ശ്രീകണ്ഠപുരം: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ പെട്രോൾ പമ്പുടമ ടി.വി. പ്രശാന്ത് നൽകിയെന്ന് പറയപ്പെടുന്ന കൈക്കൂലി ആരോപണ പരാതി മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ചിട്ടുണ്ടോ എന്ന വിവരാവകാശ ചോദ്യത്തിന് വിചിത്രമായ മറുപടി. ഇരിക്കൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.എൻ.എ. ഖാദർ നൽകിയ ചോദ്യത്തിനാണ് വ്യക്തമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറിയത്.
‘ഓരോ ദിവസവും മുഖ്യമന്ത്രിക്ക് നിരവധി പരാതികളാണ് പൊതുജനങ്ങളിൽനിന്ന് ലഭിക്കുന്നത്. പരാതി നൽകിയ വ്യക്തിയുടെ പേര്, വിലാസം, മൊബൈൽ നമ്പർ, പരാതി സമർപ്പിച്ച കാലയളവ് എന്നിവ ലഭ്യമായെങ്കിൽ മാത്രമേ ഒരു പരാതി കണ്ടെത്താനാവൂ. കൃത്യമായ കാലയളവ് പറയാത്തതിനാൽ താങ്കൾക്ക് മറുപടി തരാൻ കഴിയില്ല’ എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ഖാദറിനെ അറിയിച്ചത്. തീയതിവെച്ച് വീണ്ടും അപേക്ഷ നൽകുമെന്നും രണ്ടുമാസ കാലാവധി കഴിഞ്ഞും പ്രശാന്തനെതിരെ കേസെടുക്കുന്നില്ലെങ്കിൽ വിജിലൻസ് കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും ഖാദർ പറഞ്ഞു. അതിനിടെ
പ്രശാന്തന്റെ കത്തുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ഇതുവരെ എങ്ങുമെത്തിയിട്ടില്ല. രണ്ടുമാസം സമയമുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് വിജിലൻസ് ഡിവൈ.എസ്.പി അബ്ദുൽ റസാഖ് പരാതിക്കാരനെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.