തിരുവനന്തപുരം: ചേര്‍ത്തല- തിരുവനന്തപുരം, കുറ്റിപ്പുറം- -വളപട്ടണം പാതകളുടെ ദേശീയപാത പദവിയെ ചൊല്ലിയുള്ള വിവാദത്തിൽ കണ്ണടച്ച് പൊതുമരാമത്ത് വകുപ്പ്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിെൻറ പുതിയ വിജ്ഞാപനമനുസരിച്ച് ഈ പാതകള്‍ക്ക് ദേശീയപാത പദവി നഷ്ടമായിട്ടും വിഷയത്തിൽ ഇടപെടേണ്ടെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്. ഇൗപാതകളിലെ മദ്യശാലകൾ തുറക്കാൻ ഹൈേകാടതി അനുമതി നൽകിയതോടെയാണ് ദേശീയപാത പദവിയില്ലെന്ന വിവരം പുറത്തുവന്നത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകലൊന്നും സർക്കാറിെൻറ പരിഗണനയിലുമില്ല.
ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയിൽ മദ്യശാലകൾക്കുള്ള പ്രവർത്തനാനുമതി സുപ്രീംകോടതി നിഷേധിച്ചതോടെയാണ് ചേര്‍ത്തല- -തിരുവനന്തപുരം, കുറ്റിപ്പുറം- -വളപട്ടണം പാതകളിലെ ഏതാനും ബാറുടമകൾ ഹൈകോടതിയെ സമീപിച്ചത്. 2014 ലെ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിെൻറ വിജ്ഞാപന പ്രകാരം ഇൗ പാതകൾക്ക് ദേശീയപാത പദവിയില്ലെന്നും അതിനാൽ സുപ്രീംകോടതി നിർദേശം ബാധകമല്ലെന്നുമാണ് ഹരജിക്കാർ വാദിച്ചത്. സുപ്രീംകോടതി നിർദേശം വരുന്നതിനു മുേമ്പയുള്ള വിജ്ഞാപനമായതിനാൽ ബാറുടമകളുടെ വാദത്തിൽ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച ഹൈകോടതി, ഇവർക്ക് അനുകൂലമായി ഉത്തരവും പുറപ്പെടുവിച്ചു.
ദേശീയപാത 45 മീറ്ററിൽ വികസിപ്പിക്കുന്ന നടപടിയുമായി മുന്നോട്ടുപോകുന്ന വേളയിൽ കേന്ദ്രമന്ത്രാലയത്തിെൻറ വിജ്ഞാപനത്തിൽ വ്യക്തത വരുത്താൻ പോലും സംസ്ഥാനം ശ്രമിക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. ബാറുടമകൾക്കുവേണ്ടി മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയടക്കം രംഗത്തെത്തിയിട്ടുണ്ട്.
ഇത്തരമൊരു വിജ്ഞാപനത്തെക്കുറിച്ച് ഒൗദ്യോഗികമായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽതന്നെ വിഷയം പൊതുമരാമത്ത് വകുപ്പിനെ ഒരു നിലക്കും ബാധിക്കുന്നില്ലെന്നും മന്ത്രി ജി. സുധാകരൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ബാറുടമകളുമായി ബന്ധപ്പെട്ട കേസിൽ പൊതുമരാമത്ത് വകുപ്പിനോട് കോടതി സത്യവാങ്മൂലമൊന്നും ആവശ്യപ്പെട്ടിട്ടില്ല. പൊതുമരാമത്ത് വകുപ്പിെല ഏതോ എൻജിനീയർ ദേശീയപാതയല്ലെന്ന് സർട്ടിഫിക്കറ്റ് നൽകിയതായി കേട്ടറിവുണ്ട്. ഉദ്യോഗസ്ഥന്മാർക്ക് ഇത്തരമൊരു അധികാരം ആരും നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ, വകുപ്പറിയാതെ സർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമോയെന്ന ചോദ്യത്തിന് ആരാണ് ചെയ്തതെന്ന് അറിയില്ലെന്നായിരുന്നു മന്ത്രിയുെട മറുപടി.
ദേശീയപാതയോരത്തെ മദ്യശാലകൾ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധി മറികടക്കാൻ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജില്ലാപാതയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബാറുകൾക്ക് അനുകൂലമായി സംസ്ഥാനത്ത് അത്തരമൊരു നീക്കവും നടത്തിയിട്ടില്ല. ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കുന്ന നടപടിയുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. സംസ്ഥാനത്തെ പലഭാഗത്തും പ്രവൃത്തി ഉടൻ തുടങ്ങുമെന്നും മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.