കോട്ടയം: മിത്ത് വിവാദത്തിൽ മാറി മാറി നിലപാടുകൾ സ്വീകരിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മിത്ത് വിവാദം വിഷയമാക്കില്ലെന്ന് കഴിഞ്ഞദിവസം പറഞ്ഞ സുകുമാരൻ നായർ മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി. മിത്ത് വിവാദത്തിൽ എൻ.എസ്.എസിനേറ്റ മുറിവുണങ്ങിയിട്ടില്ലെന്നാണ് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
കഴിഞ്ഞദിവസം എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസും മന്ത്രി വി.എൻ. വാസവനും സന്ദർശിച്ചതിന് പിന്നാലെ മിത്ത് വിവാദം പുതുപ്പള്ളിയിൽ വിഷയമാക്കില്ലെന്നും സമദൂരമായിരിക്കുമെന്നും എൻ.എസ്.എസ് കൈക്കൊള്ളുകയെന്നുമായിരുന്നു സുകുമാരൻ നായർ പ്രതികരിച്ചത്. പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എൻ.എസ്.എസിന്‍റെ സമദൂരത്തെ സംശയത്തോടെ കണ്ട് പ്രതികരിച്ചിരുന്നു.
തുടർന്ന് സുകുമാരൻ നായർക്ക് വീണ്ടും നിലപാട് മാറ്റം വന്നെന്ന സൂചന നൽകുന്ന പ്രതികരണമാണ് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാകുന്നത്. മിത്ത് വിവാദത്തിൽ എൻ.എസ്.എസിനേറ്റ മുറിവുണങ്ങിയിട്ടില്ലെന്നാണ് സുകുമാരൻ നായർ പ്രതികരിച്ചത്. വിവാദം ഉപ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഇടത് സ്ഥാനാർഥിയായ ജെയ്ക് സി. തോമസിനെ സ്വീകരിച്ചത് സ്ഥാനാർഥിയായത് കൊണ്ടാണെന്നും അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. മിത്തുമായി ബന്ധപ്പെട്ട പരാമർശം നടത്തിയ സി.പി.എം നേതാവും സ്പീക്കറുമായ എ.എൻ. ഷംസീറിന് മാപ്പില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു. തന്നെ ‘പോപ്പ്’ എന്ന് വിളിക്കുന്നതിലെ അസംതൃപ്തിയും അദ്ദേഹം മറച്ചുവെക്കുന്നില്ല. അങ്ങനെ വിളിക്കുന്നത് അവഹേളനമാണ്.
തെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് സ്വീകരിക്കുന്നത് സമദൂര നിലപാടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് ദുർവ്യാഖ്യാനപ്പെട്ടു. ഇവിടെ ഭരണമാറ്റം ജനമാവശ്യപ്പെടുന്നുണ്ടോ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഉണ്ടെന്ന് താൻ പറഞ്ഞിരുന്നു. അതെന്‍റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു, എൻ.എസ്.എസിന്‍റേതായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സമദൂര നിലപാട് തന്ത്രമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പരാമർശത്തെ തമാശയായി മാത്രമാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തേ, മിത്ത് വിവാദത്തിൽ നാമജപ യാത്ര അടക്കം പ്രക്ഷോഭവുമായി രംഗത്ത് വന്ന എൻ.എസ്.എസ് ദിവസങ്ങൾക്കകം പ്രത്യക്ഷ സമരത്തിൽനിന്ന് പിൻമാറിയിരുന്നു.
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വികാരത്തെക്കാൾ രാഷ്ട്രീയത്തിനാണ് പ്രാധാന്യമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സ്ഥാനാർഥികളായ ചാണ്ടി ഉമ്മനും ജെയ്ക് സി. തോമസും കണ്ടു മടങ്ങിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയോടുള്ള സഹതാപം തെരഞ്ഞെടുപ്പിൽ ഉണ്ടാകുമോയെന്ന ചോദ്യത്തിന് ഉണ്ടാകുമായിരിക്കും എന്നായിരുന്നു മറുപടി. ഉമ്മൻ ചാണ്ടി എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. പക്ഷെ അതിനപ്പുറത്ത് രാഷ്ട്രീയം ചർച്ചയാകുകയാണ് അവിടെ.
പാലാ രൂപത പാലാ കത്തീഡ്രൽ പള്ളിയിൽ സംഘടിപ്പിച്ച മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ മെത്രാഭിഷേകത്തിന്റെ സുവർണ ജൂബിലി ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സ്ഥാനാർഥികൾ ആലഞ്ചേരിയുടെയും മറ്റ് വൈദിക പ്രമുഖരുടെയും അനുഗ്രഹം തേടിയത്. ആദ്യമെത്തിയത് ചാണ്ടി ഉമ്മനായിരുന്നു. അദ്ദേഹം അവിടെ കാത്തിരുന്ന ശേഷമാണ് കൂടിക്കാഴ്ച നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.