നഞ്ചിയമ്മയുടെ കുടുംബ ഭൂമി: സബ്കലക്ടറുടെ 2020ലെ ഉത്തരവ് കലക്ടർ റദ്ദാക്കി

കോഴിക്കോട് : ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ച അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ കുടുംബ ഭൂമിയുടെ ടി.എൽ.എ കേസിൽ വഴിത്തിരിവ്. 1999 ലെ പട്ടികവർഗഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമ പ്രകാരം ഒറ്റപ്പാലം സബ്കലക്ടറുടെ 2020 ഫെബ്രുവരി 28ലെ ഉത്തരവ് പാലക്കാട് കലക്ടർ ഡോ.എസ്.ചിത്ര റദ്ദാക്കി. അട്ടപ്പാടിയിലെ ആദിവാസി ഭൂമി അന്യാധീനപ്പെട്ട കേസിൽ ഈ ഉത്തരവ് വഴിത്തിരിവാകും. മാധ്യമം ഓൺലൈൻ വാർത്തയെ തുടർന്ന് നിയമസഭയിലടക്കം നഞ്ചിയമ്മയുടെ ഭൂമി വിവാദ വിഷയമായിരുന്നു.

ഒറ്റപ്പാലം സബ് കലക്ടറുടെ ഉത്തരവ് ആദിവാസി ഭൂമി കൈവശപ്പെടുത്തിയവർക്ക് അനുകൂലമായിരുന്നു. ഈ ഉത്തരവിന്റെ പിൻബലത്തിലാണ് ഭൂമി കൈവശം വെച്ചിരിക്കുന്നുവെന്ന് അവകാശപ്പെട്ട് കെ.വി മാത്യുവും ജോസഫ് കുര്യനും അഗളി വില്ലേജിൽ നികുതി അടച്ച് രസീത് വാങ്ങിയത്. തുടർന്ന് ജോസഫ് കുര്യൻ ഈ ഭൂമിയിൽ പെട്രോൾ പമ്പ് തുടങ്ങുന്നതിന് അനുമതിയും വാങ്ങിയിരുന്നു. ഹൈകോടതിയിൽ ജോസഫ് കുര്യൻ നൽകിയ ഹരജിയെ തുടർന്നാണ് കലക്ടറുടെ ഉത്തരവ്.

നഞ്ചിയമ്മയുടെ ഭർത്താവ് നാഗൻ അഗളി വില്ലേജിലെ നാല് ഏക്കർ ഭൂമി അന്യാധീനപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ചാണ് ആദ്യം അപേക്ഷ നൽകിയത്. 1975 ലെ നിയമപ്രകാരം 1995 ൽ ഒറ്റപ്പാലം ആർ.ഡി.ഒ നഞ്ചിയമ്മയുടെ കുടുംബത്തിന് അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നൽകാൻ ഉത്തരവായിരുന്നു. എന്നാൽ, 1999 ലെ പട്ടികവർഗഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും നിയമ പ്രകാരം ഭൂമി കൈയേറിയ കന്തസ്വാമിയുടെ അവകാശികൾക്ക് അനുകൂലമായിട്ടാണ് ഉത്തരവുണ്ടായത്. സർക്കാർ മിച്ചഭൂമിയായി ഏറ്റെടുത്ത ഭൂമി ഒഴിച്ചുള്ള 1.40 ഏക്കർ കന്തസ്വാമിയുടെ അവകാശികൾക്ക് കൈവശം നിലനിർത്താമെന്നും അവരുടെ അവകാശികളിൽ നിന്ന് തീറുങ്ങിയവരിൽ നിന്ന് ഭൂമിക്ക് കരം സ്വീകരിക്കുന്നതിനും കൈവശ സർട്ടിഫിക്കറ്റ് നൽകുന്നതിനും ഉത്തരവിൽ അനുമതി നൽകി.


