ന്യൂഡൽഹി: നിബന്ധനകൾ കർശനമാക്കിയതോടെ ആഗസ്റ്റിൽ വിജ്ഞാപനം ചെയ്ത അലോപ്പതി ചികിത്സകർക്കായുള്ള നാഷനൽ മെഡിക്കൽ രജിസ്റ്ററിൽ (എൻ.എം.ആർ) ഇതുവരെ കടന്നുകൂടിയത് 284 ഡോക്ടർമാർ മാത്രം. ആഗസ്റ്റ് മുതൽ ഡിസംബർ 13 വരെ ലഭിച്ച 6,484 അപേക്ഷകളിൽ 6,198 എണ്ണത്തിനും അംഗീകാരം ലഭിച്ചില്ല. രണ്ട് അപേക്ഷകൾ നിരസിക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ സ്വദേശിയും നേത്രരോഗ വിദഗ്ധനുമായ ഡോ.കെ.വി.ബാബുവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് വെളിപ്പെടുത്തലുള്ളത്.
ദേശീയ മെഡിക്കൽ കമീഷന് കീഴിലാണ് നാഷനൽ മെഡിക്കൽ രജിസ്റ്റർ സംവിധാനം പ്രവർത്തിക്കുന്നത്. ദേശീയ മെഡിക്കൽ കൗൺസിൽ നിയമം -2019 പ്രകാരം അലോപ്പതി ഡോക്ടർമാർ എൻ.എം.ആറിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാണെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പേര്, വിലാസം, അംഗീകൃത വിദ്യാഭ്യാസ യോഗ്യതകൾ എന്നിവയുൾപ്പെടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഭാരതി പ്രവീൺ പവാർ പാർലമെൻറിൽ നടത്തിയ പ്രസ്താവന പ്രകാരം, 2022ൽ ഇന്ത്യയിൽ ഏകദേശം 13 ലക്ഷം ഡോക്ടർമാരുണ്ട്. ഡോക്ടർമാരുടെ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിക്കുന്നതോടെ യോഗ്യതകളുടെയടക്കം ആധികാരികത ഉറപ്പാക്കാനാവുമെന്നാണ് പ്രതീക്ഷ.
എന്നാൽ, ബന്ധപ്പെട്ട നിബന്ധനകളിൽ പലതും കേരളമടക്കം സംസ്ഥാനങ്ങളിലെ ഡോക്ടർമാരെ വലക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാനത്ത് നിലവിൽ കേരള ഹെൽത്ത് സയൻസസ് സർവകലാശാലയാണ് മെഡിക്കൽ കോഴ്സുകൾ നടത്തുന്നത്. ഇവിടെ നിന്ന് ബിരുദം നേടുന്ന ഡോക്ടർമാർ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലുകളിൽ രജിസ്റ്റർ ചെയ്യുന്നു. എന്നാൽ, കാലിക്കറ്റ് സർവകലാശാലയുടെയോ കേരള സർവകലാശാലയുടെ കീഴിലുണ്ടായിരുന്ന മെഡിക്കൽ കോളജുകളിൽ നിന്ന് ബിരുദം നേടിയവരും തിരുവിതാംകൂർ-കൊച്ചി മെഡിക്കൽ കൗൺസിലുകളിൽ രജിസ്റ്റർ ചെയ്തവരുമായവർക്ക് രജിസ്ട്രേഷനായി സത്യവാങ്മൂലം സമർപ്പിക്കേണ്ടിവരും. ഇതോടെ മുതിർന്ന ഡോക്ടർമാരടക്കമുള്ളവർ സർട്ടിഫിക്കറ്റുകൾക്കായി നെട്ടോട്ടമാണ്.
പലരുടെയും അപേക്ഷകൾ, സർവകലാശാലയുടെ പേരിലെ മാറ്റം, ആധാറിലെയും സർട്ടിഫിക്കറ്റുകളിലെയും പേരുകളിലെ വ്യത്യാസം തുടങ്ങിയവ ചൂണ്ടിക്കാട്ടി എൻ.എം.സി തിരികെ അയക്കുകയാണെന്ന് ഡോക്ടർമാർ പറയുന്നു. 10 ദിവസത്തിനിടെ നാലുവട്ടമാണ് തിരുത്തലുകൾ ചൂണ്ടിക്കാണിച്ച് തന്റെ അപേക്ഷ തിരിച്ചയച്ചതെന്ന് ഡോ.ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.