'അൽപ്പം മനുഷ്യസ്​നേഹം കാണിച്ചിരുന്നെങ്കിൽ ഇപ്പോഴും 'ഇഹ്സാൻ ജാഫ്രി' നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു'

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യസഭയിലെ വൈകാരിക പ്രകടനത്തെ പരോക്ഷമായി വിമർശിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റ്​ വൈറലായി. രാജ്യസഭയിൽ കോൺഗ്രസ്​ എം.പി ഗുലാം നബി ആസാദിന് നൽകിയ യാത്രയയപ്പ് ചടങ്ങിലായിരുന്നു മോദിയുടെ വികാരപ്രകടനം. രാജ്യസഭയിലെ പ്രതിപക്ഷ നേതാവുകൂടിയായ ഗുലാം നബിയുമായുള്ള അടുപ്പവും അദ്ദേഹം നൽകിയ സേവനങ്ങളും വിവരിക്കവേ മോദി കരഞ്ഞു. പലപ്പോഴും വാക്കുകൾ മുറിഞ്ഞു.


നിമിഷങ്ങളോളം വാക്കുകൾ കിട്ടാതെ സ്വയം നിയന്ത്രിക്കാൻ പാടുപെട്ട അദ്ദേഹം ഗുലാം നബിയെ സല്യൂട്ട് ചെയ്താണ്​ പ്രസംഗം അവസാനിപ്പിച്ചത്​. ഇതിനെ പരാമർശിച്ചുകൊണ്ടാണ്​ സുധാ മേനോൻ ഫേസ്​ബുക്കിൽ പോസ്റ്റ്​ ഇട്ടിരിക്കുന്നത്​. ഏറെ വൈകാരികമായ പ്രസംഗം ആയിരുന്നു പ്രധാനമന്ത്രിയുടേതെന്നും കാശ്മീരിൽ ഭീകരാക്രമണം നടന്നപ്പോൾ അവിടെ കുടുങ്ങിപ്പോയ ഗുജറാത്തികളെ തിരികെയെത്തിക്കുവാൻ ഗുലാം നബി ആസാദും, പ്രണബ് മുഖർജിയും നടത്തിയ ശ്രമങ്ങൾ അദ്ദേഹം ഓർമിച്ചതു ഹൃദയസ്പർശിയായിരുന്നെന്നും പറഞ്ഞാണ്​ പോസ്​റ്റ്​ തുടങ്ങുന്നത്​. തുടർന്ന്​ ഗുജറാത്ത്​ കലാപ കാലത്ത്​ കൊല്ലപ്പെട്ട മുൻ കോൺഗ്രസ്​ എം.പി ഇഹ്സാൻ ജാഫ്രിയുടെ ഓർമകൾ പങ്കുവക്കുന്നു.


'2002ലെ ആ ശപിക്കപ്പെട്ട രാത്രിയിൽ തനിക്ക് ചുറ്റും കൂടിയ ഗുൽബർഗ്ഗ സൊസൈറ്റിയിലെ പേടിച്ചരണ്ട സാധു മനുഷ്യരെ രക്ഷിക്കാൻ മോദിയും അദ്വാനിയും അടക്കം എത്രപേരെ വിളിച്ചു. അദ്ദേഹവും ചുറ്റും കൂടിയ മനുഷ്യരും ഗുജറാത്തികൾ തന്നെ ആയിരുന്നില്ലേ ? അന്ന് 'അധികാരം' നൈതികമായി, അതിലേറെ വെറും മനുഷ്യസ്നേഹത്തിന്‍റെ അടയാളമായി എങ്കിലും ഉപയോഗിച്ചിരുന്നുവെങ്കിൽ, ഇപ്പോൾ ഇന്ന് ആ സഭയിൽ ഒരുപക്ഷെ ഇഹ്സാൻ ജാഫ്രിയും ഉണ്ടാകുമായിരുന്നു കൈയ്യടിക്കാൻ' എന്നാണ്​ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്​. ആയിരക്കണക്കിന്​ ലൈക്കും നുറുകണക്കിന്​ ഷെയറുമാണ്​ പോസ്റ്റിന്​ ലഭിച്ചിരിക്കുന്നത്​. പോസ്റ്റിന്‍റെ പൂർണരൂപം.

ഏറെ വൈകാരികമായ പ്രസംഗം ആയിരുന്നു ഇന്ന് പ്രധാനമന്ത്രിയുടേത്. കാശ്മീരിൽ ഭീകരാക്രമണം നടന്നപ്പോൾ അവിടെ കുടുങ്ങിപ്പോയ ഗുജറാത്തികളെ തിരികെയെത്തിക്കുവാൻ ഗുലാം നബി ആസാദും, പ്രണബ് മുഖർജിയും നടത്തിയ ശ്രമങ്ങൾ അദ്ദേഹം ഓർമിച്ചതു ഹൃദയസ്പർശിയായിരുന്നു...ഞാനപ്പോൾ വെറുതെ ആ രാത്രി ഓർത്തുപോയി. ഒരിക്കൽ ഇതേ പാർലമെന്റിലെ അംഗമായിരുന്ന എഹ്സാൻ ജാഫ്രി എന്ന മുതിർന്ന കോണ്ഗ്രസ്സുകാരൻ, 2002ലെ ആ ശപിക്കപ്പെട്ട രാത്രിയിൽ തനിക്ക് ചുറ്റും കൂടിയ ഗുൽബർഗ്ഗ സൊസൈറ്റിയിലെ പേടിച്ചരണ്ട സാധു മനുഷ്യരെ രക്ഷിക്കാൻ മോദിയും അദ്വാനിയും അടക്കം എത്രപേരെ വിളിച്ചു!

Full View

ഡൽഹിയിലേക്കും, ഗാന്ധി നഗറിലേക്കും മാറി മാറി..അദ്ദേഹവും ചുറ്റും കൂടിയ മനുഷ്യരും ഗുജറാത്തികൾ തന്നെ ആയിരുന്നില്ലേ ? അന്ന് 'അധികാരം' നൈതികമായി, അതിലേറെ വെറും മനുഷ്യസ്നേഹത്തിന്റെ അടയാളമായി എങ്കിലും ഉപയോഗിച്ചിരുന്നുവെങ്കിൽ,ഇപ്പോൾ ഇന്ന് ആ സഭയിൽ ഒരു പക്ഷെ എഹ്സാൻ ജാഫ്രിയും ഉണ്ടാകുമായിരുന്നു കൈയ്യടിക്കാൻ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.