ജില്ലയിൽ ഓച്ചിറ മുതൽ പാരിപ്പള്ളിയിലെ കടമ്പാട്ടുകോണം വരെ 72 കിലോമീറ്റർ ദൂരത്തിലാണ് ദേശീയപാത 66 വികസിപ്പിക്കുന്നത്. ഗതാഗതകുരുക്കും വെള്ളക്കെട്ടും മുതൽ അന്തരീക്ഷ മലിനീകരണം വരെ വൻ ദുരിതമാണ് ദേശീയപാത കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്നത്. മഴയിൽ പ്രളയവും വ്യാപാര മേഖലയുടെ തകർച്ചയും ഇതുമൂലമുണ്ടായി. അപകടം മറഞ്ഞിരിക്കുന്ന റോഡിലൂടെ ജീവൻ പണയം വെച്ചാണ് ജനങ്ങളുടെ സഞ്ചാരം. അശാസ്ത്രീയ നിർമാണം വരുത്തിവെച്ച ദുരിതങ്ങളിലേക്ക് ‘മാധ്യമം’ ലേഖകർ നടത്തിയ അന്വേഷണം ഇന്നുമുതൽ.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ കല്ലുവാതുക്കൽ ഹൈസ്കൂളിനു സമീപം ദേശീയപാതയിൽ അഞ്ചടിയോളമാണ് വെള്ളം ഉയർന്നത്. ഒന്നരയാൾ താഴ്ചയിലുള്ള കുഴിയും റോഡും തിരിച്ചറിയാൻ കഴിയാത്തവിധമാണ് റോഡിൽ വെള്ളക്കെട്ടുണ്ടായത്. വാഹനങ്ങൾ അപകടത്തിൽപെടാതിരിക്കാൻ പരിസരവാസികൾ ഇടവിട്ട് കാവൽ നിർത്താൻ ആളുകളെ മണിക്കൂറുകളോളം നിയോഗിച്ചു. ഇത് കല്ലുവാതുക്കലിലെ മാത്രം പ്രശ്നമല്ല. പുനർനിർമാണം നടക്കുന്ന ദേശീയപാതയുടെ എല്ലാ മേഖലയിലെയും പൊതുപ്രശ്നമായി മാറി. കൊട്ടിയം മേഖലയിൽ ഒരു പ്രദേശത്ത് പോലും നിർമാണം പൂർത്തിയാൻ കരാർ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. മഴക്കാലമായതോടെയാണ് യാത്ര കൂടുതൽ ദുരിതമയമായത്. വെള്ളക്കെട്ട് ഒഴിവാക്കുവാൻ യാതൊരു സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. കൊട്ടിയം മേഖലയിൽ മേൽപാല നിർമാണം നടക്കുന്നത്തിൽ കല്ലുംതാഴത്തും, ഉമയനല്ലൂരിലും മാത്രമാണ് ധൃതഗതിയിൽ നടക്കുന്നത്. പാലത്തറയിൽ ഒരു വശത്തു മാത്രമാണ് നിർമാണം പൂർത്തീകരിച്ചത്. മേവറത്ത് ഒരു വശത്തെ തൂണുകൾ മാത്രമാണ് പൂർത്തിയായത്.
നേരത്തെയുണ്ടായിരുന്ന കലുങ്കും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങളും അടച്ചതാണ് റോഡിൽ വെള്ളക്കെട്ടിന് കാരണമായത്. മണ്ണിട്ട് ഉയർത്തിയ ഭാഗങ്ങളിൽ വരുന്ന വെള്ളം താഴേക്ക് ഒലിച്ചിറങ്ങിയതും സർവീസ് റോഡുകളിൽ വെള്ളക്കെട്ടിനിടയാക്കി. പഴയ റോഡിൽ അമ്പതോളം കലുങ്കുകളുണ്ടായിരുന്നു. സർവീസ് റോഡിനായി നിക്ഷേപിച്ച മണ്ണ് കുത്തിയൊലിച്ച് സമീപപുരയിടങ്ങളിൽ എത്തുന്നതും പതിവ് കാഴ്ചയാണ്. കല്ലുവാതുക്കൽ ശ്രീരാമപുരം, പാരിപ്പള്ളി ഭാഗങ്ങൾ എവിടെ എന്നു പോലുമറിയാത്ത അവസ്ഥയിലാണ്. വേനൽ മഴയാരംഭിച്ചപ്പോൾ തന്നെ ഇങ്ങനെയെങ്കിൽ കാലവർഷം എങ്ങനെയാകുമെന്ന ആശങ്കയിലാണ് ജനം.
