കൽപറ്റ: നഞ്ചൻകോട്- നിലമ്പൂർ റെയിൽപാത അട്ടിമറിക്കുന്നതിനെതിരെ നീലഗിരി- വയനാട് എൻ.എച്ച് റെയിൽവേ ആക്ഷൻ കമ്മിറ്റി വീണ്ടും സമരരംഗത്തേക്ക്. മുടങ്ങിപ്പോയ പ്രവൃത്തികൾ പൂർത്തീകരിക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഈമാസം 20ന് കൽപറ്റ സിവിൽ സ്റ്റേഷനു മുന്നിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ സിവിൽ സൊസൈറ്റിയുടെ ബഹുജന ധർണ സംഘടിപ്പിക്കും.
ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ്, എസ്.എൻ.ഡി.പി, വിവിധ ക്രിസ്ത്യൻ സഭകൾ, മുസ്ലിം സമുദായ സംഘടനകൾ, ആദിവാസി സംഘടനകൾ, വ്യാപാരി വ്യവസായികൾ, ചേംബർ ഓഫ് കോമേഴ്സ്, തൊഴിലാളി സംഘടനകൾ തുടങ്ങിയവരെല്ലാം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പാത നിർമിക്കാൻ കേന്ദ്രവും കേരളവും തമ്മിൽ സംയുക്ത കരാർ ഒപ്പിട്ടതിനെ തുടർന്ന് 2016ൽ കേന്ദ്ര സർക്കാർ 30 സംയുക്ത സംരംഭ പദ്ധതികളിൽ ഉൾപ്പെടുത്തി 3000 കോടി രൂപയുടെ കേന്ദ്ര വിഹിതം പ്രഖ്യാപിച്ചിരുന്നുപാതയുടെ ഡി.പി.ആറും അന്തിമ സ്ഥലനിർണയ സർവേയും നടത്താൻ സംസ്ഥാന സർക്കാർ ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തി ഉത്തരവിറക്കി.
െറയിൽവേ ബോർഡ് ഈ നടപടികൾക്ക് അംഗീകാരവും നൽകി. അഞ്ചു വർഷംകൊണ്ട് റെയിൽപാത പൂർത്തിയാക്കാമെന്നാണ് ഇ. ശ്രീധരൻ അറിയിച്ചത്. 2017ൽ മന്ത്രി ജി. സുധാകരൻ കൽപറ്റ ടൗൺഹാളിൽ ജനകീയ കൺെവൻഷൻ വിളിച്ച് പാതയുടെ ഉദ്ഘാടനം പ്രഖ്യാപിച്ചു. ടി.പി.ആർ തയാറാക്കാൻ നൽകേണ്ട എട്ടു കോടി രൂപയിൽ രണ്ടു കോടി രൂപ ഡി.എം.ആർ.സിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് സർക്കാർ ഉത്തരവുമിറക്കി. എന്നാൽ, അന്ന് രാവിലെ ഇറങ്ങിയ ഉത്തരവ് ഉന്നതങ്ങളിലെ നിർദേശത്തെ തുടർന്ന് ഉച്ചക്കുശേഷം മൂന്നോടെ മരവിപ്പിച്ചു. തുടർന്ന് മുഖ്യമന്ത്രി ശ്രീധരനോട് തലശ്ശേരി- മൈസൂർ റെയിൽപാതയുടെ സാധ്യതാപഠനം നടത്താൻ നിർദേശിച്ചു.
തലശ്ശേരി- മൈസൂർ പാത സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാവില്ല എന്നാണ് ശ്രീധരൻ നൽകിയ പഠന റിപ്പോർട്ട്. ഡി.പി.ആർ തയാറാക്കാൻ ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തിയിട്ട് നാലര വർഷം കഴിഞ്ഞു. ഒരു ലോബി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിനെ തുടർന്നാണ് പ്രവൃത്തികൾ മുടങ്ങിയതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കൺവീനർ അഡ്വ. ടി.എം. റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, പി.വൈ. മത്തായി, മോഹൻ നവരംഗ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.