നെടുമങ്ങാട്: സൗദിയിലെ ഖമീസ് മുശൈത്തിൽ കെട്ടിടത്തിന്റെ മുകളിൽനിന്ന് ലിഫ്റ്റിന്റെ കുഴിയിൽ വീണ് മരിച്ച തിരുവനന്തപുരം കരകുളം ചെക്കക്കോണം ബാബു സദനത്തിൽ ബാബുവിന് (41) ജന്മനാട്ടിൽ അന്ത്യവിശ്രമം. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ ഇടപെടലുകളാണ് പിതാവിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യകർമങ്ങൾ ചെയ്യാനുമുള്ള മകൻ എബിന്റെ ആഗ്രഹം സാധിപ്പിച്ചത്. എം.എ. യൂസുഫലിയുടെ അടിയന്തര ഇടപെടലിനെ തുടര്‍ന്നാണ് വ്യാഴാഴ്ച പുലര്‍ച്ച നാട്ടിലെത്തിക്കാനായത്. മൃതദേഹം എട്ടോടെ ചെക്കക്കോണം സെൻറ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ചൊവ്വാഴ്ച രാത്രി അബഹയിൽനിന്ന് റിയാദിലെത്തിച്ച മൃതദേഹം ബുധനാഴ്ച ഉച്ചക്ക് 2.30ന് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിൽ കൊച്ചിയിലേക്കാണ് കൊണ്ടുവന്നത്.
രാത്രി 10ഓടെ കൊച്ചിയിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിച്ചു. തിരുവനന്തപുരത്തെ ലോക കേരളസഭ ഓപൺ ഹൗസിൽ ബാബുവിന്റെ മകൻ എബിൻ പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നോർക വൈസ് ചെയർമാൻകൂടിയായ എം.എ. യൂസുഫലിയോട് സഹായം തേടുകയായിരുന്നു. എത്രയും വേഗം നാട്ടിലെത്തിക്കാൻ വേണ്ടത് ചെയ്യാമെന്ന് അദ്ദേഹം അതേ വേദിയിൽ വെച്ച് ഉറപ്പുനൽകിയത് മാധ്യമങ്ങളിൽ വലിയ വാർത്തയായി.
ഏഴുവർഷമായി സൗദിയിൽ ടൈൽസ് ജോലി ചെയ്യുകയായിരുന്നു ബാബു. നാല് വർഷം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. ഖമീസ് മുശൈത്തിന് സമീപം അഹദ് റുഫൈദയിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി തയാറാക്കിയ കുഴിയിലേക്ക് കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണാണ് ബാബു മരിച്ചത്. ജൂൺ 10നായിരുന്നു അന്ത്യം. എന്നാൽ, മൂന്ന് വർഷം മുമ്പ് ബാബു ഒളിച്ചോടിയതായി സ്പോൺസർ സൗദി പാസ്പോർട്ട് ഡയറക്ടറേറ്റിൽ പരാതിപ്പെട്ടിരുന്നതിനാൽ മൃതദേഹം നാട്ടിൽ അയക്കുന്നതിന് തടസ്സമായി. ഇതിനെതുടർന്നുള്ള പിഴകള്‍ ലുലു ഗ്രൂപ് അധികൃതരുടെ ഇടപെടലിനെതുടര്‍ന്ന് സൗദി ജവാസത്ത് ഒഴിവാക്കി കൊടുത്തു.
ബാബുവിന്റെ ആദ്യ സ്പോണ്‍സറില്‍നിന്ന് നിരാക്ഷേപ പത്രം ശേഖരിച്ച് അധികൃതര്‍ക്ക് കൈമാറിയതോടെ മൃതദേഹം കേരളത്തിലെത്തിക്കുന്നതിനുള്ള സാങ്കേതിക നടപടിക്രമങ്ങളും പൂര്‍ത്തിയായി. ഇതിനാവശ്യമായ എല്ലാ ചെലവുകളും യൂസുഫലി തന്നെയാണ് വഹിച്ചത്.
ലുലു ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് റീജനൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, മീഡിയ കോഓഡിനേറ്റർ മിഥുൻ സുരേന്ദ്രൻ, പി.ആർ.ഒ സൂരജ് അനന്തകൃഷ്ണൻ എന്നിവർ ബാബുവിന്റെ മൃതദേഹത്തെ അനുഗമിച്ച് നെടുമങ്ങാട്ടെ വീട്ടിലെത്തിയിരുന്നു. ബാബുവിന്റെ ഭാര്യ ഉഷ. മക്കൾ: എബിൻ, വിപിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.