 

ഈ ഉത്തരവിനെതിരെ നഞ്ചിയമ്മ അടക്കമുള്ളവർ കലക്ടർക്ക് അപ്പീൽ അപേക്ഷ സമർപ്പിച്ചു. 2022 ഓഗസ്റ്റ് 10, സെപ്റ്റംബർ 13, 2023 മാർച്ച് ഒമ്പത് എന്നീ തീയതികളിൽ ഇത് സംബന്ധിച്ച് കലക്ടർ വിചാരണ നടത്തി. ഭൂ രേഖകൾ പരിശോധിച്ചതിൽ ഒറ്റപ്പാലം സബ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് കെ.വി മാത്യുവിന് 1.40 ഏക്കർ ഭൂമി ലഭിച്ചതെന്ന് വിചാരണയിൽ വ്യക്തമായി.

ടി.എൽ.എ കേസ് നിലനിൽക്കെ 2017 ലാണ് കെ.വി മാത്യു 50 സെന്റ് ഭൂമി ജോസഫ് കുര്യന് തീറ് നൽകിയത്. ജോസഫ് കുര്യൻ ഹൈകോടതിയിൽ  നൽകിയ ഹരജിയിൽ കേസ് മൂന്ന് മാസത്തിനകം തീർപ്പാക്കണമെന്ന് പാലക്കാട് കലക്ടർക്ക് ഫെബ്രുവരി 13 ന് നിർദേശം നൽകി. ഇതിനെത്തുടർന്നാണ് കലക്ടർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

കൃഷിഭൂമിയുടെ കൈമാറ്റമാണ് 1999ലെ നിയമത്തിൽ പറയിന്നത്. പട്ടികവർഗക്കാരിൽ നിന്നും പട്ടികവർഗക്കാരല്ലാത്തവരിലേക്കുള്ള കാർഷികേതര ഭൂമിയുടെ കൈമാറ്റങ്ങൾക്ക് 1975ലെ നിയമം ബാധകമാകുമെന്ന് സുപ്രീംകോടതിയുടെ പരാമർശം ചൂണ്ടിക്കാണിച്ചാണ് കലക്ടർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. 1960നും 1986 ജനുവരി 24 നും ഇടക്ക് പട്ടികവർഗക്കാരിൽ നിന്നും പട്ടികവർഗക്കാർ അല്ലാത്തവരിലേക്കുള്ള രണ്ട് ഹെക്ടർ (അഞ്ച് ഏക്കർ) വരെയുള്ള കൈമാറ്റത്തിൽ ഉൾപ്പെട്ട ഭൂമി കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നെങ്കിൽ മാത്രമേ അവകാശമുള്ളു. കാർഷികേതര ഭൂമിയുടെ കൈമാറ്റങ്ങൾക്ക് 1975ലെ പട്ടികവർഗ നിയമം ബാധകമാണ്.

അതിനാൽ നഞ്ചിയമ്മയുടെ  ടി.എൽ.എ കേസുള്ള ഭൂമി പരിശോധിക്കണമെന്നാണ് കലക്ടറുടെ ഉത്തരവ്. അതിന് ഒറ്റപ്പാലം സബ് കളക്ടറുടെ ഉത്തരവ് റദ്ദ് ചെയ്ത് കേസ് പുനപരിശോധിക്കാൻ ഒറ്റപ്പാലം സബ് കലക്ടർക്ക് നിർദേശം നൽകി. ആദിവാസി ഭൂമി അന്യാധീനപ്പെട്ട കേസിൽ ഈ ഉത്തരവ് വഴിത്തിരിവാണ്. ഇതുവരെ 1999 ലെ നിയമം മാത്രമാണ് വിചാരണയിൽ പരിഗണിച്ചിരുന്നത്. 2009 ലെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്ന് ആദിവാസികൾ അവകാശവാദം ഉന്നയിച്ചിരുന്നില്ല. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിയിൽ പെട്രോൾ പമ്പിന് അനുമതി നൽകാൻ കഴിയുമോ എന്ന ചോദ്യമാണ് ഉയരുന്നത്. 

Tags:    
News Summary - Nanjiamma's family land: Collector cancels Sub-Collector's order of 2020

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.