കുടുംബ ഭൂമിയിൽ ജോസഫ് കുര്യൻ പെട്രോൾ പമ്പ് തുടങ്ങുമോയെന്ന് നഞ്ചിയമ്മക്ക് ആശങ്ക

കോഴിക്കോട്: അട്ടപ്പാടിയിലെ കുടുംബ ഭൂമിയിൽ ജോസഫ് കുര്യൻ പെട്രോൾ പമ്പ് തുടങ്ങുമോയെന്ന് ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മക്ക് ആശങ്ക. രാഷ്ട്രീയതലത്തിലും ഉദ്യോഗസ്ഥ മണ്ഡലത്തിലും വലിയ സ്വാധീനമുള്ള ജോസഫ് കുര്യൻ കോടതി വ്യവഹാരങ്ങളിൽ നിരന്തരം വിജയിക്കുന്നയാളാണ്. പെട്രോൾ പമ്പും സംഭരണ ടാങ്കും സ്ഥാപിക്കുന്നതിന് അനുകൂലമായി ഹൈകോടതിയിൽ നിന്ന് 2021 ആഗസ്റ്റ് അഞ്ചിന് ജോസഫ് കുര്യൻ ഉത്തരവ് വാങ്ങിയിരുന്നു.

പാലക്കാട് അഡിഷണൽ ജില്ലാ മജിസ്ട്രേറ്റിന് മുന്നിൽ എട്ട് രേഖകളാണ് ജോസഫ് കുര്യൻ ഹാജരാക്കിയത്. അതിൽ പ്രധാനപ്പെട്ടത് മണ്ണാർക്കാട് തഹസീദാർ 2020 മാർച്ച് 12നും അഗളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി 2021 സെപ്റ്റംബർ അഞ്ചിനും നൽകിയ റിപ്പോർട്ടുകളായിരുന്നു. ജില്ലാ പൊലീസ് മേധാവി 2020 ഫെബ്രുവരി 23നും ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് പാലക്കാട് റീജിയണൽ ഓഫീസർ 2019 ഡിസംബർ 15നും അനുകൂലമായി റിപ്പോർട്ട് നൽകി. മലിനീകരണ നിയന്ത്രണ ബോർഡ് 2021 നവംബർ 10ന് അനുമതി പത്രം നൽകി.

പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ 2021 ഒക്ടോബർ ഏഴിന് കത്ത് നൽകി. ഹൈകോടതിയിൽ നിന്നും 2021 ആഗസ്റ്റ് അഞ്ചിന് ലഭിച്ച ഉത്തരവും കൂടി സമർപ്പിച്ചപ്പോൾ പാലക്കാട് അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ ജോസഫ് കുര്യന് അനുകൂലമായി ഉത്തരവിട്ടു. ജോസഫ് കുര്യനും ബി.പി.സി.എൽ ഡീലർ എ. അൻസിതയും നൽകിയ സത്യവാങ്മൂലത്തിൽ ഈ സ്ഥലത്തിനെതിരെ ഫയൽ ചെയ്തിട്ടുള്ള ടി.എൽ.എ അപ്പീൽ ഹരജിയിലെ ഉത്തരവ് എതിരെയാകുന്ന പക്ഷം സ്ഥലം വിട്ടുനൽകുന്നത് ഉൾപ്പെടെയുള്ള എല്ലാ കഷ്ടനഷ്ടങ്ങൾക്കും തങ്ങൾ ഉത്തരവാദിയായിരിക്കും എന്ന് നോട്ടറി മുമ്പാകെ സാക്ഷ്യപ്പെടുത്തി.

ഈ രേഖകൾ പരിശോധിച്ച അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സ്ഥലത്തിനുമേലുള്ള ടി.എൽ.എ കേസിലെ ഹരജിയുടെ അന്തിമ ഉത്തരവിന് വിധേയമായിരിക്കും എന്ന വ്യവസ്ഥ ചെയ്തു. ഹൈകോടതിയിൽ നിലവിൽ കൊടുത്തിരിക്കുന്ന ഹരജിയിലും ഇതേ രേഖകളാണ് ജോസഫ് കുര്യൻ ഹാജരാക്കുന്നത്. ജോസഫ് കുര്യന് ഈ ഭൂമിക്ക് മേൽ ഉടമാവകാശം ഉണ്ടോ എന്ന് ആരും പരിശോധിക്കുന്നില്ല. ഹൈകോടതിയും ഇതേ രേഖകളാണ് പരിഗണിക്കുന്നതെങ്കിൽ കുടുംബ ഭൂമിയിൽ ജോസഫ് കുര്യൻ പെട്രോൾ പമ്പ് തുടങ്ങുമോയെന്നാണ് നഞ്ചിമ്മയുടെ ആശങ്ക. കോടതി ഉത്തരവും പൊലീസും ജെ.സി.ബിയുമായി എത്തിയാണ് അട്ടപ്പാടിയിൽ ആദിവാസി ഭൂമി പിടിച്ചെടുക്കുന്നത്. 

Tags:    
News Summary - Nanjiamma is worried that Joseph Kuryan will open a petrol pump on the family land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.