തിരുവനന്തപുരം: സസ്പെൻഷനെ തുടർന്ന് സർക്കാറുമായി ഇടഞ്ഞുനിൽക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിന്‍റെ ഫേസ്ബുക്കിലെ പരിഹാസ കുറിപ്പ് ചർച്ചയാകുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പ്രശാന്തിന്‍റെ പരാതി ചീഫ് സെക്രട്ടറി നേരിട്ട് കേൾക്കാനിരിക്കെയാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പിടുന്നത്.
പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെയെന്ന് പറഞ്ഞാണ് അദ്ദേഹത്തിന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. അടുത്തയാഴ്ച നേരിട്ട് ഹാജരാകാന്‍ ചീഫ് സെക്രട്ടറി പ്രശാന്തിന് നോട്ടീസ് നൽകിയിരുന്നു. ചീഫ് സെക്രട്ടറി തന്നെയാണ് ഹിയറിങ് നടത്തുക. തന്‍റെ ഭാഗം കേൾക്കാതെ സസ്പെൻഡ് ചെയ്തു എന്നതാണ് പ്രശാന്തിന്‍റെ പ്രധാന പരാതി.
അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചത് ചൂണ്ടിക്കാട്ടിയാണ് നവംബര്‍ 11ന് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്. ഈ മാസം ശാരദാ മുരളീധരന്‍ വിരമിക്കുമ്പോള്‍ എ. ജയതിലക് ചീഫ് സെക്രട്ടറി സ്ഥാനത്തെത്താൻ സാധ്യതയും കൂടുതലാണ്. ഇത് കൂടി കണക്കിലെടുത്താണ് രമ്യമായി പ്രശ്നം പരിഹരിക്കുന്നതിന് പ്രശാന്തിനെ കേൾക്കാനുള്ള നീക്കമെന്നാണ് സൂചന.
അതേസമയം, ചീഫ് സെക്രട്ടറി വിളിച്ച ഹിയറിങ്ങിന് പിന്നാലെ വിചിത്ര ആവശ്യങ്ങളുമായി പ്രശാന്ത് രംഗത്തുവന്നിരുന്നു. ഹിയറിങ് റെക്കോഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുമധ്യത്തിൽ കാണിക്കണമെന്നുമാണ് പ്രശാന്തിന്റെ ആവശ്യം.
ഓൾ കേരളാ സിവിൽ സർവ്വീസ് അക്കാദമി:
പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു IAS ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം. ഈ വിഷയം പഠിപ്പിക്കുന്ന പ്രൊഫ. അടിമക്കണ്ണ് അതിനായി ഉപയോഗിക്കുന്ന വീഡിയോ നമുക്ക് കാണാം. ബ്ലാക്ക് & വൈറ്റ് വീഡിയോ ആണ് നാസ പുറത്ത് വിട്ടത്. ഒന്നും തോന്നരുത്.
ഗോഡ്ഫാദറില്ലാത്ത, വരവിൽ കവിഞ്ഞ് വരുമാനമില്ലാത്ത, ക്രിമിനൽ കേസുകളൊന്നും ഇല്ലാത്ത, പീഡോഫീലിയ കേസ് ഒതുക്കിത്തീർക്കാനില്ലാത്ത, തമിഴ്‌നാട്ടിൽ ടിപ്പറും കാറ്റാടിപ്പാടങ്ങളുമില്ലാത്ത, ബന്ധുക്കൾക്ക് ബാറില്ലാത്ത, പത്രക്കാർ പോക്കറ്റിലില്ലാത്ത, ഡാൻസും പാട്ടുമറിയാത്ത, മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകളില്ലാത്തവർക്ക് മാത്രമാണീ ക്ലാസ് ബാധകം.
പ്രൊഫ. അടിമക്കണ്ണിന്റെ ക്ലാസ്സിൽ ശ്രദ്ധിക്കാതിരുന്നവർ ആത്മാഭിമാനം, നീതി, ന്യായം, സുതാര്യത, നിയമം, ഭരണഘടന എന്നൊക്കെ പുലമ്പും. കാര്യമാക്കണ്ട.
ധർമ്മോ രക്ഷതി രക്ഷതി രക്ഷിതഃ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.