വാശിയോടെ വനംവകുപ്പ്​; വലഞ്ഞ്​ വാളറ യാത്രക്കാർ

കൊച്ചി - ധനുഷ്​കോടി ദേശീയപാതയിലെ നേര്യമംഗലം-വാളറ ഭാഗവും വനമാണെന്ന കേരള വനം വകുപ്പിന്‍റെ അവകാശവാദം സർക്കാറും ഹൈകോടതിയും തള്ളിതോടെ ജനങ്ങളെ വലക്കുന്ന തീരുമാനവുമായി വനംവകുപ്പ്​ ഉദ്യോഗസ്ഥർ വീണ്ടും രംഗത്ത്​. ദേവികുളം താലൂക്കിലെ മന്നാംകണ്ടം വില്ലേജിൽ നേര്യമംഗലം പാലം മുതൽ ഇരുമ്പുപാലം വരെയുള്ള വനമേഖലയിലെ റോഡിൽ വിനോദസഞ്ചാരികളേതുൾപ്പെടെയുള്ള അനാവശ്യയാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് നേര്യമംഗലം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ റിപ്പോർട്ട് നൽകി.

ഇവിടെ ധാരാളം മരങ്ങൾ വീണ് ഗതാഗത തടസ്സങ്ങൾ ഉണ്ടാകുന്നതാണെന്നും അതിനാൽ അപകടസാധ്യത ഉണ്ടെന്നുമാണ്​ കലക്ടർക്ക്​ നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്​. 2024 ജൂലൈ 16 ന്​ ഈ റിപ്പോർട്ട്​ കിട്ടിയ അന്നുതന്നെ ദുരന്തനിവാരണനിയമം 2005 ലെ സെക്ഷൻ 25 (2) (എ), സെക്ഷൻ 26 (2) എന്നിവ പ്രകാരം നേര്യമംഗലം പാലം മുതൽ ഇരുമ്പുപാലം വരെയുള്ള വന മേഖലയിലൂടെയുള്ള വിനോദസഞ്ചാരികളുടെയും മറ്റ് അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ല കലക്ടർ നിരോധിച്ചു. ഉത്തരവ്​ കശനമായി പാലിക്കേണ്ട ഉത്തരവാദിത്തം ജില്ല പൊലീസ് മേധാവി, സബ് ഡിവിഷണൽ മജിസ്ട്രേറ്റ്, ദേവികുളം, റീജനൽ ട്രാൻസ്പോർട്ട് ഓഫീസർ, ഇടുക്കി, ഇൻസിഡന്‍റ് കമാൻഡർ & തഹസിൽദാർ ദേവികുളം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കോതമംഗലം എന്നിവർക്കാണ്​.

ശക്തമായ മഴയും കാറ്റും തുടരുന്നതും മഴ മുന്നറിയിപ്പുകൾ നില നിൽക്കുന്നുണ്ടെന്ന് പറയുന്ന കലക്ടർ പൊതുഗതാഗതത്തെ നിരോധനത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. എന്നാൽ, ബസുകൾ അടക്കമുള്ളവ പൊതുഗതാഗത സംവിധാനങ്ങൾക്ക്​ അപകടമേഖല കടന്നുപോകാൻ ഏതെങ്കിലും തരത്തിലുള്ള സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടോയെന്ന്​ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ജില്ലയിൽ തന്നെയോ കേരളത്തിൽ മറ്റെവിടെയെങ്കിലുമോ വനത്തിലൂടെ കടന്നുപോകുന്ന പാതകളിൽ ഇത്തരം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടോയെന്ന കാര്യത്തിൽ വനം​ഉദ്യോഗസ്ഥർക്കും​ വ്യക്തതയില്ല.

കാലവർഷത്തിനു മുമ്പ്​ അപകടാവസ്ഥയിലായ മരങ്ങൾ അവ നിൽക്കുന്ന ഭൂമിയുടെ ഉടമസ്ഥർ തന്നെ വെട്ടി നീക്കി അപകടാവസ്ഥ ഒഴിവാക്കണമെന്നും ഇല്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം കേസ്​ എടുക്കുമെന്നും മുന്നറിയിപ്പ്​ നൽകിയിരിക്കുന്ന റവന്യു വകുപ്പാകട്ടെ നേര്യമംഗലം പാലം മുതൽ ഇരുമ്പുപാലം വരെയുള്ള മേഖലയിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ നീക്കം ചെയ്യാൻ അവയുടെ ഉടമസ്ഥരായ വനംവകുപ്പിനോട്​ ആവശ്യപ്പെട്ടിട്ടുമില്ല. പകരം, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം തടയുകയാണ്​ ചെയ്തിരിക്കുന്നത്​. കൊച്ചി- ധനുഷ്​കോടി ദേശീയപാതയിലെ ഇൗ ഭാഗത്തെ റോഡും വനമാണെന്ന വനംവകുപ്പിന്‍റെ അവകാശവാദത്തിനു ശക്തിപകരുന്നതാണ്​ കലക്ടറുടെ ഉത്തരവ്​.

Tags:    
News Summary - neriamangalam valara travelers issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.