ഡി.കെയുടെ മൃഗബലി ആരോപണം വിശ്വാസികൾക്കെതിര് -എം.വി. ജയരാജൻ

കണ്ണൂർ: നരബലിയും മൃഗബലിയും കേരളത്തിന്റെ പാരമ്പര്യമല്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. കർണാടകയിലെ കോണ്‍ഗ്രസ് സർക്കാറിനെ താഴെയിറക്കാൻ കേരളത്തിലെ ക്ഷേത്രത്തിന് സമീപം മൃഗബലി നടന്നുവെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ആരോപണത്തോട് ഫേസ്ബുക്കിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജരാജേശ്വര ക്ഷേത്രത്തിൽ മൃഗബലി നടത്തിയെന്ന വാസ്തവവിരുദ്ധമായ ആരോപണം ദുരൂഹമാണ്. പുതിയ രീതിയിൽ അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് വിശ്വാസികൾക്കും കേരളത്തിനും എതിരാണെന്നും ജയരാജൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. കർണാടകയിലെ കോണ്‍ഗ്രസ് സർക്കാറിനെ താഴെയിറക്കാൻ കേരളത്തിലെ ക്ഷേത്രത്തിന് സമീപം മൃഗബലി നടന്നെന്നായിരുന്നു ശിവകുമാറിന്‍റെ ആരോപണം. കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം ശത്രുഭൈരവ എന്ന പേരില്‍ നടത്തിയ യാഗത്തില്‍ 52 മൃഗങ്ങളെ ബലി നല്‍കിയെന്നാണ് അദ്ദേഹം പറഞ്ഞത്. ‘മൃഗബലി നടത്തിയതാരെന്ന് കാലം തെളിയിക്കും. ജനങ്ങള്‍ തന്നെ അനുഗ്രഹിക്കാനുണ്ട്. അവരുടെ പ്രാർഥനയും കൂടെയുണ്ടാവും’ -ശിവകുമാർ പറഞ്ഞു.


ആരോപണം നിഷേധിച്ച് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ദേവസ്വം അധികൃതരും രംഗത്തെത്തിയിരുന്നു. മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ പേര് ബന്ധപ്പെടുത്തി പഞ്ചമൃഗബലിയും യാഗങ്ങളും നടന്നതായി ദൃശ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധവും ഭൗർഭാഗ്യകരവുമാണെന്നാണ് ടി.ടി.കെ ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ ഗിരീഷ് കുമാർ വാർത്തക്കുറിപ്പിൽ പറഞ്ഞത്. രാജരാജേശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇത്തരം പൂജകളോ യാഗങ്ങളോ നടക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ അപമാനിക്കാൻ കെട്ടിച്ചമച്ച ഈ ആരോപണത്തെക്കുറിച്ച് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ പ്രതികരിക്കണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു. ‘ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധമായതുമായ ക്ഷേത്രങ്ങളിലൊന്നാണ് രാജരാജേശ്വര ക്ഷേത്രം. ശിവക്ഷേത്രമാണ്. ശത്രുസംഹാരപൂജ പോലുമില്ലാത്ത ക്ഷേത്രമാണിത്. 3000-ലധികം വർഷം പഴക്കമുള്ള രാജരാജേശ്വരക്ഷേത്രത്തിനെപ്പറ്റി ഇതിന് മുമ്പ് ഒരിക്കലും ഇത്തരമൊരു ആരോപണം ആരും ഉയർത്തിയിട്ടില്ല. കേരളത്തിൽ നവോത്ഥാന കാലത്താണ് വിശ്വാസികളായ എല്ലാവർക്കും ക്ഷേത്രപ്രവേശനം അനുവദിച്ചത്. അതിന് മുമ്പുണ്ടായിരുന്ന ദുരാചാരങ്ങളായ തൊട്ടുകൂടായ്മയും അയിത്തവും അവസാനിപ്പിച്ചത് അക്കാലത്താണ്’ -എം.വി. ജയരാജൻ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

നരബലിയും മൃഗബലിയും കേരളത്തിന്റെ പാരമ്പര്യമല്ല

രാജരാജേശ്വര ക്ഷേത്രത്തിൽ കർണ്ണാടക കോൺഗ്രസ്സിനെ താഴെയിറക്കാൻ മൃഗബലി നടത്തിയെന്ന വാസ്തവവിരുദ്ധമായ കർണ്ണാടക ഉപമുഖ്യമന്ത്രിയുടെ ആരോപണം ദുരൂഹമാണ്. കേരളത്തെ അപമാനിക്കാൻ കെട്ടിച്ചമച്ച ഈ ആരോപണത്തെക്കുറിച്ച് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ പ്രതികരണമറിയാൻ മലയാളികൾക്ക് ആഗ്രഹമുണ്ട്. ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധമായതുമായ ക്ഷേത്രങ്ങളിലൊന്നാണ് രാജരാജേശ്വര ക്ഷേത്രം. ശിവക്ഷേത്രമാണ്. ശത്രുസംഹാരപൂജ പോലുമില്ലാത്ത ക്ഷേത്രമാണിത്. 3000-ലധികം വർഷം പഴക്കമുള്ള രാജരാജേശ്വരക്ഷേത്രത്തിനെപ്പറ്റി ഇതിന് മുമ്പ് ഒരിക്കലും ഇത്തരമൊരു ആരോപണം ആരും ഉയർത്തിയിട്ടില്ല. കേരളത്തിൽ നവോത്ഥാന കാലത്താണ് വിശ്വാസികളായ എല്ലാവർക്കും ക്ഷേത്രപ്രവേശനം അനുവദിച്ചത്. അതിന് മുമ്പുണ്ടായിരുന്ന ദുരാചാരങ്ങളായ തൊട്ടുകൂടായ്മയും അയിത്തവും അവസാനിപ്പിച്ചത് അക്കാലത്താണ്. പുതിയ രീതിയിൽ അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് വിശ്വാസികൾക്കെതിരാണ്, കേരളത്തിനെതിരാണ്.

എം.വി. ജയരാജൻ

Tags:    
News Summary - MV jayarajan against DK shivakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.