പെരിയ ഇരട്ടക്കൊല കേസിൽ അഞ്ചുവർഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ ശിക്ഷ ​ഹൈകോടതി മരവിപ്പിച്ചതിന് പിന്നാലെ എം.വി. ജയരാജൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റർ (ഇടത്ത്), ​കൊല്ലപ്പെട്ട കൃപേഷ്, ശരത്‍ലാൽ

പെരിയ ഇരട്ടക്കൊലക്കേസ്: കോൺഗ്രസുകാരുടെ ആഹ്ലാദത്തിന് അൽപായുസ്സ് മാത്രം -എം.വി. ജയരാജൻ

കണ്ണൂർ: പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പി.എമ്മുകാർ കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ കോടതി ശിക്ഷിച്ച മുൻ എം.എൽ.എ അടക്കം നാലുപേരുടെ ശിക്ഷ മരവിപ്പിച്ച ഹൈകോടതി വിധിയിൽ പ്രതികരണവുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. ‘പെരിയ കേസിൽ സത്യം തെളിഞ്ഞു എന്നും ഗൂഢാലോചയിൽ പങ്കാളിയായ നേതാക്കളെ ശിക്ഷിച്ചു എന്നും മറ്റുമുള്ള വലതുപക്ഷ മാധ്യമങ്ങളുടെയും കോൺഗ്രസ്സുകാരുടെയും ആഹ്ലാദത്തിന് അല്പായുസ്സ് മാത്രം. സത്യം ഒരുനാൾ തെളിയുമെന്ന് നിറം പിടിപ്പിച്ച വാർത്തകൾ പടയ്ക്കുന്ന മാധ്യമങ്ങൾ കരുതേണ്ടതായിരുന്നു. കെ.വി. കുഞ്ഞിരാമൻ അടക്കമുള്ള സിപിഐ(എം) നേതാക്കൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സിപിഐ(എം) നേരത്തെ പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ്’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

കെ.വി. കുഞ്ഞിരാമൻ അടക്കമുള്ള നേതാക്കൾക്ക് 2019 ഫെബ്രുവരി 19ന് നടന്ന പെരിയ കൊലപാതകത്തിൽ യാതൊരു പങ്കുമി​ല്ലെന്നും അദ്ദേഹം പറഞ്ഞു. ‘രണ്ടാം പ്രതി സിബി ജോർജ്ജിനെ പൊലീസ് സ്‌റ്റേഷനിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള ഒരിടത്തുവെച്ച് പൊലീസ് ജീപ്പിൽ നിന്നും 2019 ഫെബ്രുവരി 18-ാം തീയതി കെ.വി. കുഞ്ഞിരാമൻ അടക്കമുള്ളവർ മോചിപ്പിച്ചു എന്ന കുറ്റമാണ് അവരുടെ മേൽ സിബിഐ ചുമത്തിയിരുന്നത്. നേരത്തേ പൊലീസ് അന്വേഷണം നടത്തിയപ്പോൾ ഇവർ കുറ്റക്കാരായിരുന്നില്ല. പ്രതിയെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചന നടത്തി എന്ന സിബിഐ ആരോപണം വിചാരണക്കോടതി പോലും തള്ളി. ഫെബ്രുവരി 18ന് രണ്ടാം പ്രതിയായ സജി ജോർജ്ജിനെ പൊലീസ് അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിരുന്നില്ല. അറസ്റ്റ് ചെയ്തതാവട്ടെ, ഫെബ്രുവരി 20നാണ്. ഫെബ്രുവരി 20ന് പോലീസ് അറസ്റ്റ് ചെയ്ത ഒരാളെ എങ്ങനെയാണ് ഫെബ്രുവരി 18ന് മോചിപ്പിക്കുക? ’ -ജയരാജൻ ചോദിച്ചു.

പെരിയ ഇരട്ടക്കൊല കേസിൽ അഞ്ചുവർഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട സി.പി.എം നേതാവും ഉദുമ മുൻ എം.എൽ.എയുമായ 20ാം പ്രതി കെ.വി. കുഞ്ഞിരാമൻ, 14ാം പ്രതി കെ. മണികണ്ഠൻ, 21ാം പ്രതി രാഘവൻ വെളുത്തോളി, 22ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഇന്നലെ മരവിപ്പിച്ചത്. ഇതേതുടർന്ന് ഇവർക്ക് ഉപാധികളോടെ ജാമ്യവും അനുവദിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന നാലുപേരും ഇന്ന് മോചിതരാകും.

