പാലക്കാട്: ജല ബില്ലുകൾ ഉടൻ അടക്കാൻ സംവിധാനമൊരുങ്ങുന്നു. മീറ്റർ റീഡർമാർ ബില്ലെടുത്ത ഉടൻ ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് പണമടക്കാവുന്ന ‘പാം ഹെൽഡ് മെഷീനു’കൾ ജല അതോറിറ്റി ഡിവിഷൻ ഓഫിസുകളിൽ എത്തിച്ചുകഴിഞ്ഞു. മാർച്ച് മാസത്തോടെ മെഷീനുകൾ മീറ്റർ റീഡർമാർക്ക് പരിചയപ്പെടുത്തി റീഡിങ് എടുക്കാൻ തുടങ്ങുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. ഇതോടെ റീഡിങ് എടുക്കുന്ന തീയതിതന്നെ കൃത്യമായ വാടക കണക്കാക്കി ഉപഭോക്താവിന് അടക്കാനാകും. നിലവിൽ റീഡിങ് എടുത്ത് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് ബിൽ ജനറേറ്റ് ചെയ്ത് പണമടക്കാൻ സൗകര്യമൊരുങ്ങുന്നത്.
രണ്ടു വർഷം മുമ്പ് ജല അതോറിറ്റി തിരഞ്ഞെടുത്ത രണ്ടു ഡിവിഷനുകളിൽ ‘കെ. മീറ്റർ’ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ കൊണ്ടുവന്നിരുന്നു. എസ്.എം.എസ് വഴി ബിൽതുകയും പണമടക്കാനുള്ള ലിങ്കും ഉപഭോക്താവിന് നൽകുന്ന സംവിധാനമായിരുന്നു ഇത്. എന്നാൽ, കെ. മീറ്ററിനെ പൂർണമായി ഒഴിവാക്കിയാണ് കൊണ്ടുനടക്കാവുന്ന പാം ഹെൽഡ് മെഷീൻ നൽകാൻ തീരുമാനമായത്.
ഹൈദരാബാദ് കേന്ദ്രീകരിച്ച കമ്പനിയാണ് 1000 പാം ഹെൽഡ് മെഷീനുകൾ നൽകാനുള്ള ടെൻഡർ ഏറ്റെടുത്തത്. ആദ്യഘട്ടത്തിൽ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് പദ്ധതി നടപ്പാക്കുക. തുടർന്ന് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. ആ ഘട്ടത്തിൽ 1000 മെഷീനുകൾകൂടി വാങ്ങുമെന്നും അധികൃതർ അറിയിച്ചു.
നിലവിൽ ജല അതോറിറ്റി റീഡർമാർ നൽകുന്ന ബില്ലുകൾ തെളിയുന്നില്ല, റീഡർമാർ ബിൽ തുക തെറ്റായി രേഖപ്പെടുത്തി തുടങ്ങിയ പരാതികൾ ഉയരുന്നുണ്ട്. പാം ഹെൽഡ് മെഷീൻ ബില്ലുകൾ നടപ്പാകുന്നതോടെ ഈ പരാതി ഉണ്ടാവില്ല.
പുതിയ സംവിധാനത്തിൽ മീറ്റർ റീഡർമാർക്ക് ലൊക്കേഷൻ കാപ്ചർ ചെയ്യാനും ഉടൻ ആപ് ഉപയോഗിച്ച് ബിൽ ജനറേറ്റ് ചെയ്യാനുമാകും. ക്രെഡിറ്റ് കാർഡുകൾ സ്വൈപ് ചെയ്ത് പണമടക്കാൻ മെഷീനിൽ സൗകര്യമുണ്ടെങ്കിലും തൽക്കാലം ആ സംവിധാനം സജ്ജമാക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.