തിരുവനന്തപുരം: സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് യൂനിഫോമിനൊപ്പം പേര് വിവരങ്ങൾ ഉൾക്കൊള്ളുന്ന നെയിം ബോർഡ് നിർബന്ധമാക്കുന്നു. നേരത്തെ ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയെങ്കിലും അധികംപേരും പാലിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.
ഇക്കാര്യം പരിശോധിക്കാൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ ഗതാഗത കമീഷണർക്ക് നിർദേശം നൽകി. ഡ്രൈവർമാരും കണ്ടക്ടർമാരും നിർദേശിച്ച മാനദണ്ഡപ്രകാരം യൂനിഫോം ധരിക്കുന്നുണ്ടോ എന്നറിയാൻ പ്രത്യേക പരിശോധനക്കും മോട്ടോർ വാഹനവകുപ്പ് തയാറെടുക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളും പരിശോധന പരിധിയിലുണ്ട്.
സ്വകാര്യ ബസുകളിലെ കണ്ടക്ടര്‍മാര്‍ നെയിം ബോർഡ് ധരിക്കണമെന്ന ഉത്തരവിന് 12 വർഷത്തിലേറെ പഴക്കമുണ്ടെങ്കിലും ഇനിയും നടപ്പാക്കാനായിട്ടില്ല. 2011 മാര്‍ച്ചിലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ബസിലെ യാത്രക്കാർക്ക് മോശം അനുഭവമുണ്ടാകുന്ന സാഹചര്യങ്ങളിൽ ജീവനക്കാർക്കെതിരെ പരാതിപ്പെടാൻ കണ്ടക്ടറുടെ പേരെങ്കിലും തിരിച്ചറിയാൻ സാധിക്കുമെന്നതിനാലാണ് ഉത്തരവിറക്കിയിരുന്നത്.
പല സ്വകാര്യ ബസുകളിലും പല ദിവസങ്ങളിലും പല ജീവനക്കാരാണ് ജോലി ചെയ്യുന്നത്. അതിനാൽ മോശം പെരുമാറ്റം നടത്തുന്ന ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കാനാകില്ല. സമീപകാലത്ത് വിദ്യാർഥികൾക്കടക്കം ജീവനക്കാരിൽനിന്ന് മോശം അനുഭവങ്ങളുണ്ടാകുന്നെന്ന പരാതി ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പഴയ ഉത്തരവ് പൊടിതട്ടിയെടുക്കാനും കർശനമായി നടപ്പാക്കാനും ഗതാഗത വകുപ്പ് തയാറായത്.
കാക്കി ഷര്‍ട്ടില്‍ ഇടത് പോക്കറ്റിന്റെ മുകളില്‍ നെയിം ബോർഡുകള്‍ കുത്തണമെന്നാണ് വ്യവസ്ഥ. പേര്, ബാഡ്ജ് നമ്പര്‍ എന്നിവ ഇതിൽ ഉണ്ടാവണം. കറുത്ത അക്ഷരത്തില്‍ മലയാളത്തിലോ ഇംഗ്ലീഷിലോ പേരെഴുതണം. ഉത്തരവിറങ്ങി ഏതാനും മാസം നിർദേശം നടപ്പായെങ്കിലും പിന്നീട് കാര്യങ്ങൾ പഴയപടിയായി.
കോവിഡിനുശേഷം പൂർണമായും നിലച്ചു. യൂനിഫോം കാര്യത്തിൽ പോലും ഉദാസീനത വ്യാപകമായ സാഹചര്യത്തിൽ കൂടിയാണ് വീണ്ടും കാര്യങ്ങൾ കർശനമാക്കുന്നത്.
നെയിം ബോർഡ് ധരിക്കാത്ത കണ്ടക്ടര്‍മാര്‍ക്ക് 1000 രൂപ പിഴ ഈടാക്കണമെന്നായിരുന്നു നേരത്തെയുള്ള നിർദേശം. വീണ്ടും നിയമം ലംഘിച്ചാല്‍ കണ്ടക്ടറുടെ ലൈസൻസ് തന്നെ റദ്ദാക്കാനും നിയമത്തില്‍ വകുപ്പുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പേര് വിവരങ്ങൾ ഉൾപ്പെടുന്ന ഐ.ഡി കാർഡ് നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.