കാസർകോട്: 154 പേർക്ക് പരിക്കേറ്റ നീലേശ്വരം അഞ്ഞൂറ്റമ്പലം വെടിക്കെട്ട് അപകടത്തിനു കാരണമായ വെടിപ്പുര കത്തിയത് ഉറഞ്ഞാടിയ തെയ്യത്തിന് അഞ്ചുമീറ്റർ മാത്രം അകലെ.
തെയ്യത്തിനുചുറ്റും ആയിരങ്ങൾ ആർപ്പുവിളിക്കുമ്പോൾ പടക്കം സൂക്ഷിച്ച ഷെഡിൽ പടക്കത്തിനുമുകളിൽ കാലുവെച്ച് നിൽക്കുകയായിരുന്നു ജനം. അവിടെ പടക്കം സൂക്ഷിച്ചിരുന്നുവെന്ന് അവർക്കും അറിയില്ലായിരുന്നു. അവിടേക്കാണ് പൊട്ടിയ ഗുണ്ടിന്റെ കനൽവീണ് പൊട്ടിത്തെറിയുണ്ടായത്. അകത്തുണ്ടായിരുന്നവർ വെന്തുതെറിക്കുകയായിരുന്നു.
118 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിനുശേഷം വെടിക്കെട്ടിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 17 വെടിക്കെട്ട് അപകടങ്ങൾ നടന്ന കേരളത്തിൽ ഇപ്പോഴും വെടിക്കെട്ട് പഴയപടിതന്നെ. നീലേശ്വരത്ത് ഒരു ചട്ടവും പാലിച്ചില്ല.
കലക്ടർ അല്ലെങ്കിൽ എ.ഡി.എം എന്നിവർക്ക് അപേക്ഷ നൽകണം. അതുണ്ടായില്ല. സമീപ പൊലീസ് സ്റ്റേഷനിൽ അറിയിച്ചില്ല. അവിടെനിന്ന് അനുമതിയും വാങ്ങിയില്ല. അത്യാഹിതമുണ്ടായാൽ തീകെടുത്താൻ വെള്ളം കരുതിവെക്കുക, അഗ്നി രക്ഷാസേനയെയും ആംബുലൻസിനെയും കരുതിവെക്കുക, പടക്കപ്പുരയും പൊട്ടിക്കുന്ന സ്ഥലവും തമ്മിലുണ്ടാകേണ്ട അകലം സൂക്ഷിക്കുക, 200 മീറ്റർ ദൂരെ ജനങ്ങളെ അകറ്റിനിർത്തുക തുടങ്ങിയ നിബന്ധനകൾ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിനുശേഷം പൊലീസ്, റവന്യൂ വിഭാഗങ്ങൾ നൽകിയിരുന്നു. എന്നാൽ, അപേക്ഷ ലഭിച്ചാൽ മാത്രമേ നടപടിയെടുക്കാനാകൂ.
നീലേശ്വരത്ത് ക്ഷേത്രത്തിൽ നിന്ന് പടക്കപ്പുരയിലേക്ക് അരമീറ്റർ പോലും ദൂരമുണ്ടായിരുന്നില്ല. വെടി പൊട്ടിച്ചതും പടക്കപ്പുരയിൽ നിന്ന് ഒരുമീറ്റർ അകലത്തിൽ. അതിനു മുകളിൽ കൂടി ബയോഗ്യാസ് പൈപ്പ് പോകുന്നുണ്ടായിരുന്നു.
തൊട്ടുപിന്നിൽ പാചക വാതകം ഉപയോഗിക്കുന്ന ഹോട്ടലും ഉണ്ടായിരുന്നു. പടക്കപ്പുരയുടെ മേൽക്കൂരക്ക് ഷട്ടർ ഉണ്ടായിരുന്നില്ല. ഇതിലൂടെയാണ് നൂൽഗുണ്ടിന്റെ ഒരു കനൽത്തരി വന്നുവീണതും പൊട്ടിയതും.
30175 രൂപയുടെ പടക്കമാണ് വാങ്ങിയത്. തെയ്യം ഉറയുന്നതിനനുസരിച്ച് പൊട്ടിക്കുകയാണ് പതിവ്. 28ന് രാത്രി തോറ്റത്തിനിടയിൽ അബദ്ധത്തിൽ എല്ലാം ഒന്നിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.