തുണച്ചായിരുന്നു ഗോവിന്ദന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം. സാമ്പത്തികമുള്ളവരും ഇല്ലാത്തവരും പാർട്ടിക്ക് ഒരുപോലെയല്ല.
എല്ലാവശവും പരിശോധിച്ചേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. മൂലധന നിക്ഷേപം ഏത് രീതിയിലും സ്വീകരിക്കുക എന്നതാണ് നയരേഖയിലെ കാഴ്ചപ്പാട്. നമ്മുടെ താൽപര്യത്തിനെതിരായതൊന്നും അംഗീകരിക്കാതെയാണ് മൂലധന നിക്ഷേപം സ്വീകരിക്കുക. കഴിഞ്ഞ സർക്കാർ കാലത്തെ ബദലിന്റെ ഭാഗമാണ് കിഫ്ബിയും പെൻഷൻ ഫണ്ടുമെന്നും, ഏറെക്കാലമായി വർധന വരുത്താത്ത മേഖലയിൽനിന്ന് വലിയ വിഭവസമാഹരണമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ജനജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പണം ആവശ്യമാണ്. അതിന് ആഭ്യന്തര വിഭവസമാഹരണം കൂട്ടണം. കേരളത്തിന്റെ വളർച്ചയെ പുതിയ ദിശയിലേക്ക് നയിക്കുന്നതാണ് പുതുവഴികൾ രേഖയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനം ശനിയാഴ്ച നയരേഖ ചർച്ച ചെയ്യാനിരിക്കെയാണ് വെള്ളിയാഴ്ച തന്നെ സെക്രട്ടറി വിവാദ നിർദേശത്തിന് പരസ്യ പിന്തുണയുമായി രംഗത്തുവരുന്നത് എന്നതാണ് ശ്രദ്ധേയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.