രണ്ടാംപ്രതി സജി സി. ജോർജിനെ പൊലീസ് കസ്റ്റഡിയിൽനിന്ന് ബലമായി മോചിപ്പിച്ചെന്നും ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നുമുള്ള കുറ്റം തെളിഞ്ഞെന്ന് കണ്ടെത്തിയാണ് ഇവർക്ക് കൊച്ചിയിലെ സി.ബി.ഐ സ്പെഷൽ കോടതി അഞ്ച് വർഷത്തെ തടവ് വിധിച്ചത്. എന്നാൽ, സി.ബി.ഐ കോടതിയുടെ വിചാരണ നടപടികളും വിധിയും നീതിയുക്തമല്ലെന്നും തെളിവുകളും സാഹചര്യങ്ങളും ശരിയായവിധം വിലയിരുത്താതെയാണ് ശിക്ഷ വിധിച്ചതെന്നുമാണ് അപ്പീൽ ഹരജിയിലെ വാദം.

അഞ്ചുവർഷം തടവിന് ശിക്ഷിച്ച പ്രത്യേക സി.ബി.ഐ കോടതി വിധി റദ്ദാക്കി കുറ്റവിമുക്തരാക്കണമെന്നാണ് പ്രതികളുടെ ആവശ്യം. അതുവരെ ശിക്ഷ സസ്പെൻഡ് ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. അപ്പീലുകൾ ഫയലിൽ സ്വീകരിച്ച കോടതി, തുടർന്നാണ് പ്രതികളുടെ ശിക്ഷ മരവിപ്പിച്ചത്. അപ്പീൽഹരജി തീർപ്പാകാൻ സാധ്യതയില്ലെന്ന് കരുതുന്ന കാലയളവിനേക്കാൾ കുറഞ്ഞ കാലത്തെ തടവുശിക്ഷ വിധിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രതികളുടെ ശിക്ഷ മരവിപ്പിക്കുന്ന രീതിയാണ് നിലവിലുള്ളത്. അതുൽ കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്. സമാന സാഹചര്യമാണ് ഈ കേസിലെന്നും ഈ രീതിയിൽ മാറ്റംവരുത്തേണ്ട പ്രത്യേക സാഹചര്യമൊന്നും കാണുന്നില്ലെന്നും വ്യക്തമാക്കിയ കോടതി, തുടർന്നാണ് ശിക്ഷ സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടത്.

50,000 രൂപയുടെ സ്വന്തവും സമാന തുകക്കുള്ള മറ്റ് രണ്ടുപേരുടെയും ബോണ്ട് കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. പിഴത്തുക ബന്ധപ്പെട്ട കോടതിയിൽ കെട്ടിവെക്കണം. പ്രതികളുടെ അപ്പീലിൽ കോടതി പിന്നീട് വിശദ വാദം കേൾക്കും.

ജയരാജന്റെ കുറിപ്പിന്റെ പൂർണരൂപം:

നിറംപിടിപ്പിച്ച നുണകളുടെ ദയനീയമായ അന്ത്യം

പെരിയ കേസിൽ സത്യം തെളിഞ്ഞു എന്നും ഗൂഢാലോചയിൽ പങ്കാളിയായ നേതാക്കളെ ശിക്ഷിച്ചു എന്നും മറ്റുമുള്ള വലതുപക്ഷ മാധ്യമങ്ങളുടെയും കോൺഗ്രസ്സുകാരുടെയും ആഹ്ലാദത്തിന് അല്പായുസ്സ് മാത്രം. സത്യം ഒരുനാൾ തെളിയുമെന്ന് നിറം പിടിപ്പിച്ച വാർത്തകൾ പടയ്ക്കുന്ന മാധ്യമങ്ങൾ കരുതേണ്ടതായിരുന്നു. കെ.വി. കുഞ്ഞിരാമൻ അടക്കമുള്ള സിപിഐ(എം) നേതാക്കൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സിപിഐ(എം) നേരത്തെ പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ്.

