കോഴിക്കോട്: ബി.ജെ.പിയുടെ ജനസമ്പർക്ക പരിപാടിയുമായി സഹകരിച്ചത് വഴി വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിധേയനായ സമസ്ത കേരളാ ജംഇഅത്തുൽ ഉലമ നേതാവ് നാസർ ഫൈസി കൂടത്തായി മാപ്പ് ചോദിച്ചു. സംഭവിച്ച കാര്യങ്ങൾ വിവരിച്ച് കൊണ്ടുള്ള ഫ േസ്ബുക്ക് പോസ്റ്റിലൂടെയാണ് നാസർ ഫൈസി കൂടത്തായി നിർവ്യാജം മാപ്പ് ചോദിച്ചത്.
നാട്ടുകാരായ ബി.ജെ.പി നേതാക്കള ും മറ്റുള്ളവരും പൗരത്വ ഭേതഗതി നിയമവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ വീട്ടിൽ വന്നിരുന്നു. എൻ.ആർ.സിയോടുള്ള തന്‍റ െ പ്രതിഷേധം അവരെ അറിയിച്ചു. മടങ്ങി പോവുമ്പോൾ തനിക്ക് ഒരു ലഘുലേഖ നൽകി. അത് വാങ്ങുന്ന സമയത്ത് ഫോട്ടോ എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ നിരസിക്കേണ്ടതായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്നും നാസർ ഫൈസി കൂടത്തായി പോസ്റ്റിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
നിർവ്യാജം മാപ്പ് ചോദിക്കുന്നു
ഇന്ന് (ജനു: 5) എന്‍റെ വീട്ടിൽ നാട്ടുകാരായ ബി.ജെ.പി നേതാക്കളും മറ്റുള്ളവരും പൗരത്വ ഭേതഗതി നിയമവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ വന്നിരുന്നു. ബില്ലുമായി ബന്ധപ്പെട്ട എന്‍റെ നിലപാട് കൃത്യമായി ഞാൻ പറയുകയും വാഗ്വാദം നടക്കുകയും ചെയ്തു. ബില്ലിനോടും എൻ.ആർസിയോടുമുള്ള എന്‍റെ പ്രതിഷേധം ഞാൻ അറിയിക്കുകയും ചെയ്തു. ശേഷം പോവാൻ എഴുന്നേറ്റപ്പോൾ എന്‍റെ കൈയിൽ ഒരു ലഘുലേഖ വെച്ച് നീട്ടി. അത് വാങ്ങുന്ന സമയത്ത് ഫോട്ടോ എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഞാനത് നിരസിക്കേണ്ടതായിരുന്നു. എന്നാൽ എനിക്കതിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്.
ഞാൻ ഒരു നിലക്കും അതിനെ ന്യായീകരിക്കുന്നില്ല. അത് കൊണ്ട് തന്നെ ഈ വലിയ അപരാധത്തിൽ മതേതര ഇന്ത്യയോടും പ്രത്യേകിച്ച് എന്‍റെ സംഘടനാ സുഹൃത്തുക്കളോടും പ്രവർത്തകരോടും ഞാൻ നിർവ്യാജം മാപ്പ് ചോദിക്കുന്നു.ഇത് മൂലം എന്‍റെ സംഘടനക്കും പ്രസ്ഥാന ബന്ധുക്കൾക്കും വലിയ പ്രയാസമുണ്ടാക്കി എന്ന് ഞാൻ തിരിച്ചറിയുകയും മനസിലാക്കുകയും ചെയ്യുന്നു. പൗരത്വ ഭേതഗതി നിയമത്തിനെതിരെയുള്ള സമരമടക്കം ഫാഷിസ്റ്റ് ദുഷ്ടശക്തികളെ ആട്ടി അകറ്റാനുള്ള ധർമ്മ പോരാട്ടത്തിൽ ആയുസ്സ് മുഴുക്കെ എല്ലാ ഇന്ത്യക്കാരോടുമൊപ്പം ഞാനുമുണ്ടാകും തീർച്ച.
എന്നെ ഞാനാക്കിയ പ്രസ്ഥാനത്തോടും പ്രസ്ഥാന ബന്ധുക്കളോടും മതേതര വിശ്വാസികളോടും മാപ്പ്, ഭൂമിയോളം താഴ്ന്ന് മാപ്പ്...
നാസർ ഫൈസി കൂടത്തായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.