ഡ്രൈവിങ് ടെസ്റ്റ് ഇനി കടുക്കും; മേയ് ഒന്നു മുതൽ നിരവധി മാറ്റങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിന് കടുത്ത നിയന്ത്രണളും പരിഷ്കാരങ്ങളും ഏർപ്പെടുത്തി ഉത്തരവ്. ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ഡ്രൈവിങ് പരീക്ഷക്ക്​ ഓട്ടോമാറ്റിക് ഗിയർ/ഓട്ടോമാറ്റിക് ട്രാൻസ്​മിഷൻ ഉള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ പാടില്ല. ഓട്ടോമാറ്റിക് ഗിയർ/ഓട്ടോമാറ്റിക് ട്രാൻസ്​മിഷൻ ഉള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ ലൈസൻസ് എടുത്തവർക്ക് ഗിയർ വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയില്ല.

‘മോട്ടോർ സൈക്കിൾ വിത്ത് ഗിയർ’ എന്ന വിഭാഗത്തിന് ഇനി ഡ്രൈവിങ്​ ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാൽപാദംകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്​ഷൻ സംവിധാനമുള്ളതും 95 സി.സിക്കു മുകളിൽ എൻജിൻ കപ്പാസിറ്റിയുള്ളതുമായ മോട്ടോർ സൈക്കിൾ ആയിരിക്കണം. ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ഗ്രൗണ്ട് ടെസ്റ്റിൽ ഇനി പാർക്കിങ് പരീക്ഷയും ഉണ്ടാകും. നിർദേശങ്ങൾ മേയ് ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

മറ്റു നിർദേശങ്ങൾ

  • ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ്-സാഗ് ഡ്രൈവിങ്, ഗ്രേഡിയന്‍റ് ടെസ്റ്റ് എന്നിവ പാസായാൽ മാത്രമേ ലൈസസൻസ് ലഭിക്കൂ.
  • നിലവിൽ ഡ്രൈവിങ് സ്കൂൾ ലൈസൻസിൽ ചേർത്തിട്ടുള്ള 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ 2024 മേയ് ഒന്നിനു മുമ്പായി നീക്കം ചെയ്യണം.
  • ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രർമാരായി കേന്ദ്ര-സംസ്ഥാന സർക്കാറുകളും, സംസ്ഥാന സർക്കാറിന്‍റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ബോർഡുകളും അംഗീകാരിച്ച സ്ഥാപനങ്ങൾ നടത്തുന്ന മോട്ടോർ മെക്കാനിക് അല്ലെങ്കിൽ മെക്കാനിക്കിൽ എൻജിനീയറിങ് (റെഗുലർ കോഴ്സ്) പാസായവരെ പരിഗണിക്കണം.
  • പ്രതിദിനം ഒരു എം.വി.ഐയും ഒരു എ.എം.വി.ഐയും ചേർന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയിരിക്കും. ഇതിൽ 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തേ പരാജയപ്പെട്ട അപേക്ഷകരുമായിരിക്കണം. പരാജയപ്പെട്ട അപേക്ഷകരുടെ എണ്ണം 10ൽ കുറവായാൽ കുറവ് വരുന്ന എണ്ണം നേരത്തേ അപേക്ഷിച്ച് ടെസ്റ്റിന് ഹാജരാകാൻ കഴിയാതിരുന്നവർക്ക് മുൻഗണന പ്രകാരം നൽകാം. 30 എണ്ണത്തിലധികം ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും.
  • മോട്ടോർ സൈക്കിൾ റോഡ് ടെസ്റ്റ് വാഹന ഗതാഗതമുള്ള റോഡിൽതന്നെ നടത്തണം. ഗ്രൗണ്ടിൽ റോഡ് ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.
  • ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിൽ ഡ്രൈവിങ് പരീക്ഷ കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റിങ് ട്രാക്കിൽ നടക്കുന്ന സ്ഥലങ്ങളിൽ ആംഗുലാർ പാർക്കിങ്​, പാരലൽ പാർക്കിങ്​, സിഗ്-സാഗ് ഡ്രൈവിങ്​, ഗ്രേഡിയന്‍റ് ടെസ്റ്റ് എന്നിവ പ്രത്യേകം ട്രാക്കിൽ പരിശോധിക്കണം.
  • ഡ്രൈവിങ്​ ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടോർ ഡ്രൈവിങ് സ്കൂളിന്‍റെ എൽ.എം.വി വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങളിൽ ടെസ്റ്റ് റെക്കോഡ് ചെയ്യുന്നതിനായുള്ള ഡാഷ്ബോർഡ് കാമറയും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസും ഡ്രൈവിങ് സ്കൂൾ ഉടമ വാങ്ങി ഘടിപ്പിക്കണം. ടെസ്റ്റ് റെക്കോഡ് ചെയ്ത്​ മെമ്മറി കാർഡ് എം.വി.ഐ കൈവശം കൊണ്ടുപോകേണ്ടതും അതിലെ ഡേറ്റ ഓഫിസിലെ കമ്പ്യൂട്ടറിലേക്ക് മാറ്റിയ ശേഷം മെമ്മറി കാർഡ് തിരികെ നൽകേണ്ടതുമാണ്. ഡേറ്റ മൂന്ന് മാസകാലയളവിലേക്ക് ഓഫിസിൽ സൂക്ഷിക്കണം.
Tags:    
News Summary - New changes in driving test in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.