കെ.വി. കുഞ്ഞിരാമൻ അടക്കമുള്ള നേതാക്കൾക്ക് 2019 ഫെബ്രുവരി 19ന് നടന്ന പെരിയ കൊലപാതകത്തിൽ യാതൊരു പങ്കുമില്ല. കൊലയ്ക്ക് മുമ്പ് ഗൂഢാലോചനയിലോ കൊലനടക്കുമ്പോൾ പങ്കാളിയായോ ഇവർ കുറ്റക്കാരാണെന്ന ആരോപണം പോലും സിബിഐ ഉയർത്തിയിട്ടില്ല. രണ്ടാം പ്രതി സിബി ജോർജ്ജിനെ പോലീസ് സ്‌റ്റേഷനിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള ഒരിടത്തുവെച്ച് പോലീസ് ജീപ്പിൽ നിന്നും 2019 ഫെബ്രുവരി 18-ാം തീയതി കെ.വി. കുഞ്ഞിരാമൻ അടക്കമുള്ളവർ മോചിപ്പിച്ചു എന്ന കുറ്റമാണ് അവരുടെ മേൽ സിബിഐ ചുമത്തിയിരുന്നത്. നേരത്തേ പോലീസ് അന്വേഷണം നടത്തിയപ്പോൾ ഇവർ കുറ്റക്കാരായിരുന്നില്ല. പ്രതിയെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചന നടത്തി എന്ന സിബിഐ ആരോപണം വിചാരണക്കോടതി പോലും തള്ളി. ഫെബ്രുവരി 18ന് രണ്ടാം പ്രതിയായ സജി ജോർജ്ജിനെ പോലീസ് അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിരുന്നില്ല. അറസ്റ്റ് ചെയ്തതാവട്ടെ, ഫെബ്രുവരി 20നാണ്. ഫെബ്രുവരി 20ന് പോലീസ് അറസ്റ്റ് ചെയ്ത ഒരാളെ എങ്ങനെയാണ് ഫെബ്രുവരി 18ന് മോചിപ്പിക്കുക?


പ്രതിയെ മോചിപ്പിച്ചതായി സിബിഐ ആരോപണം ഉന്നയിച്ച ഇല്ലാത്ത സംഭവസമയത്ത് അവിടെ ഉണ്ടായിരുന്നതായി സിബിഐ പറയുന്നത് ബേക്കൽ എസ്.ഐ., എ.എസ്.ഐ., എന്നീ പോലീസുദ്യോഗസ്ഥന്മാരാണ്. എന്നാൽ ആ സമയത്ത് ഇവർ രണ്ടുപേരും ബേക്കൽ പോലീസ് സ്‌റ്റേഷനിൽ ഉണ്ടായിരുന്നു എന്നാണ് പോലീസ് സ്‌റ്റേഷനിലെ സുപ്രധാന രേഖയായ ജി.ഡി. പ്രകാരം തെളിഞ്ഞത്. എസ്.ഐ. ആവട്ടെ ആ സമയത്ത് മറ്റൊരു എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. രണ്ട് പോലീസ് ഉദ്യോഗസ്ഥന്മാരുടെയും സ്വന്തം കൈപ്പടയിൽ ജി.ഡി.യിൽ വസ്തുതകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രിൻസിപ്പൽ എസ്.ഐ. ആകട്ടെ, സംഭവസമയത്ത് ഡ്യൂട്ടി കഴിഞ്ഞ് പോകുന്നതായി ജി.ഡി.യിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. പ്രതികളെ മോചിപ്പിക്കുന്ന സമയത്ത് ക്രമസമാധാന ചുമതലയുണ്ടായിരുന്ന മഞ്ചേശ്വരം സിഐ പ്രതികളെ സഹായിച്ചു എന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിബിഐ ആഭ്യന്തര സെക്രട്ടറിക്ക് ഒരു പരാതി നൽകിയിരുന്നു. ആ പരാതിയിന്മേൽ സംസ്ഥാന സർക്കാർ നിർദ്ദേശമനുസരിച്ചു കാസർഗോഡ് അഡീഷണൽ എസ്.പി.യെ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. ബേക്കൽ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്മാരെയെല്ലാം അന്വേഷണത്തിന്റെ ഭാഗമായി വിസ്തരിക്കുകയും ചെയ്തിരുന്നു. പ്രതികളെ മോചിപ്പിച്ചു എന്ന സംഭവമേ ഉണ്ടായിട്ടില്ലെന്നും ക്രമസമാധാന ചുമതല നിർവ്വഹിക്കുന്ന സിഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥന്മാർ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തെളിഞ്ഞതാണ്. സിബിഐ കള്ളക്കഥയാണുണ്ടാക്കിയത് എന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ ജാമ്യം ലഭിച്ചത്.

വലതുപക്ഷ മാധ്യമങ്ങൾ സിപിഐ(എം)നെതിരായി വലിയതോതിലാണ് വാർത്തകൾ വിന്യസിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ സിപിഐ(എം) വിരുദ്ധ പ്രചരണത്തിനുള്ള തിരിച്ചടികൂടിയാണ് ഈ വിധി.

എം.വി. ജയരാജൻ

Tags:    
News Summary - mv jayarajan about periya twin murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.