തിരുവനന്തപുരം അയ്യൻകാളി ഹാളിൽ സർക്കാറിന്‍റെ ആദരവ് ഏറ്റുവാങ്ങാനെത്തിയ ദേശീയ പുരസ്കാര ജേതാവ് നഞ്ചിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ പൊന്നാടയണിയിക്കുന്നു

'മക്കൾക്കെല്ലാം നന്ദി' പറഞ്ഞ് ഉള്ളം കവർന്ന് നഞ്ചിയമ്മ; കണ്ണ് നിറഞ്ഞ് സദസ്സ്

തിരുവനന്തപുരം: പാട്ടും കളങ്കമേശാത്ത വാക്കുകളുമായി ആദരവേകിയ സദസ്സിന്‍റെ ഉള്ളംകവർന്ന് നഞ്ചിയമ്മ. അയ്യൻകാളി ഹാളിൽ സർക്കാർ ഒരുക്കിയ ആദരവിന് മറുപടി പറയവെയാണ് വെളുക്കെച്ചിരിച്ചും മനസ്സ് നിറച്ചും നഞ്ചിയമ്മ സർക്കാർ പരിപാടിയുടെ ചിട്ടവട്ടങ്ങൾക്കപ്പുറം വേറിട്ട സാന്നിധ്യമായത്.

നഞ്ചിയമ്മയെ സംസാരിക്കാൻ ക്ഷണിച്ചപ്പോൾതന്നെ അതുവരെ ഉയരാത്ത കരഘോഷം ഹാളിൽ മുഴങ്ങി. കൈകൂപ്പി അവർ പ്രസംഗപീഠത്തിലെത്തും വരെ കൈയടി തുടർന്നു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സദസ്സിലെ 'മക്കൾക്കു'മെല്ലാം നന്ദി പറഞ്ഞായിരുന്നു തന്‍റെ സ്വതസിദ്ധ ഭാഷയിൽ സംസാരിച്ചുതുടങ്ങിയത്.

'ഈ സ്നേഹം കാണുമ്പോൾ എന്‍റെ മനസ്സും കണ്ണുകളും നിറയുകയാണ്. മക്കളെ കാണുമ്പോൾ വിശപ്പുതന്നെ മറക്കുന്നു. അട്ടപ്പാടിയിൽനിന്ന് നിങ്ങളെ കാണാൻ രാത്രി രണ്ടിനാണ് പുറപ്പെട്ടത്. അവാർഡ് എനിക്ക് മാത്രമുള്ളതല്ല. ഞാൻ കഷ്ടപ്പെട്ട് വാങ്ങിയതുമല്ല. നിങ്ങൾ, മക്കളാണ് എനിക്ക് അവാർഡ് നേടിത്തന്നത്. ആദിവാസി ഊരുകളിലൊക്കെ ഇനിയും പുറത്തറിയാത്ത, നിരവധി കഴിവുള്ള മക്കളുണ്ട്. സർക്കാർ മുൻകൈയെടുത്ത് അവരുടെ കഴിവുകൾ കണ്ടെത്തുകയും പുറത്തെത്തിക്കുകയും വേണം. എന്‍റെ ആഗ്രഹമാണത്. പരിപാടിയിലൊക്കെ പങ്കെടുത്ത് സംസാരിക്കാൻ ശബ്ദമില്ല. നിങ്ങൾ പൊറുക്കണം' നഞ്ചിയമ്മ പറഞ്ഞുനിർത്തി. പിന്നീട് പാട്ടിനായി സദസ്സ് കാതോർത്തു.

നഞ്ചിയമ്മ വന്നിട്ട് പാട്ടുപാടാതെ പോയി എന്നുവേണ്ട എന്ന ആമുഖത്തോടെ ദേശീയ അവാർഡ് നേടിക്കൊടുത്ത 'കലക്കാത്ത സന്ദനമേര'... എന്ന പാട്ട് പാടി. ഏറ്റുപാടിയും കൈയടിച്ചും കണ്ണ് നിറച്ചും സദസ്സ് നഞ്ചിയമ്മയെ ഹൃദയത്തിലേറ്റി.

Tags:    
News Summary - Nacnjiyamma says 'thank you to all children'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.