ഇബ്‍ലീസുകളായ യു.ഡി.എഫുകാർക്കുള്ള ചുട്ടമറുപടിയാണ് ഈ പാട്ട് -എം.വി. ജയരാജൻ

കണ്ണൂർ: തങ്ങൾക്കെതിരെ തെറിയഭിഷേകം നടത്തിയ ഇബ്‍ലീസുകളായ യു.ഡി.എഫുകാർക്കുള്ള ചുട്ടമറുപടിയാണ് തലശ്ശേരിയിലെ മാളിയേക്കൽ കുടുംബം പുറത്തിറക്കിയ പുതിയ പാട്ടെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. ‘തെരഞ്ഞെടുപ്പുവേളയിലും മറ്റും മനോഹരമായ പാട്ടുകളിലൂടെ ജനങ്ങളെ ആവേശം കൊള്ളിക്കുന്ന മാളിയേക്കൽ കുടുംബത്തിലെ ഗായകസംഘത്തിന് നേരെ യുഡിഎഫുകാർ സോഷ്യൽ മീഡിയ വഴി കഴിഞ്ഞ ദിവസങ്ങളിൽ തെറി അഭിഷേകമാണ് നടത്തിയത്. ഇതുകൊണ്ടൊന്നും പാട്ടിന്റെ കുടുംബത്തെ നിരാശപ്പെടുത്താനാവില്ലെന്ന് അവർ പാട്ടിലൂടെ തന്നെ മനോഹരമായി മറുപടിയും നൽകി. ഇബിലീസുകളായ യു.ഡി.എഫുകാർക്കുള്ള ആ മറുപടി ഇപ്പോൾ വൈറലാണ്’ -ജയരാജൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

കോൺഗ്രസ്സിന്റെയും ലീഗിന്റെയും സാധാരണ പ്രവർത്തകരും യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തവരും ഇത്തരം സോഷ്യൽ മീഡിയ ക്രിമിനലിസം അംഗീകരിക്കുമെന്ന് കരുതുന്നില്ല. തെറിയിൽ ബിരുദം നേടിയവരാണ് ഇക്കൂട്ടർ. തെറിയഭിഷേകത്തിന് ചുട്ടമറുപടിയാണ് 'ഇബിലീസിന്റെ പണിശാലകളിൽ പണിത്തിരക്കാണേ, മാനവസ്‌നേഹം തകർത്തിടാനായ് പണിയെടുക്കുന്നു, ചെകുത്താൻ പണിയെടുക്കുന്നു' എന്ന അർത്ഥഗർഭമായ പാട്ട്- ജയരാജൻ വ്യക്തമാക്കി. പാട്ടിന്റെ വിഡിയോയും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

കുറിപ്പിന്റെ പൂർണരൂപം:

ഇബിലീസുകൾക്ക് പാട്ടിലൂടെ തന്നെ മറുപടി

തെരഞ്ഞെടുപ്പുവേളയിലും മറ്റു സന്ദർഭങ്ങളിലും മനോഹരമായ പാട്ടുകളിലൂടെ തലശ്ശേരിയിലെ മാളിയേക്കൽ ഗായകസംഘം ജനങ്ങളെ ആവേശം കൊള്ളിക്കാറുണ്ട്. ഇത്തവണ വടകര ലോകസഭാ മണ്ഡലം സ്ഥാനാർത്ഥിയായ കെ.കെ. ശൈലജടീച്ചറുടെ വിജയത്തിനായി മാളിയേക്കൽ ഗായകസംഘവും പാട്ടുകളുമായി രംഗത്തിറങ്ങുകയുണ്ടായി. തെരഞ്ഞെടുപ്പ് വിജയം മത്തുപിടിപ്പിച്ച യുഡിഎഫുകാർ മാളിയേക്കൽ കുടുംബത്തിന് നേരെ സോഷ്യൽ മീഡിയ വഴി കഴിഞ്ഞ ദിവസങ്ങളിൽ തെറി അഭിഷേകമാണ് നടത്തിയത്.