സുരക്ഷ ഒരുക്കാതെ നിർമാണം
സുരക്ഷ ഒരുക്കാതെ റോഡ് നിർമിക്കുന്നത് പല സ്ഥലത്തും അപകടങ്ങൾക്കും മരണത്തിനും ഇടയാക്കി. ആഴമേറിയ കുഴിയെടുത്ത റോഡിന്റെ വശങ്ങളിൽ ഒരു റിബൺ മാത്രമാണ് വലിച്ചു കെട്ടുന്നത്. എതിരെ വരുന്ന വാഹനങ്ങൾ വശം കൊടുക്കാൻ കഴിയാതെ കുഴിയിൽ വീണാണ് പല അപകടങ്ങളും ഉണ്ടായത്. സുരക്ഷസംവിധാനം ഒരുക്കി വേണം റോഡ് നിർമാണം നടത്താനെന്ന് ലീഗൽ സർവീസ് അതോറിറ്റി നിർദേശിച്ചിട്ടും കരാർ എടുത്തിട്ടുള്ളവർ തയാറായിട്ടില്ല. അടുത്തിടെ വ്യാപാരികളുടെ പരാതിയെ തുടർന്ന് കൊട്ടിയം ജങ്ഷനിൽ സന്ദർശനം നടത്തിയ കലക്ടർ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി.
റോഡിന്റെ വശങ്ങളിൽ വൈദ്യുതി തൂണുകളും തെരുവു വിളക്കുകളും പുന:സ്ഥാപിക്കാത്തതിനാൽ റോഡ് നിർമിക്കുന്ന സ്ഥലങ്ങൾ രാത്രികാലങ്ങളിൽ കൂരിരുട്ടിലാണ്. പ്രധാനപ്പെട്ട ജങ്ഷനുകളിൽ എം.പി, എം.എൽ.എ ഫണ്ടുകൾ ഉപയോഗിച്ച് സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റുകൾ ഇളക്കി മാറ്റിയിരുന്നു. ദൂരെ നിന്ന് രാത്രിയിൽ വാഹനവുമായി എത്തുന്നവർ അപകടത്തിൽപ്പെടുന്നതിന്റെ പ്രധാന കാരണവും ഇതാണ്.
ഓടകൾ പാതിവഴിയിൽ നിർമാണം നിർത്തിയതിനാൽ വെള്ളം റോഡിലേക്ക് ഇറങ്ങുക പതിവായിട്ടുണ്ട്. നിലവിൽ നിർമിക്കുന്ന ഓടകൾ യാതൊരു ഫലവും ഉണ്ടാകില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പ്രധാന കരാറുകാരിൽ നിന്ന് ഉപകരാർ എടുത്തവരാണ് നിർമിക്കുന്നത് എന്നാണ് പറയുന്നത്.
ദേശീയപാത നവീകരണം നടക്കുന്ന സ്ഥലങ്ങളിൽ മേൽനോട്ടം വഹിക്കാൻ ഉത്തരവാദപ്പെട്ടവർ ആരുമില്ലെന്ന അവസ്ഥയുണ്ട്. ഹൈവേ അതോറിറ്റിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഒരിടത്തും കാണാനില്ല . പകരം അന്തർസംസ്ഥാന തൊഴിലാളികളാണ് നിർമാണ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്.
വകുപ്പുകൾ തമ്മിൽ ഏകോപനമില്ല
വകുപ്പുകളുടെ ഏകോപനമില്ലായ്മയും റോഡ് നിർമാണത്തെ ബാധിച്ചു. വാട്ടർ അതോറിറ്റിയും വൈദ്യുതി ബോർഡുമായും ആലോചിക്കാതെ പ്രവർത്തനങ്ങൾ നടത്തുന്നത് മൂലം നിരവധി സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴായത്. വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന കാര്യത്തിലും വൈദ്യുതി ബോർഡുമായി ആലോചനയുണ്ടാകുന്നില്ല.
പുതിയ പാലങ്ങളുടെ പ്ലാനിലെ അശാസ്ത്രീയതയാണ് ദേശീയപതായിലെ വെള്ളക്കെട്ടിന് കാരണം. അയത്തിൽ, സാരഥി എന്നിവിടങ്ങളിലായി ഉണ്ടായിരുന്ന മൂന്ന് പാലങ്ങൾക്ക് പകരം വരുന്നവയുടെ ഉയരക്കുറവ് ചൂരാങ്ങൽ ആറ്റിലെ വെള്ളമൊഴുക്കിന് തടസ്സം വരുത്തി. (തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.