'വടകരയിൽ ഷാഫിക്ക് ഇത്രയും ഭൂരിപക്ഷം ഉണ്ടാക്കിക്കൊടുത്തത് ഈ എരണംകെട്ടവനാണ്'; ഇടത് ഗ്രൂപ്പുകളിൽ കോൺഗ്രസുകാർ നുഴഞ്ഞുകയറിയെന്ന് ജയരാജൻ

കണ്ണൂർ: സമൂഹ മാധ്യമത്തിലെ സി.പി.എം അനുകൂല ഗ്രൂപ്പായ ‘പോരാളി ഷാജി’യെ വിടാതെ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ വീണ്ടും. ആരാണീ ‘പോരാളി ഷാജി’യെന്നും അതിന്റെ അഡ്മിൻ ധൈര്യമായി പുറത്തുവരണമെന്നും സമൂഹമറിയട്ടേയെന്നും അദ്ദേഹം പറഞ്ഞു. ‘പോരാളി ഷാജി’യിൽ ആദ്യകാലത്ത് ഇടതനുകൂല പോസ്റ്റുകൾ വന്നിരുന്നുവെന്നും ഇപ്പോൾ ഇടതുവിരുദ്ധതയാണ് കൂടുതലെന്നും അദ്ദേഹം പറഞ്ഞു.

പത്തോ നൂറോ പോരാളി ഷാജിമാരുണ്ട്. ഏതാണ് ഒറിജിനൽ എന്ന് ആർക്കുമറിയില്ല. സമൂഹ മാധ്യമത്തിലൂടെ വിമർശിക്കുന്നതിന് ആരും എതിരല്ല. തെറ്റുപറ്റാത്തവർ ആരുമില്ല.

സമൂഹ മാധ്യമങ്ങളിലെ യഥാർഥ പാർട്ടിക്കാർ ആരെന്ന് പ്രവർത്തകർ മനസ്സിലാക്കണം. സി.പി.എമ്മുകാരുടെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കാൻ കോൺഗ്രസിന്റെ നവമാധ്യമ കൂട്ടായ്മ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരമൊരു നിർദേശം സി.പി.എമ്മോ ഇടതുപക്ഷമോ ഒരിടത്തും നൽകിയിട്ടില്ല. വടകരയിൽ ഷാഫി പറമ്പിലിന് ഇത്രയും വലിയ ഭൂരിപക്ഷമുണ്ടാക്കിക്കൊടുത്തത് ഈ ഗ്രൂപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

സമൂഹ മാധ്യമങ്ങളിലെ പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര്‍ തുടങ്ങിയ ഗ്രൂപ്പുകൾ വിലക്ക് വാങ്ങിയെന്നും യുവാക്കള്‍ ഇത് മാത്രം നോക്കിയിരുന്നതിന്റെ ദുരന്തമാണ് തെരഞ്ഞെടുപ്പ് പരാജയമെന്നും എം.വി. ജയരാജന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പി. ജയരാജൻ ആരാധകരുടെ കൂട്ടായ്മയായ ‘പി.ജെ. ആർമി’യുടെ പുതിയ രൂപമായ ‘റെഡ് ആർമി’യുടെ പേര് പരാമർശിച്ചിരുന്നില്ല. ഇന്നലെ പറഞ്ഞ കാര്യം ‘റെഡ് ആർമി’ക്കും ബാധകമാണെന്ന് ചോദ്യങ്ങൾക്ക് മറുപടിയായി എം.വി. ജയരാജൻ വ്യക്തമാക്കി.

ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണമായത് സോഷ്യൽ മീഡിയ പേജുകളുടെ തെറ്റായ രീതിയാണെന്ന് ജയരാജൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഇതിനെതിരെ ഇടത് സൈബർ പോരാളികൾ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു. തുടർന്നാണ് വിശദീകരണത്തിനായി ജയരാജൻ ഇന്ന് വാർത്താസമ്മേളനം നടത്തിയത്.

Tags:    
News Summary - MV Jayarajan press meet kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.