ഇതുകൊണ്ടൊന്നും പാട്ടിന്റെ കുടുംബത്തെ നിരാശപ്പെടുത്താനാവില്ലെന്ന് അവർ പാട്ടിലൂടെ തന്നെ മനോഹരമായി മറുപടിയും നൽകി. ഇബിലീസുകളായ യുഡിഎഫുകാർക്കുള്ള ആ മറുപടി ഇപ്പോൾ വൈറലാണ്.

1957ൽ വി.ആർ. കൃഷ്ണയ്യർ മത്സരിച്ചപ്പോഴാണ് പാട്ടുമായി മാളിയേക്കൽ കുടുംബം ആദ്യമായി രംഗത്തിറങ്ങുന്നത്. പാട്യം ഗോപാലൻ ജയിലിൽ കിടന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് കാലത്ത് ''ജയിലറക്കുള്ളിലടച്ചാലും നൽകില്ല വോട്ടൊന്നും കോൺഗ്രസ്സിന്''എന്ന ശ്രദ്ധേയമായ പാട്ടിലൂടെ മാളിയേക്കൽ കുടുംബം ഒരു കാലഘട്ടത്തിന്റെ ആവേശമായി മാറി. ഈ പാട്ടിന്റെ ചില വരികൾ കാലോചിതമായി മാറ്റി അടിയന്തിരാവസ്ഥയ്ക്ക് ശേഷം ഒരു പാട്ടുത്സവമാക്കി രംഗത്തിറങ്ങി.

Full View

തലശ്ശേരി കലാപമുണ്ടായപ്പോൾ മതസൗഹാർദ്ദത്തിനും സമാധാനത്തിനും വേണ്ടി പാട്ടുകൾ പാടി. അത് വർഗീയവാദികൾക്ക് താക്കീതും മതനിരപേക്ഷ വിശ്വാസികൾക്ക് കരുത്തും പകർന്നു. നായനാർ തലശ്ശേരി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പാട്ട് നേരിട്ട് കേൾക്കുകയും അത് കേൾക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവിൽ സിപിഐ(എം) 23-ാം പാർട്ടി കോൺഗ്രസ് 2022 ഏപ്രിൽ മാസം കണ്ണൂരിൽ നടന്നപ്പോൾ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിപ്ലവഗാനങ്ങൾ ആലപിച്ച് മാളിയേക്കൽ കുടുംബം പ്രചരണരംഗത്തെ കൊഴുപ്പിച്ചു.

സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലും പാട്ടുമായി സഞ്ചരിച്ചിട്ടുണ്ട്. ഇത്തരമൊരു ഗായകസംഘത്തെ ഹീനമായി ആക്രമിക്കുന്ന യുഡിഎഫ് അവരുടെ പതിവ് ശൈലിയാണ് പ്രകടിപ്പിച്ചത്. കോൺഗ്രസ്സിന്റെയും ലീഗിന്റെയും സാധാരണ പ്രവർത്തകരും യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തവരും ഇത്തരം സോഷ്യൽ മീഡിയ ക്രിമിനലിസം അംഗീകരിക്കുമെന്ന് കരുതുന്നില്ല. തെറിയിൽ ബിരുദം നേടിയവരാണ് ഇക്കൂട്ടർ. തെറിയഭിഷേകത്തിന് ചുട്ടമറുപടിയാണ് 'ഇബിലീസിന്റെ പണിശാലകളിൽ പണിത്തിരക്കാണേ, മാനവസ്‌നേഹം തകർത്തിടാനായ് പണിയെടുക്കുന്നു, ചെകുത്താൻ പണിയെടുക്കുന്നു' എന്ന അർത്ഥഗർഭമായ പാട്ട്.

എം.വി. ജയരാജൻ

Tags:    
News Summary - MV jayarajan about maliyekkal family song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.